ന്യൂദല്‍ഹി- പ്രവാസികള്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്ന കുവൈത്തിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനുള്ള കരട് പ്രവാസി ക്വാട്ട ബില്‍ കുവൈത്ത് പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാരില്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
കുവൈത്തിലെ പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളിലേയും വിദേശമന്ത്രിമാര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്തതായും വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.
കുവൈത്തുമായി മികച്ച ഉഭയകക്ഷി ബന്ധമാണ് നിലവിലുള്ളതെന്നും ജനങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്നും വക്താവ് പറഞ്ഞു. കുവൈത്ത് പാര്‍ലമെന്റ് കരടു ക്വാട്ട ബില്‍ അംഗീകരിച്ചാല്‍ എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് മടങ്ങേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
അതിനിടെ, വിവിധ രാജ്യക്കാര്‍ക്കായി നിശ്ചയിക്കുന്ന ക്വാട്ട ഉടന്‍ നടപ്പിലാക്കാനാകുന്നതല്ലെന്ന് കുവൈത്ത് അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഖാനിം പറഞ്ഞു.






