Sorry, you need to enable JavaScript to visit this website.

ചൈനയുടെ പിന്‍മാറ്റം 'അപകടകരം' ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ

ശ്രീനഗര്‍-ഇന്ത്യാ-ചൈന അതിര്‍ത്തിയിലുടനീളം ഡ്രോണ്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യന്‍ സേന, രാപ്പകല്‍ നിരീക്ഷണം തുടരുകയാണ്. രാത്രിക്കാഴ്ചയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയ അപ്പാച്ചി ഹെലികോപ്റ്ററുകളും അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. മിഗ് 29 യുദ്ധ വിമാനങ്ങളും രാത്രിനിരീക്ഷണത്തിനു ഉപയോഗിക്കുന്നുണ്ട്.
ചൈനയുമായുള്ള ബന്ധത്തില്‍, 'ജൂലൈ' ഇന്ത്യക്ക് ഏറെ നിര്‍ണ്ണായകമായ മാസമാണ്. 1962 ജൂലൈ 14ന് ആണ് ചൈനീസ് സേന ആദ്യമായി, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറിയിരുന്നത്. 200 വാരവരെയായിരുന്നു പിന്മാറ്റം. ഇതേപോലെ 58 വര്‍ഷങ്ങള്‍ക്കിപ്പുറം, 2020 ജൂലൈ 6നാണ് അവര്‍ വീണ്ടും പിന്‍മാറിയിരിക്കുന്നത്. രണ്ട് പിന്‍മാറ്റവും ഗല്‍വാനിലാണ് നടന്നിരിക്കുന്നത്.
ചൈനയുടെ ഈ പിന്‍മാറ്റം, രണ്ടടി മുന്നോട്ട് വയ്ക്കുന്നതിന്റെ മുന്നോടിയാണെന്ന് സംശയിക്കേണ്ടയിരിക്കുന്നു. ചരിത്രം നല്‍കുന്ന മുന്നറിയിപ്പുകളും അതുതന്നെയാണ്. 1962 ല്‍ ഗല്‍വാനില്‍ നിന്നും ചൈനീസ് സേന പിന്‍മാറിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ, കൃത്യം 97 ദിവസം കഴിഞ്ഞപ്പോയാണ് ചൈന ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചു വിട്ടിരുന്നത്.
1962 ഒക്ടോബര്‍ 20നായിരുന്നു ഇന്ത്യ-ചൈന യുദ്ധത്തിന്റെ തുടക്കം. ഇന്ത്യയുടെ നേരെ വമ്പന്‍ ആക്രമണത്തിനു ചൈന പദ്ധതിയിടുന്നതായി, ഒക്ടോബര്‍ 18നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിക്കിമിലും ഭൂട്ടാനിലും വടക്കു കഴിക്കന്‍ പ്രദേശങ്ങളിലും, ഒരേസമയം കടന്നുകയറുന്നതിന് ചൈനീസ് സൈന്യം തയാറാകുന്നുവെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയുധസാമഗ്രികള്‍ സംഭരിക്കുന്നതിനായി ചൈനീസ് സേന, അതിര്‍ത്തി പ്രദേശത്തിനു സമീപത്തെ സന്യാസിമഠങ്ങളെല്ലാം പിടിച്ചെടുക്കുകയുണ്ടായി. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെ മക്മഹോന്‍ രേഖയോടു ചേര്‍ന്നും, സൈനിക സംഘങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
ഭൂട്ടാന്‍ അതിര്‍ത്തിയിലും സിക്കിം അതിര്‍ത്തിയിലും ചൈന, മറ്റൊരു ഡിവിഷന്‍ സൈന്യത്തെ നിര്‍ത്തുകയും ചെയ്യുകയുണ്ടായി. ഇതിനിടെ, ടിബറ്റിലെ അതിര്‍ത്തി പട്ടണങ്ങളില്‍നിന്ന് ചൈനീസ് പൗരന്മാരെ സൈന്യം മാറ്റുകയും ചെയ്തിരുന്നു. അവിടങ്ങളിലെല്ലാം ചൈനീസ് സൈന്യമാണ് താവളമടിച്ചിരുന്നത്. ചൈനയുടെ ഈ 'ചതിയുടെ' ഓര്‍മകള്‍ മനസ്സിലുള്ളതിനാലാണിപ്പോള്‍, ഇന്ത്യ ജാഗ്രതയോടെ നിലവില്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്.'പഴയ ആക്ഷന്‍' , പുതിയ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയില്ലന്നാണ്, ഉന്നത സൈനിക ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.


 

Latest News