Sorry, you need to enable JavaScript to visit this website.

ഏഷ്യാ കപ്പ്: പാക്കിസ്ഥാന് തിരിച്ചടി

ദുബായ് - ഏഷ്യാ കപ്പ് ഈ വര്‍ഷം നടക്കില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സ്ഥിരീകരിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് എ.സി.സിയുടെ സ്ഥിരീകരണം. അടുത്ത ജൂണില്‍ ടൂര്‍ണമെന്റ് നടത്താനാവുമോയെന്നാണ് എ.സി.സി പരിശോധിക്കുന്നത്. ഇത്തവണ ഏഷ്യാ കപ്പ് ട്വന്റി20 ടൂര്‍ണമെന്റായി സെപ്റ്റംബറില്‍ ശ്രീലങ്കയിലാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. പാക്കിസ്ഥാന് അനുവദിച്ച ടൂര്‍ണമെന്റ് കൊറോണയുടെ പശ്ചാത്തലത്തില്‍ അവര്‍ ശ്രീലങ്കയുമായി വെച്ചുമാറുകയായിരുന്നു. ശ്രീലങ്കയില്‍ കാര്യമായി കൊറോണ പടര്‍ന്നിരുന്നില്ല. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും യോഗ്യതാ റൗണ്ടിലൂടെ വരുന്ന ഒരു ടീമുമാണ് പങ്കെടുക്കേണ്ടിയിരുന്നത്. ടൂര്‍ണമെന്റ് ശ്രീലങ്കയിലോ യു.എ.ഇയിലോ ആയി നടക്കുമെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് ഉറപ്പ് പറഞ്ഞിരുന്നു.
യാത്രാ നിയന്ത്രണങ്ങളും ഓരോ രാജ്യത്തെയും വ്യത്യസ്തമായ ക്വാറന്റൈന്‍ നിബന്ധനകളും അതിനപ്പുറം ആരോഗ്യസുരക്ഷക്കുള്ള ഭീഷണിയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ടൂര്‍ണമെന്റ് നീട്ടാന്‍ കാരണമെന്ന് എ.സി.സി അറിയിച്ചു.
ട്വന്റി20 ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുമെന്നതിനാലാണ് ഏഷ്യാ കപ്പ് ഇത്തവണ ട്വന്റി20 ആയി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഒക്ടോബര്‍-നവംബറിലായി നടക്കേണ്ട ലോകകപ്പും അനിശ്ചിതത്വത്തിലാണ്.  
2018 ലാണ് അവസാനം ഏഷ്യാ കപ്പ് നടത്തിയത്. യു.എ.ഇയില്‍ ബി.സി.സി.ഐ നടത്തിയ ടൂര്‍ണമെന്റില്‍ ഇന്ത്യ ചാമ്പ്യന്മാരായി.
 

Latest News