Sorry, you need to enable JavaScript to visit this website.

കാരയ്ക്ക കായ്ക്കുന്നു; സൗദിക്ക് മധുവൂറുന്ന ഒന്നാം സ്ഥാനം

ചരിത്രാതീത കാലം മുതൽ അറേബ്യൻ ഉപദ്വീപിന്റെ ചരിത്രവുമായി ഇഴ പിണഞ്ഞു കിടക്കുന്ന ഒന്നാണ് ഈത്തപ്പഴം.  മരുഭൂ മനുഷ്യന് പ്രപഞ്ചനാഥൻ കാത്തുവെച്ച ഉയർന്ന പോഷക മൂല്യമുള്ള ഈത്തപ്പഴത്തിന്റെ ഉൽപാദന, കയറ്റുമതി മേഖലയിൽ പ്രഥമ സ്ഥാനം കരസ്ഥമാക്കാൻ ശ്രമങ്ങൾ ഊർജിതമാക്കുകയാണ് സൗദി. ലോകത്തെ ഈത്തപ്പഴ ഉൽപാദനത്തിന്റെ 17 ശതമാനം സൗദി അറേബ്യയുടെ വിഹിതമാണ്. ലോകത്ത് ഈത്തപ്പഴത്തിന്റെ ഏറ്റവും വലിയ ഉറവിടമായി സൗദി അറേബ്യയെ മാറ്റാൻ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. 


സൗദിയിലെ വിവിധ പ്രവിശ്യകളിൽ പ്രതിവർഷം 15,39,755 ടൺ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷത്തിൽ 1,84,000 ടൺ ഈത്തപ്പഴം വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു. 86 കോടി റിയാൽ വില വരുന്ന ഈത്തപ്പഴമാണ് സൗദി കയറ്റി അയക്കുന്നത്. 
രാജ്യത്ത് 1,07,000 ഹെക്ടർ വിസ്തീർണമുള്ള സ്ഥലത്ത് 3,12,34,155 ഈത്തപ്പനകൾ വളരുന്നു. രാജ്യത്ത് ആകെ 1,23,000 ത്തിലേറെ ഈത്തപ്പന തോട്ടങ്ങളാണുള്ളത്. ലോകത്ത് പ്രതിവർഷം ആകെ 88 ലക്ഷം ടൺ ഈത്തപ്പഴമാണ് ഉൽപാദിപ്പിക്കുന്നത്. ഉൽപാദന വൈവിധ്യത്തിന്റെയും വികസനത്തിന്റെയും പശ്ചാത്തലത്തിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഈത്തപ്പഴ ഉൽപാദക രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്. 
ഈത്തപ്പഴ പാക്കിംഗ്, ഈത്തപ്പഴം ഉപയോഗിച്ചുള്ള പരിവർത്തിത ഉൽപന്നങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന 157 ഫാക്ടറികൾ രാജ്യത്തുണ്ട്. വ്യവസായ വികസനത്തിന്റെ പശ്ചാത്തലത്തിൽ ഉൽപാദന, കയറ്റുമതി മേഖലകളിൽ വികാസം പ്രാപിപ്പിക്കാനാണ് ഫാക്ടറികൾ ശ്രമിക്കുന്നത്. 
ലോകത്ത് ഈത്തപ്പഴത്തിന്റെ ഏറ്റവും വലിയ ഉറവിടമായി സൗദി അറേബ്യയെ മാറ്റാൻ ഈത്തപ്പഴ ഉൽപന്നങ്ങൾക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണയുടെ ഭാഗമായി ഈത്തപ്പഴത്തിന്റെ ഗുണമേന്മയും മികച്ച കൃഷി രീതികളും ഉറപ്പു വരുത്തുന്നതിന് 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ്' 2018 ൽ 'സൗദി ഡേറ്റ് മാർക്ക്' പുറത്തിറക്കിയിരുന്നു. 
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവുമായി സഹകരിച്ച് 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ്' സൗദി ഈത്തപ്പഴത്തിനുള്ള മാർഗനിർദേശ മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സൗദിയിലെ ഏറ്റവും പ്രശസ്തമായ പതിനെട്ട് ഇനം ഈത്തപ്പഴങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വലിപ്പവും തൂക്കവും പരിഗണിച്ച് പ്രീമിയം, ഫസ്റ്റ്, സെക്കന്റ് എന്നിങ്ങനെ മാർഗനിർദേശ മാനദണ്ഡങ്ങൾ ഈത്തപ്പഴങ്ങളെ തരംതിരിക്കുന്നു. 
ഈത്തപ്പഴ ഉൽപാദന മേഖലയിൽ മുൻനിര സ്ഥാനം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി മുൻകൈയെടുത്ത് ഇന്റർനാഷണൽ ഡേറ്റ്‌സ് കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഈത്തപ്പന കൃഷിയും ഈത്തപ്പഴ ഉൽപാദനവും നിരീക്ഷിക്കുന്ന കൗൺസിൽ അധ്യക്ഷ പദവി വഹിക്കുന്നത് സൗദി അറേബ്യയാണ്. കൗൺസിലിന്റെ രണ്ടാമത് സ്ഥാപന സെഷൻ 2019 മാർച്ചിൽ മദീനയിൽ നടന്നു. 


