Sorry, you need to enable JavaScript to visit this website.

ക്യാമറയുടെ പാലാഴി

'മമ്മാലി എന്ന ഇന്ത്യക്കാരൻ ഒരു ലോ ബജറ്റ് സിനിമയായിരുന്നിട്ടും അതിന്റേതായ യാതൊരുവിധ സാമ്പത്തിക പരാധീനതകളൊന്നും ബാധിക്കാത്ത തരത്തിൽ മികച്ച രീതിയിൽ ഛായാഗ്രഹണം നിർവഹിച്ചു തന്നത് അഷ്‌റഫിന്റെ കഴിവ് തന്നെയായിരുന്നു. ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകനാവുന്നതിന്റെ യാതൊരുവിധ ബാലാരിഷ്ടതകളും പ്രകടിപ്പിക്കാതെ വളരെ എക്‌സ്പീരിയൻസ്ഡായ രീതിയിലാണ് ക്യാമറ കൈകാര്യം ചെയ്തത്. പല വേദികളിലും ഛായാഗ്രഹകൻ പ്രത്യേകം പേരെടുത്തു പരാമർശിക്കപ്പെടുകയുണ്ടായി'
ദാദാ സാഹേബ് ഫാൽക്കെ, സ്‌പോർട് ഫിലിം ഫെസ്റ്റിവൽ, നെതർലാൻഡ് മോഡി മോഷൻ തുടങ്ങി നിരവധി രാജ്യാന്തര ചലച്ചിത്രോത്സവ വേദികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'മമ്മാലി എന്ന ഇന്ത്യക്കാരൻ'  എന്ന സിനിമയുടെ സംവിധായകൻ അരുൺ എൻ. ശിവൻ, ആ സിനിമയുടെ ഛായാഗ്രഹകനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഏറെ വാചാലനാവുകയായിരുന്നു.പറഞ്ഞു വരുന്നത് അഷ്‌റഫ് പാലാഴി എന്ന ക്യാമറമാനെ കുറിച്ചാണ്.
പതിനെട്ടാം വയസ്സിൽ ഉമ്മയുടെ കഴുത്തിൽ അവശേഷിക്കുന്ന തൂക്കം കുറഞ്ഞ സ്വർണമാല കടം മേടിച്ചു വിറ്റു കിട്ടിയ  രണ്ടായിരം ഉറുപ്പിക കൊണ്ട് എസ്.എൽ.ആർ ക്യാമറ വാങ്ങി, ഫോട്ടോ പിടിക്കാൻ ഇറങ്ങിയ കൗമാരക്കാരൻ കാലമൊത്തിരി കഴിഞ്ഞപ്പോൾ മൂവിക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ ലോകത്തെ നോക്കിക്കാണാൻ മാത്രം വളർന്നത് തീർത്തും യാദൃഛികമല്ല. ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ കൂടി കഥയാണത്. കൈ പിടിച്ചാനയിക്കാൻ ഒരാളുമില്ലാത്ത വഴികളിലൂടെ സ്വയം നടന്നു ചെന്ന് ലക്ഷ്യം കൈവരിച്ച ഒരു പാലാഴിക്കാരന്റെ കഥ.അവകാശപ്പെടാൻ യാതൊരുവിധ കലാപാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് അഷ്‌റഫ് തന്റെ കലയുടെ വഴി താനെ വെട്ടി തെളിച്ചത്. സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത് പോയിട്ട് സിനിമ കാണാൻ പോകുന്നത് തന്നെ മഹാ അപരാധമായി കാണുന്ന കുടുംബചുറ്റുപാടുകൾ തന്നെയാണ് ആദ്യക്കാലങ്ങളിൽ അഷ്‌റഫിന്നും വല്ല്യ വെല്ലുവിളിയായത്.
