Sorry, you need to enable JavaScript to visit this website.

തന്ത്രങ്ങളുടെയും പരീക്ഷകളുടെയും കാലം

ഗ്രഹണ സമയത്തു ഞാഞ്ഞൂലും തലപൊക്കും എന്നു ചൊല്ലുണ്ട്. അതിൽ സംശയിക്കുന്നവർ യു.ഡി.എഫിനെ നോക്കിയാൽ മതി. അതിനു ചാണക വെള്ളമോ കറുത്ത കണ്ണടയോ വേണ്ട. രണ്ടിലപാർട്ടി രണ്ടായി പിളർന്നാൽ ദോഷം ഐക്യമില്ലാത്ത ജനാധിപത്യ മുന്നണിക്കല്ലാതെ മറ്റാർക്കാണ്? മാണിയില്ലാതെ മത്സരിച്ചപ്പോൾ പാലാ മണ്ഡലം മറ്റൊരു മാണി കൊണ്ടുപോയി. ചെങ്ങന്നൂരിൽ സംഭവിച്ച കാര്യം വളരെ മുമ്പേ തന്നെ ദുഃസ്വപ്‌നത്തിൽ കണ്ടതുമാണ്. കേരളാ കോൺഗ്രസിന് അടിത്തറയുണ്ടെന്ന് കോടിയേരി സഖാവ് കണ്ടുപിടിച്ചു. ആ 'പിടി' വിടാതെ നിൽക്കുകയാണ് സഖാവ്. വർഗ ശത്രുവിന്റെ വിശദ വിവരം മനസ്സിലാക്കി. അവരെ കൂടെ ചേർത്ത് വോട്ടും പണവും അടിച്ചെടുക്കണം എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ടാകണം. എന്നാൽ ആ പാർട്ടിയുടെ 'അടിത്തറ'യിൽ നടക്കുന്ന അടി അഥവാ തല്ല് ഭൂതക്കണ്ണാടി വെച്ചു പരിശോധിച്ച് മാർക്കിടുകയാണ് കാനം സഖാവ് ചെയ്തത്. ഇരു സഖാക്കളുടെയും പ്രായം കൂടി പരിഗണിച്ചാൽ, കോവിഡുകാലത്ത് നേരംപോക്കിന് വേറെ നിവൃത്തിയില്ല. യു.ഡി.എഫിന്റെ വരാന്തയിൽ നിന്നു പുറത്തായ ജോസ് മോൻ മുൻവശത്തെ കൈയാലപ്പുറത്ത് ഒരു തേങ്ങ പോലെയാണ് നില. അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ വട്ടം കറക്കാനുള്ള കോപ്പെല്ലാം മാണിപുത്രന്റെ കൈയിലുണ്ടെന്ന് 'സ്വപ്‌ന ലോകത്തെ ബാലഭാസ്‌കര'നായി വിളങ്ങുന്ന ചെന്നിത്തലയദ്ദേഹം തിരിച്ചറിഞ്ഞു. കായംകുളം രാജാവിന്റെ കോട്ട പോലെ തിരുവിതാംകൂർ സേനയെ വിരട്ടാനുള്ള തന്ത്രം മാണീസുതൻ കരതലത്തിൽ ഒളിപ്പിച്ചിരിക്കുന്നു. പാലാ മുതൽ പുതുപ്പള്ളി വരെ അത്ര ദൂരമൊന്നുമില്ലല്ലോ.
