Sorry, you need to enable JavaScript to visit this website.

ചർച്ച പരാജയം: ഫേസ്ബുക്കിൽ പരസ്യം തടയാൻ പ്രചാരണം തുടരും

ഫേസ്ബുക്ക് പ്രതിനിധികളുമായി നടത്തിയ ചർച്ച നിരാശാജനകമാണെന്നും പരസ്യങ്ങൾ ബഹിഷ്‌കരിക്കുന്നതിനുള്ള പ്രചാരണം തുടരുമെന്നും ഇതു സംബന്ധിച്ച കാമ്പയിനു പിന്നിൽ പ്രവർത്തിക്കുന്ന പൗരാവകാശ നേതാക്കൾ.
ഫേസ്ബുക്ക് സി.ഇ.ഒമാർക്ക് സക്കർബർഗ്, ഷെറിൻ സാൻഡ്‌ബെർഗ് എന്നിവരടക്കമുള്ള ഫേസ്ബുക്ക് ഉദ്യോഗസ്ഥരുമായാണ്  ഗ്രൂപ്പ് നേതാക്കൾ ചർച്ച നടത്തിയത്.  പ്രചാരണത്തിന് കാരണമായ കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കുമെന്ന് ബോധ്യപ്പെടുത്താൻ സക്കർബർഗിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും സാധിച്ചില്ലെന്ന് സ്റ്റോപ് ഹേറ്റ് ഫോർ പ്രോഫിറ്റ് എന്ന കാമ്പയിനു പിന്നിലെ സംഘടനകളിലൊന്നായ ഫ്രീപ്രസ് സി.ഇ.ഒ ജെസീക്ക ഗോൺസാലസ്  പ്രസ്താവനയിൽ പറഞ്ഞു. ഫേസ്ബുക്കിൽനിന്ന് വിദ്വേഷവും തെറ്റായ വിവരങ്ങളും വേരോടെ പിഴുതെറിയുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതിനു പകരം കമ്പനി വക്താക്കൾ പഴയ പല്ലവി തന്നെ ആവർത്തിക്കുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതു വരെ പ്രചാരണം തുടരാൻ തന്നെയാണ് തീരുമാനമെന്നും ബഹിഷ്‌കരണം വിപുലമാക്കുമെന്നും അവർ പറഞ്ഞു.  കൂടിക്കാഴ്ച നിരാശാജനകമാണെന്ന് കളർ ഓഫ് ചേഞ്ച് പ്രസിഡന്റ് റഷാദ് റോബിൻസണും പറഞ്ഞു. സ്വന്തം പ്ലാറ്റ്‌ഫോമിലെ വിദ്വേഷ പ്രചാരണത്തിനു പരിഹാരം കാണാൻ ഫേസ്ബുക്ക് തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളക്കാരുടെ വർണ മേധാവിത്വം, ആന്റിസെമിറ്റിക്, ഇസ്‌ലാമോഫോബിക്, മറ്റു വിദ്വേഷ ഗ്രൂപ്പുകൾ എന്നിവക്കെതിരെ നേരത്തേ മുതൽ സ്വീകരിക്കുന്ന നടപടികൾ തുടരുമെന്ന് മാത്രമാണ് സക്കർബർഗ് വാഗ്ദാനം ചെയ്തത്. കാമ്പയിൻ സംഘാടകരുടെ ഭാഗം കേൾക്കാനുള്ള അവസരമായിരുന്നു ചർച്ചയെന്നും ഫേസ്ബുക്കിൽ വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള നടപടികൾ തുടരുമെന്ന് ഉറപ്പു നൽകിയതായും ഫേസ്ബുക്ക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 
ഫേസ്ബുക്കിൽ മാറ്റങ്ങൾ വരുത്തുകയാണെന്ന് സാൻഡ്‌ബെർഗ് നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും ബഹിഷ്‌കരണ സംഘാടകരുടെ ആവശ്യങ്ങൾക്കു മേൽ കൃത്യമായ നടപടി പ്രഖ്യാപിച്ചില്ല. കമ്പനി രണ്ടു വർഷമായി തുടരുന്ന നയങ്ങളിലുള്ള പൗരാവകാശ ഓഡിറ്റ് റിപ്പോർട്ട് പുറത്തിറക്കുമെന്നും സാൻഡ്‌ബെർഗ് പറഞ്ഞു. 

Latest News