ഇതിനു മുമ്പായി ഈ ഉൽപന്നം വികസിപ്പിക്കുന്നതിന് പരിചയ സമ്പത്ത് കൈമാറ്റം ലക്ഷ്യമിട്ട് 2018 ൽ സംഘടിപ്പിച്ച ലോക ഈത്തപ്പഴ സമ്മേളനത്തിൽ നിരവധി രാജ്യങ്ങളും കമ്പനികളും സൊസൈറ്റികളും പങ്കെടുത്തിരുന്നു. സൗദി അറേബ്യയെ സംബന്ധിച്ചേടത്തോളം ഈത്തപ്പഴത്തിന് സാമ്പത്തിക, ദേശീയ, ചരിത്ര പ്രാധാന്യമുണ്ട്. പോയകാലത്ത് അറേബ്യൻ ഉപദ്വീപിലെ നിവാസികളുടെ പ്രധാന ഭക്ഷണ സ്രോതസ്സുകളിൽ ഒന്നായിരുന്ന ഈത്തപ്പഴത്തിന് ഉയർന്ന പോഷക മൂല്യവുമുണ്ട്. 
സൗദി ഈത്തപ്പഴം പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും ഇന്റർനാഷണൽ ഫുഡ് എക്‌സിബിഷനുകളിൽ 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സും' സൗദിയിലെ ഈത്തപ്പഴ ഉൽപാദകരും ഫാക്ടറികളും പങ്കെടുക്കുന്നു. ലോകമെമ്പാടുമുള്ള സംഘടനകളുടെയും ഗവേഷകരുടെയും സഹകരണത്തോടെ റോമിൽ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനിൽ ഉയർന്ന പോഷക മൂല്യമുള്ള ഭക്ഷണങ്ങളിൽ ഈത്തപ്പഴം ഉൾപ്പെടുത്താനും ഭക്ഷ്യ സുരക്ഷയുടെ ഘടമകമെന്ന നിലയിൽ ഈത്തപ്പഴത്തിന്റെ സ്ഥിര സങ്കൽപം ശക്തിപ്പെടുത്താനും സൗദി അറേബ്യ സംഘടിപ്പിച്ച ശിൽപശാലയുടെ ശീർഷകം 'ഉയർന്ന പോഷക മൂല്യമുള്ള പഴം' എന്നായിരുന്നു. 
ആഗോള വിപണികളിൽ പ്രവേശിക്കാൻ മുൻനിര ഈത്തപ്പഴ കമ്പനികളെ സഹായിക്കാനും കയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിട്ട് 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ്' ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് 'തംകീൻ' എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഉൽപന്ന വിപണന മേഖലയിലെ പുരോഗതിയുമായി ഒത്തുപോകാനും വിൽപന കേന്ദ്രങ്ങൾ വൈവിധ്യവൽക്കരിക്കാനും ഈത്തപ്പഴ മേഖലയുടെ ശേഷി ഉയർത്താൻ 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ്' ശ്രമിക്കുന്നു.