ജോസ്‌മോന്റെ കോവിഡുകാലത്തെ മർക്കട മുഷ്ടി പ്രദർശനം കൊണ്ട് ഒരു ചരിത്രപരമായ നേട്ടമുണ്ടായി എന്ന് ഇനിയും മരിച്ചിട്ടില്ലാത്ത നിഷ്പക്ഷമതികൾ വിലയിരുത്തുന്നു. രണ്ടു തൊഴിലാളി പാർട്ടികളെ ഗതകാല നിഷ്പക്ഷ മതികൾ വിലയിരുത്തുന്നു. രണ്ടു തൊഴിലാളി പാർട്ടികളും ഗതകാല സ്മരണകളുമായി ചാടിയിറങ്ങി. പറഞ്ഞുപറഞ്ഞു കാടുകയറി. 1952 മുതൽക്കുള്ള കാര്യങ്ങൾ. തോപ്പിൽ ഭാസിയുടെ 'ഒളിവിലെ ഓർമകൾ' മാത്രമല്ല, അണ്ടർ ഗ്രൗണ്ടിലിരുന്നു നിയമസഭയിലേക്കുള്ള കടന്നുകയറിയതു വരെ വിളമ്പി. അപ്പോഴേക്കും 'കയ്യൂർ സമരണക'ളുടെ ആവേശത്തോടെ കോടിയേരി എത്തി. 1965 ലെ അലസിപ്പോയ തെരഞ്ഞെടുപ്പു ഫലം എത്തിയപ്പോൾ സദസ്സു മുഷിഞ്ഞു മൂക്കുപൊത്തി. ദില്ലിവാലകളായ യെച്ചൂരിയും രാജയും അമ്പരന്ന് 'അപായ സൈറൺ' മുഴക്കി. പാർട്ടി  1964 ൽ പിളരാനുണ്ടായ കാരണങ്ങൾ ഇപ്പോഴും ദഹിക്കാതെ ഇരുപക്ഷത്തിന്റെയും ആമാശയ വാസം നടത്തുന്നു. അത് അവസരം കിട്ടുമ്പോഴൊക്കെ അന്തരീക്ഷ മലിനീകരണം സംഭാവന ചെയ്യുന്നു. അക്കാലത്തു ജനിച്ചിട്ടു പോലും ഇല്ലായിരുന്ന മാണീസുതൻ വേണ്ടിവന്നു, താൽക്കാലിക വെടിനിർത്തലിന്. ജോസ്‌മോൻ  മുന്നണി പ്രവേശനത്തിനുള്ള 'എൻട്രൻസ് തയാറെടുപ്പിലാണ്. പഞ്ചായത്ത് മുനിസിപ്പാലിറ്റി പേപ്പറുകൾ എഴുതി ജയിക്കണം. പിന്നെ എല്ലാ ചപ്പുചവറു ഗ്രൂപ്പുകളെയും വിളിച്ചുകൊണ്ട് എ.കെ.ജി സെന്ററിലെത്തണം. അക്കാര്യമോർത്താൽ, യു.ഡി.എഫിന്റെ കയ്യാല മേൽ ഒരു നാളികേരമായി കഴിയുന്നതാണ് ഭേദം. ഒന്നുമില്ലേലും കേന്ദ്രത്തിൽ തനിക്കു യു.പി.എയിൽ സ്ഥാനമുണ്ട്. ആ മുന്നണിക്ക് ഒരു നീർക്കോലിയുടെ വലിപ്പമേയുള്ളൂ എന്നതു വേറെ കാര്യം.

****                              ****                     ****
'ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും' എന്ന ചൊല്ല് കെ.പി.സി.സി പ്രസിഡന്റിനെ മുൻകൂട്ടി കണ്ടാകാൻ വഴിയില്ല. മുല്ലപ്പള്ളി ദുഷ്ടനാണെന്നു ശൈലജ ടീച്ചർ പോലും പറയില്ല. അദ്ദേഹത്തിന്റെ 'ശുദ്ധത'യിൽ ആർക്കും തർക്കമില്ല. പിണറായി വിജയൻ മാത്രം തർക്കച്ചിട്ടു കാര്യവുമില്ല! കാര്യക്ഷമതയില്ലാത്ത ഭാരവാഹികൾക്കെതിരെ കർശന സമീപനം സ്വീകരിക്കാനുള്ള പട്ടിക തയാറാക്കുകയാണ് പ്രസിഡന്റ്. ഇന്ദിരാഭവനിലെ കംപ്യൂട്ടറിൽ ആഞ്ഞുകുത്തുന്നതിനു പുറമെ അമ്പലമുക്കിലെ വീട്ടിലെത്തിയാലും അതു തന്നെ പണി. ഖദർ സിൽക്കു സാരിയിൽ പൊതിഞ്ഞു വന്ന് വിളങ്ങിമടങ്ങുന്ന വനിതകൾക്ക് അകക്കാമ്പിൽ നിന്നു തീ ഉയരുന്നുണ്ട്. ദശകങ്ങളായി