അൽജൗഫ് കെ.എം.സി.സി ഇരുനൂറോളം പേരെ നാട്ടിലെത്തിച്ചു

അൽജൗഫ് കെ.എം.സി.സി നേതാക്കൾ യാത്രികരെ യാത്രയയക്കാനെത്തിയപ്പോൾ.

അൽജൗഫ് - കോവിഡ് മഹാമാരിയെ തുടർന്ന് നാട്ടിലേക്ക് തിരിക്കാനായി കാത്തിരുന്ന ഇരുനൂറോളം പേർ അൽജൗഫ് കെ.എം.സി.സിയുടെ ശ്രമഫലമായി നാടണഞ്ഞു.
രോഗികളും ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവവരുമായ നിരവധി പേരാണ് നാട്ടിൽ പോകാനായി കെ.എം.സി.സി ഒരുക്കിയ ലിങ്കിൽ രജിസ്റ്റർ ചെയ്തത്. പ്രധാന പട്ടണങ്ങളിൽ നിന്നും അകന്ന് കഴിയുന്ന വടക്കൻ പ്രവിശ്യയിൽ നിന്നും നേരിട്ട് വിമാനം ചാർട്ടർ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. സൗദിയിലെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് രാജ്യാന്തര വിമാനങ്ങൾക്ക് അനുമതി നൽകിയത്. കർഫ്യൂ കാലത്ത് ആയിരത്തിലധികം കിലോമീറ്ററുകൾ ദൂരത്തുള്ള ഈ വിമാനത്താവളങ്ങൾ വഴിയുള്ള യാത്ര സാധ്യമായിരുന്നില്ല. കർഫ്യൂവിൽ ഇളവ് വന്നതോടെ ജിദ്ദ, റിയാദ്, ദമാം, മദീന തുടങ്ങിയ വിമാനത്താവളങ്ങളിലൂടെ ചെറിയ സംഘങ്ങളായാണ് ആളുകളെ യാത്രയാക്കിയത്. രോഗികളും ഗർഭിണികളും കുട്ടികളുമടക്കം ഒരു സംഘം ദമാമിൽ നിന്നും സൗദി എയർലൈൻസിന്റെ വിമാനത്തിൽ ഇന്നലെ കോഴിക്കോട്ടേക്ക് പോയതോടെ ഇരുനൂറോളം പേർ അൽജൗഫ് കെ.എം.സി.സിയുടെ ശ്രമഫലമായി നാടണഞ്ഞു.

ഇതുവരെ പോയവരിൽ ഇരുപത്തിയാറ് ഗർഭിണികളും മുപ്പത്തിയെട്ട് കുട്ടികളും പതിമൂന്നോളം പ്രായമായവരും ഹൃദ്രോഗികളും പെട്ടെന്ന് നാട്ടിലെത്തി ചികിൽസ തേടേണ്ട അസുഖമുള്ളവരുമാണ് കൂടുതലും യാത്രയായത്. അവശേഷിക്കുന്ന കുറച്ചു പേരെ കൂടി ഉടൻ നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചു. കെ.എം.സി.സി സുരക്ഷാ കിറ്റുകളും യാത്രക്കാർക്ക് വിതരണം ചെയ്തിരുന്നു. നാഷണൽ കമ്മിറ്റി സെക്രട്ടറി സമദ് പട്ടണിൽ, സെൻട്രൽ കമ്മിറ്റി നേതാക്കളായ മുബാറക് വെളിമുക്ക്, നൗഷാദ് ടി.പി, സൈതാലി വി.കെ പടി, ശാക്കിർ കോഴിക്കോട്, ഷറഫുദ്ദീൻ മൗലവി, നജീബ് പട്ടർകടവ്, നാസർ അപ്പട, മെഹബൂബ് തലപ്പാറ, ഷമീർ കണ്ണൂർ, ഫാറൂഖ് താനൂർ, മജീദ് മാനത്ത്മംഗലം എന്നിവരുടെ നേതൃത്വത്തിലാണ് യാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്.

 

 

Latest News