Sorry, you need to enable JavaScript to visit this website.

പ്രവാസാനുഭവം: പാതിവെന്ത ജൂലൈ കനവുകള്‍

അങ്ങിങ്ങായി കുറേ കവറുകള്‍. പലവിധ കമ്പനിക്കാരുടെയും ഷോപ്പുകളുടെയും പരസ്യങ്ങള്‍ ഏറ്റെടുത്തതു പോലെ. അലമാരകളൊക്കെ അവയുടെ പരാധീനതകളാല്‍  അലമുറയിടുന്നുണ്ട്.

കട്ടിലിന്റെ ഓരോ മൂലയിലും ഓരോ കെട്ടുകളാണ്. പ്രിയപ്പെട്ടവരുടെ മുഖഛായകളുണ്ട് പലതിനും. ചിലതിന് ദൈന്യഭാവങ്ങളും.

ഒരു വര്‍ഷമായി അലമാരയുടെ മുകളില്‍ കയറി ഇരിപ്പാണ് വലിയ പെട്ടികള്‍. ജൂലൈ മാസത്തെ കാത്താണ് ഈ ഇരിപ്പ്. എല്ലാം പൊടി തട്ടി എടുക്കണം. ഓരോന്ന് എടുത്തു വെയ്ക്കുമ്പോഴും പലവിധ വികാരങ്ങളാണ്.

പെട്ടി എത്ര നിറച്ചാലും തികയൂല.

ഇപ്രാവശ്യം ആര്‍ക്കും ഒന്നും കൊണ്ട് പോകാതെയാട്ടോ യാത്ര. അതൊരു സ്ഥിരം ഡയലോഗാണ്.
എന്നിട്ടോ അനുവദിച്ചതിലേറെ ലഗേജും കൊണ്ടേ പോകൂ. അതാണ് പ്രവാസി.

തുഛ വരുമാനക്കാരുടെ റൂമുകളില്‍ പോയാലും കാണാം  നാട്ടില്‍ കൊണ്ടുപോകാനായി ശേഖരിച്ചു വെച്ച സാധാനങ്ങള്‍. നാടണഞ്ഞാല്‍  ഓരോരുത്തര്‍ക്കും നല്‍കാനുള്ള സമ്മാനങ്ങളാണ്.  നാട്ടില്‍ പോകുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ വാങ്ങിക്കൂട്ടി തുടങ്ങിയവ.

നാട്ടില്‍ പോകുന്നതിനുമ്പ് അടുക്കളയിലും പ്ലാനിംഗ് നടപ്പിലാക്കേണ്ടതുണ്ട്. അവശേഷിക്കുന്നവയില്‍ ഓരോ സാധനങ്ങള്‍ തീര്‍ത്തു കൊണ്ടിരിക്കും. മസാലപ്പൊടികളുടെ കുപ്പികളൊക്കെ ഗ്രാഫ് താഴ്ന്നിട്ടുണ്ട്.

ഫ്രിഡ്ജ് ക്ലീനിങ് പ്രമാണിച്ചു പലവിധ സലാഡുകള്‍ തീന്‍മേശയില്‍ ഇടം പിടിക്കും. ഹലുവാ മത്തിക്കറി പോലെ ഒരിക്കലും ചേര്‍ച്ച യില്ലാത്ത എത്രയെത്ര കറികള്‍ രുചിച്ച ശേഷമാണ് വിമാനം കയറാനായി പുറപ്പെടുക.
ജൂണ്‍ മാസത്തില്‍ തുടങ്ങും ഒന്നും കളയരുതെന്ന പിടിവാശിയോടെ ഫ്രിഡ്ജിലുള്ള എല്ലാ സാധാനങ്ങളുടേയും ഉപയോഗം.

നാട്ടില്‍ പനിച്ചു കിടക്കുമ്പോള്‍ സുലൈമാനിയില്‍ മുക്കി തിന്നാറുള്ള റൊട്ടിക്ക് സ്ഥാനക്കയറ്റം  കിട്ടി പ്രവാസലോകത്ത് ബ്രെഡ് ഉറ്റ ചങ്ങാതിയായി മാറിയപ്പോള്‍ കാല ഭേദമന്യേ എന്തും കഴിക്കാം.