 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ്' ഓൺലൈൻ വ്യാപാരത്തെ കുറിച്ച് വിവരം നൽകുകയും ഓൺലൈൻ വ്യാപാരത്തിന് അവസരമൊരുക്കുകയും ഓൺലൈൻ സ്റ്റോറുകളുടെ ലഭ്യത എളുപ്പമാക്കുകയും ഓൺലൈൻ മാർക്കറ്റിംഗിൽ പരിശീലനം നൽകുകയും ഓൺലൈൻ സ്റ്റോറുകളുടെ നടത്തിപ്പ് ചുമതല വഹിക്കുകയും ചെയ്യുന്നുണ്ട്. 
2018-2020 കാലയളവിൽ ഈത്തപ്പഴത്തിന്റെ ഓൺലൈൻ മാർക്കറ്റിംഗിന് നിരവധി സ്റ്റോറുകൾ 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ്' ആരംഭിച്ചു. ഈത്തപ്പഴത്തിന്റെ ഏറ്റവും വലിയ സീസൺ ആയ റമദാനിൽ കൊറോണ പ്രതിസന്ധി കാലത്ത് ഈത്തപ്പഴം വിപണനം ചെയ്യാനും ഓൺലൈൻ സ്റ്റോറുകൾ പ്രയോജനപ്പെടുത്തി. ഫിത്ർ സക്കാത്ത് ആയി ഈത്തപ്പഴം നൽകാനും ഓൺലൈൻ വഴി സൗകര്യമേർപ്പെടുത്തി. സംഭാവനകൾ നൽകാൻ സമീപ കാലത്ത് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥാപിച്ച ദേശീയ പോർട്ടലിലാണ് മന്ത്രാലയവുമായി സഹകരിച്ച് ഫിത്ർ സക്കാത്ത് ആയി ഈത്തപ്പഴം നൽകാൻ അവസരമൊരുക്കുന്ന സേവനം ഉൾപ്പെടുത്തിയത്. 
ഭരണാധികാരികളുടെ പ്രതീക്ഷക്കൊത്ത് ഈത്തപ്പഴ മേഖല വളർച്ച കൈവരിക്കുമെന്ന് 'നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ്' സി.ഇ.ഒ ഡോ. മുഹമ്മദ് അൽനുവൈറാൻ പറയുന്നു. ഈ വർഷം ആദ്യ പാദത്തിൽ ഈത്തപ്പഴ കയറ്റുമതിയിൽ 48 ശതമാനം വളർച്ച രേഖപ്പെടുത്തി. 
ആദ്യ പാദത്തിൽ 39.7 കോടി റിയാലിന്റെ ഈത്തപ്പഴമാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 2019 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ കയറ്റി അയച്ച ഈത്തപ്പഴത്തിന്റെ അളവിൽ 54 ശതമാനം വളർച്ച രേഖപ്പെടുത്തി. 
ഈ വർഷം ആദ്യ പാദത്തിൽ 85,000 ടൺ ഈത്തപ്പഴമാണ് കയറ്റി അയച്ചത്. ഈത്തപ്പഴത്തിന്റെ ഗുണമേന്മ ഉയർത്താനും കയറ്റുമതി വർധിപ്പിക്കാനും ഉപയോക്താക്കൾക്കിടയിൽ സൗദി ഈത്തപ്പഴത്തിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്താനും സഹായകമാകുന്ന നിലക്ക് നിരവധി പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചുവരികയാണെന്ന് ഡോ. മുഹമ്മദ് അൽനുവൈറാൻ പറയുന്നു.


 

Latest News