ജിദ്ദ- ജിദ്ദയിൽ നിന്ന് ജൂലൈ മൂന്നിന് കരിപ്പൂരിൽ എസ്.വി. 3744 സൗദി എയർലൈൻസ് വിമാനത്തിൽ വന്നിറങ്ങിയ പ്രവാസി മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗ ചികിത്സയിലായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കരിപ്പൂരിൽ വിമാനമിറങ്ങിയ മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശി കരിപ്പൂരിൽ നിന്ന് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ടുമായി പുറത്തിറങ്ങിയപ്പോൾ അബദ്ധത്തിൽ പോലീസ് അദ്ദേഹത്തോട് വണ്ടിയിൽ കയറാൻ പറഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി ബസിൽ കയറിയതാണ് ഇത്തരത്തിൽ പുലിവാലായത്.
എയർപോർട്ടിൽ നിന്ന് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തിയവർ നെഗറ്റീവ് ആണെങ്കിൽ വീട്ടിൽ ക്വാറന്റൈനിലേക്കാണ് സാധാരണ വിടാറുള്ളത്. വിമാനത്താവളത്തിൽ നിന്ന് സർക്കാർ ബസിലായിരിക്കും നമ്മെ നാട്ടിലെത്തിക്കുന്നത് എന്ന് കരുതി പുറത്തിറങ്ങിയ ഉടൻ പോലീസ് ബസിൽ കയറാൻ പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ഓടിക്കയറിയെങ്കിലും ഈ പോകുന്നത് കുമ്മിണിപ്പറമ്പിലെ എയർപോർട്ട് ഗാർഡനിലേക്ക് സ്വാബ് ടെസ്റ്റിനാണെന്ന് പ്രവാസി നിനച്ചില്ല. ഉച്ചയ്ക്ക് ഒരു മണിക്ക് ഇറങ്ങിയ വിമാനത്തിലാണ് എത്തിയതെങ്കിലും ടെസ്റ്റ് കഴിഞ്ഞത് രാത്രി ഏഴു മണിക്ക്.
പിന്നീട് കൊണ്ടു പാർപ്പിച്ചതാവട്ടെ കീഴാറ്റൂർ പഞ്ചായത്തിലെ ആക്കപ്പറമ്പിലെ അൽഷിഫ ഫാർമസി കോളേജിലും. രാത്രി പത്തു മണിയോടെ അവിടെ എത്തിയെങ്കിലും കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കൊണ്ടുവന്ന ബാഗേജുമായി കൂടണഞ്ഞപ്പോൾ സമയം 12 മണി കഴിഞ്ഞിരുന്നു. ഇതിനിടക്ക് സ്വാബ് ടെസ്റ്റ് എടുത്തിടത്ത് നാല് പേർക്കും ഫാർമസി കോളേജിൽ രണ്ടിടത്തും എയർപോർട്ടിൽ നിന്ന് ലഭ്യമായ നെഗറ്റീവ് റാപ്പിഡ് ടെസ്റ്റ് നോക്കി എന്നല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല.
ഇതേ വിമാനത്തിലുള്ള 19 പേരിൽ ഒന്ന് രണ്ടു ദിവസം കഴിഞ്ഞ് പലരുടെയും സ്വാബ് ഫലം വന്നിട്ടും വണ്ടൂർക്കാരന്റെ ഫലം മാത്രം വരാതിരുന്നപ്പോൾ ജൂലൈ ഏഴിന് എയർപോർട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എം.എൽ.എ ടി.വി.ഇബ്രാഹിം മുഖേന കാര്യമന്വേഷിച്ചു. എം.എൽ.എ ഇക്കാര്യം അറിയിച്ചപ്പോൾ കോവിഡ് സെൽ ഡോക്ടർ ഷിബുലാൽ പറഞ്ഞത് അദ്ദേഹത്തിന് ഒരു അഫിഡവിറ്റ് നൽകി വീട്ടിൽ പോകാമെന്നാണ്. തുടന്നുള്ള ക്വാറന്റൈൻ ദിനങ്ങൾ വീട്ടിൽ പൂർത്തീകരിക്കണമെന്ന് നിർദേശിച്ചു. പക്ഷേ, കോവിഡ് സെൽ ചാർജ് ഓഫീസർ ഡോക്ടർ പ്രീതി ഇദ്ദേഹത്തെ വീട്ടിലയക്കാതെ ജൂലൈ 9 വരെ കീഴാറ്റൂർ പഞ്ചായത്തിലെ ആക്കപ്പറമ്പിലെ അൽഷിഫ ഫാർമസി കോളേജിൽ ഇരുത്തി. പിന്നീട്, വ്യാഴാഴ്ച രാത്രി 12 മണിക്ക് ഫലം വന്നുവെന്ന് പറയുന്നത് വരെ കാത്തിരിക്കേണ്ടി വന്നു കോഴിക്കോട് എയർപോർട്ടിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നെഗറ്റീവായ ഈ വ്യക്തിക്ക്.
കീഴാറ്റൂരിലെ മെഡിക്കൽ ഓഫീസർ പറഞ്ഞത്, സ്വാബ് ടെസ്റ്റിന് പോയാൽ പിന്നെ അതിന്റെ ഫലം വന്നേ താങ്കളെ വീട്ടിൽ വിടാനൊക്കൂ എന്നാണ്.
അവസാനം 09/07/2020 ന് ഫലം വന്നു പോസിറ്റീവ്. ഞെട്ടി, കോവിഡ് ഉണ്ടെന്നർഥം. എന്നാൽ പിന്നെ, ചികിത്സ ലഭ്യമായി കോവിഡ് മുക്തി നേടിയിട്ട് പോകാമെന്ന് വെച്ചു. ഏതായാലും ഇപ്പോൾ ഒരു സംശയമാണ് ബാക്കിയുള്ളത്. വിമാനത്തിൽ വന്ന വ്യക്തി 03/07/2020 ന് റാപ്പിഡ് ടെസ്റ്റ് നടത്തിയപ്പോൾ കൊറോണയില്ല, വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കുമ്മിണിപ്പറമ്പിലെ 'എയർപോർട്ട് ഗാർഡനിലേക്ക്' (ടെസ്റ്റ് നടത്തുന്ന സ്ഥലം) ബസിൽ യാത്ര ചെയ്തതോടെ കോവിഡ് ബാധിച്ചുവോ....?
അതല്ല, മൂന്ന് മുതൽ ഒമ്പത് വരെ തീയതികളിലെ കീഴാറ്റൂർ വാസത്തിൽ നിന്ന് കോവിഡ് ബാധിച്ചുവോ എന്നാണ്. ഏതായാലും റാപ്പിഡ് ടെസ്റ്റും ചികിത്സയും ഒക്കെ ഇത്തരുണത്തിലാണെങ്കിൽ ആർക്കാണ് പിഴച്ചത്, പ്രവാസിക്കോ അതല്ല കൊറോണക്കോ ആരോഗ്യ പ്രവർത്തകർക്കോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് കാത്തിരിക്കുകയാണ് ഈ പ്രവാസി.