വിശക്കും വയറിന് കൂട്ടായി എത്തുന്ന വിഭവം. സ്ഥായിയായ ഭാവം ഒന്ന് മാറ്റിപ്പിടിക്കണം .അത്രേയുള്ളു.

സ്‌കൂള്‍ അടച്ചുകിട്ടിയാല്‍ മതി  യാത്രയാവുകയായി. കൂട്ടുകാരില്‍ ചിലരാകട്ടെ മണവാട്ടിയെ ഓര്‍മിപ്പിക്കും വിധം കനകമണിഞ്ഞാണ് നാട്ടില്‍ പോവുക . അറുബോറന്‍ എന്ന് കാണുന്നവര്‍ക്കേ അറിയൂ. പോകുമ്പോള്‍ ഇടാന്‍,  വീട്ടിലിടാന്‍, പെരുന്നാളിനിടാന്‍, കല്യാണങ്ങള്‍ക്കിടാന്‍ വസ്ത്രങ്ങളും ചെരിപ്പുകളും ഷുകളും.  ക്വിന്റലിനോടടുത്തുള്ള  സാധനങ്ങളുമായാണ് രണ്ടു മാസത്തേക്കുള്ള യാത്ര.

മനസ്സില്‍ എന്തൊക്കെയായിരിക്കും പ്ലാനുകള്‍. അധിക പദ്ധതികളും സ്വപ്നങ്ങള്‍  മാത്രമായി പെട്ടിയിലിട്ട് പൂട്ടി ഇങ്ങോട്ട് തന്നെ എത്തും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പ്രളയം പലരുടെയും സ്വപ്‌നങ്ങള്‍ വെള്ളത്തില്‍ ഒഴുക്കി കളഞ്ഞു.


നാട്ടില്‍ പോകാനായാല്‍ രണ്ടുമൂന്നു ദിവസം മുമ്പേ നിദ്രാദേവി വീടുവിട്ടു പോകും.
വിമാനത്താവളത്തില്‍ എത്തിയിട്ടാണ് ഒന്ന് മനസ്സറിഞ്ഞ് വെറുതെ ഇരിയ്ക്കുക. ഒരുമാസമായി തുടങ്ങിയ ഓട്ടമായിരുന്നു. ഈ ഓട്ടം നേരെ ഓടിയിരുന്നെങ്കില്‍ എത്തിയേനെ എന്നാണ് അദ്ദേഹം പറയുക.


കാലിക്കറ്റിലേക്കുള്ള നേരിട്ടുള്ള വിമാനം ആയതിനാല്‍ യാത്രക്കാര്‍ മുഴുവന്‍ മല്‍ബുകളാണ്.  അതിനാല്‍ അതിന്റെതായ എല്ലാ മര്യാദകളുമുണ്ട് ..വസ്ത്രങ്ങളിലൂടെ മാത്രം ഓരോരുത്തരുടെയും വ്യക്തിത്വം മനസ്സിലാക്കാന്‍ പറ്റും എന്നത് എത്ര വാസ്തവം.


നെയ്യില്‍ പൊരിച്ച ദുപ്പട്ടയും  ഗള്‍ഫിനെ എപ്പോഴും ഓര്‍മിപ്പിക്കുന്ന പള പള കുപ്പായങ്ങളും . കുട്ടികളുടെ തലയിലും പുറത്തും കയ്യിലും കാലിലും പൊങ്ങച്ച പ്രതീകങ്ങള്‍.


ഓരോ അനക്കവും ഒപ്പിയെടുത്തു സ്റ്റാറ്റസ് ഇടുന്നവര്‍ ...സന്തോഷ മുഖങ്ങള്‍ക്കിടയില്‍ ഒന്നിലും ശ്രദ്ധ തിരിയ്ക്കാതെ മൂകയായി യാത്ര തിരിക്കുന്ന സഹോദരിമാര്‍..ലെവിയുടെ ഭാരമോ ,കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസയോ ആണ് നിര്‍ബന്ധ പൂര്‍വ്വം അവരെ വിമാനത്തില്‍ കയറ്റിയതെന്ന് വായിച്ചെടുക്കാം. പാതി വെന്ത ദാമ്പത്യത്തിന്റെ നോവുകള്‍.