സ്‌കൂൾ നാടകങ്ങളിലും ക്ലബ്ബുകളിലെ നാടകങ്ങളിലും അഭിനയിച്ചു കയ്യടി നേടിയ അനുഭവ സമ്പത്ത് മാത്രം കൈമുതലാക്കിയാണ് അഷ്‌റഫ് സിനിമ സ്വപ്‌നം കണ്ടു തുടങ്ങിയത്. ദിനപത്രങ്ങളുടെ ക്ലാസിഫൈഡ് കോളത്തിൽ കാണുന്ന 'നടൻമാരെ ആവശ്യമുണ്ട്' എന്ന സിനിമാ പരസ്യങ്ങളുടെ മേൽവിലാസത്തിലേക്ക് കത്തയച്ചു കാത്തിരുന്ന അഷ്‌റഫിന്റെ ജീവിതമാകെയും വഴിതിരിച്ചു വിട്ടതും അത്തരമൊരു പരസ്യ വാചകത്തിന്റെ പിറകെയുള്ള യാത്ര തന്നെയാണ്. തന്റെ വീട്ടുവിലാസത്തിൽ വന്ന മറുപടിക്കത്തിൽ പറഞ്ഞ തീയതിക്ക് നടനാവാനുള്ള പരീക്ഷയിൽ പങ്കെടുക്കാൻ പോയിടത്ത് വെച്ചാണ് ജഡ്ജിംഗ് പാനലിലുണ്ടായിരുന്ന ഛായാഗ്രഹകൻ ജയപ്രകാശ് എന്ന ജെ.പിയെ പരിചയപ്പെടുന്നതും ബ്രെയിൻ സ്റ്റുഡിയോയിൽ അദ്ദേഹത്തിന്റെ സഹായിയായി ജോലിയിൽ പ്രവേശിക്കാനുള്ള ക്ഷണം കിട്ടുന്നതും. 
സിനിമയിലേക്കുള്ള ഏതൊരു വഴിയും തന്റെ മഹാഭാഗ്യമാണെന്ന് വിശ്വസിച്ച അഷ്‌റഫ് ക്രമേണ ജെ പിയുടെയും ബ്രെയിൻ സ്റ്റുഡിയോയുടെയും സഹചാരിയും സൂക്ഷിപ്പുക്കാരനുമായി മാറി. ജെ പിയിൽ നിന്ന് സെല്ലുലോയിഡ് ക്യാമറയുടെ സാങ്കേതികതയിലേക്കും രസതന്ത്രത്തിലേക്കും അഷ്‌റഫ് ഹരിശ്രീ കുറിച്ചു.
ബ്രെയിൻ സ്റ്റുഡിയോക്ക് വേണ്ടി കല്യാണ ചടങ്ങുകളിൽ ഫോട്ടോഗ്രഫറായും വീഡിയോ ക്യാമറാമാനായും ജോലി ചെയ്ത അഷ്‌റഫ് ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ വിനോദ് കൃഷ്ണയുടെ 'മയ്യൻക്കാല'ത്തിലൂടെ ഡോക്യുമെന്ററി ഷോർട് ഫിലിമുകൾക്ക് ക്യാമറ ചലിപ്പിച്ചു തുടങ്ങി. മയ്യൻക്കാലം എന്ന  ആദ്യ സംരംഭം മികച്ച ഛായാഗ്രഹകൻ എന്ന പേര് മാത്രമല്ല, ഷോർട്ട് ഫിലിം രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളുടെ പുരസ്‌കാരങ്ങളും ഒപ്പം എണ്ണമറ്റ അവസരങ്ങളും അഷറഫിന് സമ്മാനിച്ചു. 'വാക്കുകളും വഴികളും' കേരള വീഡിയോഗ്രഫേർസ് അസോസിയേഷന്റെ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് നേടിക്കൊടുത്തു. കോഴിക്കോട് പ്രസ് ക്ലബിന്ന് വേണ്ടി പതിനൊന്നു വർഷത്തോളം തുടർച്ചയായി ഛായാഗ്രഹണ ജോലികൾ ചെയ്തു.
