Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുഎഇയിലെ പ്രമേഹ രോഗികള്‍ക്ക് സന്തോഷ വാര്‍ത്ത; ആറു മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകുന്ന മരുന്ന് ഉടന്‍

ദുബയ്- പ്രമേഹമെന്ന് സാധാരണ വിളിക്കപ്പെടുന്ന ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിക്കാനുള്ള പുതിയ മരുന്ന് മൂന്ന് മാസങ്ങള്‍ക്കകം അവതരിപ്പിക്കുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ തൊലിക്കുള്ളില്‍ സ്ഥാപിക്കാവുന്ന, തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പം മാത്രമുള്ള ചെറിയൊരു ടൈറ്റാനിയം ഉപകരണമാണിത്. ആറു മാസം വരെ പ്രമേഹവും പൊണ്ണത്തടിയും നിയന്ത്രിക്കാനുള്ള മരുന്ന് ദിവസേന കൃത്യമായ അളവില്‍ ഈ ഉപകരണം ശരീരത്തിലേക്ക് കടത്തി വിടും. പ്രമേഹ ചികിത്സാ രംഗത്ത് വിപ്ലവമാകാന്‍ പോകുന്ന ഈ ഉപകരണം മൂന്ന് മാസത്തിനകം ലഭ്യമാകുമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

 

യുഎസിലെ ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിയുള്ള സമാന രീതിയിലുള്ള മരുന്നുകള്‍ വളരെ വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഭക്ഷണം കഴിക്കും. ഇതിനു കാരണം ചെറുകുടലില്‍് നടക്കുന്ന ജിഎല്‍പി 1 എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിലെ ഏറ്റക്കുറച്ചിലുകളാണ്. വയറ് നിറയുമ്പോള്‍ ആ സന്ദേശം തലച്ചോറിന് കൈമാറുന്നതും ഭക്ഷണം ശേഷം ഇന്‍സുലിന്‍ പുറന്തള്ളാന്‍ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് നിര്‍ദേശം നല്‍കുന്നതും ജിഎല്‍പി 1 ഹോര്‍മോണ്‍ ആണ്. എന്നാല്‍ പ്രമേഹ രോഗികളുടെ ചെറുകുടലില്‍ ജിഎല്‍പി 1 ഹോര്‍മോണ്‍ ഉല്‍പ്പാദനം മതിയായ അളവില്‍ നടക്കില്ല. ഇതോടെ വയറ് നിറഞ്ഞ് സംതൃപ്തിയായെന്ന സന്ദേശം തലച്ചോറിനു കൈമാറുന്നതില്‍ കാലതാമസം വരുന്നു. രോഗി അമിതമായി ഭക്ഷണം കഴിക്കാനും തുടര്‍ന്ന് പൊണ്ണത്തടിക്കും ഇതു കാരണമാകുന്നു. പൊണ്ണത്തടി വീണ്ടും പ്രമേഹത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

 

ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് പുതിയ ഉടന്‍ വിപണിയിലെത്താന്‍ പോകുന്ന പ്രമേഹമരുന്ന്. ശരീരത്തില്‍ സ്ഥാപിക്കുന്ന ഈ ചെറിയ ഉപകരണം രോഗിയുടെ ആവശ്യത്തിനനുസരിച്ച് ആറു മാസം വരെ ജിഎല്‍പി 1 എന്ന ഹോര്‍മോണ്‍ ശരീരത്തിലേക്ക് കയറ്റിവിടും. ഇതുവഴി രോഗി ഭക്ഷണം കഴിക്കുന്നത് കുറച്ചു വരികയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. അതേസമയം രോഗി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളോ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകളോ ഇതോടൊപ്പം തുടരുകയും വേണം.

 

പ്രമേഹ ചികിത്സയില്‍ പ്രധാനപങ്കുള്ള ജിഎല്‍പി 1 ഹോര്‍മോണ്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന് മരുന്ന് കമ്പനികളില്‍ കഴിഞ്ഞ പതിറ്റാണ്ടിനിടെ പലതരത്തിലുള്ള ജിഎല്‍പി 1 മരുന്നുകളും വിപണിയിലെത്തിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യം പുറത്തിറങ്ങിയ ബിയെറ്റ എന്ന ബ്രാന്‍ഡിലുള്ള എക്‌സെനാറ്റൈഡ് എന്ന മരുന്ന് ദിവസേന രണ്ടു നേരം എടുക്കേണ്ടി വന്നിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വിക്‌റ്റോസ എന്ന പേരില്‍ ലിറാഗ്ലുറ്റൈഡ് എന്ന മരുന്ന് അവതരിപ്പിക്കപ്പെട്ടു. ഇത് ദിവസം ഒരു നേരം എടുത്താല്‍ മതിയായിരുന്നു. 2014-ല്‍ ജിഎല്‍പി 1 ഡുലാഗ്ലുറ്റൈഡ് ട്രൂലിസിറ്റി എന്ന പേരില്‍ ആഴ്ചയില്‍ ഒരു തവണം മാത്രം എടുത്താല്‍ മതിയാകുന്ന മരുന്നും വിപണിയിലെത്തി. ഏറ്റവും ഒടുവിലാണ് ആറു മാസത്തില്‍ ഒരിക്കല്‍ എടുത്താല്‍ മതിയാകുന്ന പുതിയ മരുന്ന് എത്തുന്നത്.

 

യുഎഇയില്‍ ജനസംഖ്യയുടെ 19.3 ശതമാനവും ടൈപ്പ് 2 പ്രമേഹ രോഗികളാണ്. 36 ശതമാനം പൊണ്ണത്തടിയുള്ളവരും. 39 ശതമാനം പേര്‍ പൊണ്ണത്തടിയുടെ അതിര്‍രേഖയിലുള്ളവരാണ്. ഉയര്‍ന്ന് വരുന്ന ഈ പ്രമേഹ, പൊണ്ണത്തടി രോഗികള്‍ക്ക് പുതിയ മരുന്ന് വലിയ ആശ്വാസമാകും. ഈ മരുന്ന് ടൈപ്പ് വണ്‍ ഡയബെറ്റിസിന് പരിഹാരമല്ല.  

Latest News