വിശാലമായ മരുഭൂമിക്ക് അവരുടെ കൂടി കണ്ണുനീര്‍ അധികമാവില്ലല്ലോ. കുറേപേരുടെ കദനക്കണ്ണീര്‍ കുടിച്ചിറക്കിയ മണ്ണല്ലേ ..


പിന്നേ ലാന്‍ഡ് ചെയ്തുട്ടോ ..ഷമീര്‍ വന്നിട്ടില്ലേ ?അതെയോ?ഓ യാത്രയൊക്കെ സുഖം .
ഉമ്മാ ഇറച്ചിയും പത്തിരിയും ഒക്കെ ഇല്ലേ ..ആ ഓനോട് ഞാന്‍ വന്നിട്ട് പോകാന്ന് പറ..  മലപ്പുറക്കാര്‍ വിളി തുടങ്ങി ..
ഇതാ ഇപ്പം കീയും ..കണ്ണൂര്‍ക്കാരന്‍ ...
കേരളത്തിലെ എല്ലാ സ്ലാങ്ങുകളുടെയും ബഹളം. ഇവര്‍ക്കൊന്നും മെല്ലെ സംസാരിക്കാന്‍ അറീലെ ..ആരോ പിറുപിറുക്കുന്നു.


നിലത്തു മുത്തമിട്ടതോടു കൂടെ ഓരോരുത്തര്‍ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങി. മറ്റൊരു മലയാളി സ്വഭാവം. വിമാന മങ്കയുടെ കിളിനാദം ആരു കേള്‍ക്കാന്‍.


എമിഗ്രേഷനില്‍ നിന്നും എടാ പോടാ പച്ചമലയാളം കേട്ടപ്പോള്‍ ഒരു ആനന്ദം .ഹിന്ദിയും ഇംഗ്ലീഷും അറബിയും ആംഗ്യ ഭാഷയും തല്‍ക്കാലം മാറ്റി വെക്കാലോ.


കോട്ടിനുള്ളിലെ ചില ശരീരങ്ങള്‍ ഫസ്റ്റ് ക്ലാസ് യാത്രയുടെ അഹങ്കാരത്തോടെ വേഗത്തില്‍ കാര്യങ്ങള്‍ തീര്‍ത്ത് ഓടിപ്പോയിട്ടുണ്ട്.

ഓടിയിട്ടൊന്നും കാര്യമില്ല ..ലഗേജ് കിട്ടാന്‍ ഞങ്ങളെ  കാത്തുനില്‍ക്കണെ. മനസ്സില്‍ ചിരിച്ചു.ഒടുവില്‍ അത് തന്നെ കാണാ .


രണ്ടുവരികളായി ,പോലീസിനെ പേടിച്ചു നിരയൊത്തു നില്‍ക്കുന്ന കുറെ ജോഡി കണ്ണുകളില്‍ പ്രിയപ്പെട്ടവരേ കണ്ടുപിടിക്കുമ്പോഴുള്ള ഒരു ആത്മ സംതൃപ്തിയുണ്ട് ...വല്ലാത്തൊരു സുഖം ..

ജൂലൈ മാസത്തിലെ  മാംസം വെന്തുരുകുന്ന ചൂടില്‍നിന്നും പുതുമണ്ണിന്റെ മണമുള്ള മഴയിലേക്ക് . കോരിച്ചൊരിയുന്ന മഴയാണല്ലോ..

 

എന്നിട്ടും വിയര്‍ത്തൊലിക്കുന്നു. കഴുത്തിലൂടെ വിയര്‍പ്പു തുള്ളികള്‍ അരിച്ചിറങ്ങുന്നൂ ..
ശ് ...ശൂ ശു ...കുക്കര്‍ കൂകിയപോഴാണ് വിയര്‍ക്കുന്നതിന്റെ കാര്യം പിടികിട്ടിയത്..നനുത്ത ഓര്‍മകളായിരുന്നുവോ.

അതിഥിയായി എത്തിയ കോവിഡ് കാണാമറയത്തേക്ക് കൊണ്ട് പോയ ജൂലൈ മാസം അപ്പോഴും ചുമരില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു.
 

 

Latest News