ഇങ്ങനെ വല്ലപ്പോഴും മാത്രം വീണുകിട്ടുന്ന അവസരങ്ങൾ കൊണ്ട് വീട്ടുകാരെ തൃപ്തിപ്പെടുത്താനാവില്ലെന്ന തിരിച്ചറിവിൽ ഇത്തരം ഇടവേളകളിൽ നാട്ടിൻപുറത്ത് മറ്റു ജോലികൾക്ക് പോയിത്തുടങ്ങി. അതിൽ നിന്ന് കിട്ടുന്ന വരുമാനമാണ് തന്റെ ക്യാമറാ ജോലിക്കുള്ള പ്രതിഫലമായി അഷ്‌റഫ് വീട്ടിൽ അവതരിപ്പിച്ചതും വീട്ടുകാർക്ക് നൽകിയതും. അല്ലെങ്കിൽ തന്റെ പ്രിയപ്പെട്ട ഛായാഗ്രഹണ കലയുടെ പേരിലുള്ള യാത്രകൾക്കും അധ്വാനത്തിന്നും വീട്ടുകാർ എന്നെന്നേക്കുമായി വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് ഭയപ്പെട്ടിരുന്നു. ബ്രെയിൻ സ്റ്റുഡിയോയിൽ ഒപ്പമുണ്ടായിരുന്ന രാജേഷ് കെ. നാരായണൻ സ്വതന്ത്ര ചലച്ചിത്ര ഛായാഗ്രഹകനായപ്പോൾ സഹായിയായി കൂടെ കൂട്ടിയത് മാറ്റത്തിന്റെ വഴികളിൽ നാഴികക്കല്ലായി മാറുകയായിരുന്നു. ആ തുടക്കം സണ്ണി ജോസഫിലേക്കും ഉൽപൽ വി. നായനാറിലേക്കും ചെന്നെത്തിച്ചു.
വർത്തമാനകാല രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതികളോട് കരുത്തോടെ സംവദിച്ച, അരുൺ എൻ. ശിവന്റെ മമ്മാലി എന്ന ഇന്ത്യക്കാരനിൽ എത്തുമ്പോൾ, അഷ്‌റഫ് പാലാഴി വർഷങ്ങൾ ഏറെ താണ്ടിയിരുന്നു എന്ന് മാത്രമല്ല, തികഞ്ഞ ഛായാഗ്രഹകൻ ആവാനുള്ള എല്ലാ യോഗ്യതയും ആർജിച്ചിരുന്നു എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് തുടക്കത്തിൽ എഴുതിച്ചേർത്ത അഷ്‌റഫിനെ കുറിച്ചുള്ള  സംവിധായകന്റെ വാക്കുകൾ. കഥക്ക് അനുയോജ്യമായ അതിമനോഹരങ്ങളായ ഫ്രെയിമുകൾ ഒരുക്കാൻ പണത്തിന്റെ പോരായ്മ അഷ്‌റഫിനെ അലോസരപ്പെടുത്തുന്നേയില്ല.ഈ കോവിഡ് കാലത്തും അഷ്‌റഫ് വെറുതെയിരിക്കുന്നില്ല. സി.ടി. കബീർ, ദേവരാജൻ, പ്രദീപ് ബാലൻ ടീം അണിയിച്ചൊരുക്കി യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ആഘോഷപൂർവം ഏറ്റെടുത്ത് പരമ്പരയായി മുന്നേറുന്ന 'അവസ്ഥ'ക്കും സുനീർ പാലാഴി തുടങ്ങി പാലാഴിയിലെ നവാഗതർ ചെയ്ത അഭിനന്ദനങ്ങളേറെ ഏറ്റുവാങ്ങിയ 'അയൽക്കാർ' എന്ന ലഘുചിത്രത്തി്ന്നും ക്യാമറ ചെയ്തത് അഷ്‌റഫാണ്.
കലാകൈരളിയുടെ ഭൂമികയിൽ ഏറ്റവും മനോഹരമായ ഒരു ഫ്രെയിമിൽ അഷ്‌റഫ് പാലാഴി എന്ന പേര് ചിരന്തനമായി ചിത്രണം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല. 
തന്റെ തൊഴിലിനോടും ക്യാമറയോടും താൻ കണ്ട കാഴ്ചകളോടും അങ്ങേയറ്റം ആത്മാർത്ഥത വെച്ചു പുലർത്തുന്ന, പരിചയപ്പെടുന്നവർക്കെല്ലാം പ്രിയപ്പെട്ട കൂട്ടുകാരനാവാൻ എളുപ്പം സാധിക്കുന്ന, ഈ ചെറുപ്പക്കാരന്റെ പിറകെയുണ്ട്, കോഴിക്കോട്ടുള്ള പാലാഴി എന്ന ഒരു ദേശത്തിന്റെ മുഴുവൻ പ്രാർത്ഥനകളും കാത്തിരിപ്പുകളും.

Latest News