കാറും ലോറിയും പ്രൈവറ്റ് ബസും ഒരു ഡസൻ മൊബൈൽ ഫോണുകളുമായി കഴിഞ്ഞു പോരുന്ന പല ഭാരവാഹികളും വനിതകളെ പോലെ അങ്കലാപ്പിലാണ്. മേൽപടി നേട്ടങ്ങൾക്കു പുറമെ, കുറച്ചു ഗോസിപ്പുകൾ കൂടി സമ്പാദിച്ചതൊഴിച്ചാൽ, സംഘടനക്ക് ചില്ലിക്കാശിന്റെയോ, പത്ത് വോട്ടിന്റെയോ നേട്ടം അവരുണ്ടായിക്കിയെന്നു എതിർ ഗ്രൂപ്പുകാർ പോലും ആരോപിക്കുകയില്ല. ഒരു വാർഡിൽ മത്സരിച്ചാൽ രണ്ടു കൈകളിലെയും വിരലുകൾ മാത്രം മതിയാകും ആകെ വോട്ടുകൾക്ക്. തിരുവനന്തപുരത്ത് മത്സരിച്ചാൽ കൊല്ലത്തോ കന്യാകുമാരിയിലോ അവർ 'ബാങ്ക് അക്കൗണ്ട്' തുറന്നിരിക്കും. മുല്ലപ്പള്ളി അത്തരക്കാരെ നോട്ടമിടുമ്പോൾ അതൊരു സമ്മർദ തന്ത്രമാണെന്ന് ആരും പറയുകയില്ല. തന്റെ രാഷ്ട്രീയ ജീവിതം സംശുദ്ധമാണെന്ന് അദ്ദേഹം തന്നെ പല തവണ പരസ്യമായി 'സർട്ടിഫൈ' ചെയ്തിട്ടുമുണ്ട്. ഭാരവാഹികൾക്കായി വാർഡ്-ബൂത്ത് തലങ്ങളിൽ വരെ 'ഗ്രേഡിംഗ്' സമ്പ്രദായം നടപ്പിലാക്കും. പണ്ട് പത്താം ക്ലാസ് പരീക്ഷയിൽ റാങ്കും ഡിസ്ടിംഗ്ഷനും ക്ലാസുമൊക്കെ നിലവിലിരിക്കുന്നതാണല്ലോ. അക്കാലത്ത് ആത്മഹത്യാ നിരക്ക് കുത്തനെ ഉയർന്നിരുന്നത് പത്രവായന ശീലമുള്ളവർക്കറിയാം. 'ഗ്രേഡിംഗ്' വന്നതോടെയാണ് പരിഹാരമായത്. കോൺഗ്രസിനും പരീക്ഷാ കാലഘട്ടമാണ്. മൊത്തം ആത്മഹത്യയിലേക്കു പോയെന്നു വരാം. അതൊഴിവാക്കാനുള്ള വഴി നോക്കുന്നു. കെ.പി.സി.സി പ്രസിഡന്റിനു മാർക്കിടുന്നവർ മുകളിലുണ്ടെന്ന് മുല്ലപ്പള്ളി മറക്കാതിരിക്കട്ടെ. നമ്മുടെ സംഘടന 'പാരപ്രധാനമാണ്'. പാരമുക്തർ ആരുമില്ല.

****                          ****                  ****
1980 ലാണല്ലോ ബി.ജെ.പി അവതരിച്ചത്. പഴയ ജനസംഘത്തിന്റെ മേൽ മറ്റൊരു തോലണിയിച്ച് അവതരിപ്പിച്ചുവെന്നതാണ് ഏറെ ശരി. പക്ഷേ, കേരളത്തിൽ ആ വേഷവിധാനം ഏറ്റില്ല. നേമം മണ്ഡലത്തിൽ അബദ്ധവശാൽ (കോടിയേരി സഖാവിന്റെ പ്രയോഗമാണോ!) ഒ. രാജഗോപാൽ വിജയിച്ചു. അദ്ദേഹം പകരം, സ്പീക്കറാകാൻ വേണ്ടി ശ്രീരാമകൃഷ്ണൻ സഖാവിന് വോട്ടും ചെയ്തു. ഇന്നിപ്പോൾ ഏകദേശം മുപ്പത്തിയഞ്ച് ഗ്രൂപ്പുകളുണ്ട് പാർട്ടിയിൽ എന്നാണ് കണക്ക്. വി. മുരളീധരൻ ചാനലുകളിൽ തല കാട്ടുമ്പോൾ, ബി.ജെ.പി ജീവനോടെയുണ്ട് എന്നു നമ്മൾ നാട്ടുകാർ തിരിച്ചറിയുന്നു. കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയെങ്കിലും പ്രസ്താവനകൾക്കു 'എരിവും പുളിയും' പോരാ എന്നൊരു അഭിപ്രായം ദില്ലിയിൽ അലയടിക്കുന്നുണ്ട്. കാര്യം മനസ്സിലാക്കി, സന്ദർഭത്തിനൊത്ത് ഉയർന്ന് സുരേന്ദ്രൻ ഒരു പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് എടുത്ത് ഒഴിച്ചു. കോൺഗ്രസും സി.പി.എമ്മും ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുവാനുള്ള ചർച്ചകൾ തുടങ്ങിയിരിക്കുന്നു! എന്തൊരു വിസ്‌ഫോടന ശബ്ദമായിരുന്നു ആ ആരോപണത്തിന്!രാഷ്ട്രീയത്തിൽ മുൻകരുതലാണല്ലോ വേണ്ടത്! മുപ്പത്തിയഞ്ച് ഗ്രൂപ്പുള്ള ബി.ജെ.പിയെ തോൽപിക്കുവാൻ പുറത്തുനിന്ന് ആരെങ്കിലും വേണോ എന്ന ശങ്കയിലായി നാട്ടുകാർ!. തിരുവനന്തപുരത്തും പാലക്കാട്ടും 'നഗരസഭ - കോർപറേഷൻ' തല ചർച്ചയാണ് എന്നു സുരേന്ദ്രൻ 'ദിവ്യ ദൃഷ്ടിയാൽ കണ്ടു. ഒരു സംശയമാണ് ബാക്കി. തലസ്ഥാന സിറ്റി കോർപറേഷനിൽ കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. രണ്ടാം സ്ഥാനത്തെ ബി.ജെ.പിയും മൂന്നാം പ്രമാണിയായ കോൺഗ്രസും ചേർന്നാൽ ഭരണത്തെ മറിച്ചിടാമായിരുന്നു. ആ വാതിൽ പലേടത്തും തുറന്നു തന്നെ കിടക്കുകയല്ലേ ഇപ്പോഴും? കേന്ദ്ര മന്ത്രി മുരളീധരന്റെ ഓഫീസിൽ കോൺഗ്രസുകാരുണ്ടെന്ന് ഈയിടെയല്ലേ ഇടതുപക്ഷക്കാർ ഗണിച്ചു തിട്ടപ്പെടുത്തിയത്? അപ്പോൾ രഹസ്യ ധാരണ ആരു തമ്മിലാണ്? അല്ല, നേതാവ് എങ്ങോട്ടാ ഓടുന്നത്? നിൽക്കൂന്നേ.....

****                        ****                ****
പാവം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലം ഓർത്താൽ 'കഠിനം കഠിനം'.... എന്നു പറഞ്ഞുപോകും. അന്നത്തെ 'അതിവേഗം ബഹുദൂരം' ആൾക്കൂട്ടം മാത്രമായതും ഇടയിലൂടെ സരിതാ നായർ സോളാർ എനർജിയുമായി പാഞ്ഞു കയറിയതും ചരിത്രം! കുഞ്ഞൂഞ്ഞച്ചായനു സൂര്യഗ്രഹണമാണെന്ന് കണ്ടവർ കണ്ടവർ ധരിച്ചു, മൂക്കത്തു വിരൽ വെച്ചു. ഒന്നുമുണ്ടായില്ല. അന്നും ഇന്നും ആർ. ബാലകൃഷ്ണപിള്ള സ്റ്റേറ്റ് കാറിൽ പായുന്നു. പുത്രൻ എമ്മെല്ലേ ആയി വിളങ്ങുന്നു. പെരുന്നയിലെ പോപ്പ് പതിവുപോലെ മുഖ്യമന്ത്രിയെ ചീത്ത പറയുന്നു.
ഇപ്പോൾ മറ്റൊരു 'സരിതാവതാരം' പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഐ.ടി സെക്രട്ടറിയെയും വകുപ്പു മന്ത്രിയെയും പോലെ നിഷ്‌കളങ്കതയുടെ പ്രതിരൂപമായ പുരുഷന്മാരെ കരിതേക്കാനുള്ള നീക്കമാണെന്നു സംശയിക്കണം. 'പ്രതിരൂപ'ത്തിലെ 'രൂപ'ത്തിൽ കരിമഷി വീണാൽ പിന്നെ 'പ്രതി'യായി കാണപ്പെടാൻ മാത്രമേ കഴിയൂ. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമലിൽ കെട്ടിവെയ്ക്കുന്ന പ്രതിപക്ഷം കേരളത്തിൽ മറ്റുള്ള ഇരുപതു മന്ത്രിമാരുടെ കാര്യം മറക്കുന്നു.

Latest News