റിയാദ് - രാജ്യത്തിനെതിരെ വിധ്വംസക പ്രവര്ത്തനങ്ങള്ക്ക് പ്രേരണ നല്കിയ 22 പേരെ പിടികൂടിയതായി സൗദി രാജ്യ രക്ഷാ വിഭാഗമായ പ്രസിഡന്സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് അറിയിച്ചു. ഒരു ഖത്തര് പൗരനും ബാക്കിയുള്ളവര് സൗദി പൗരന്മാരുമാണ്.
രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്ന തരത്തിലുള്ള വിഷയങ്ങള് സാമൂഹിക മാധ്യമങ്ങള് വഴി ഇവര് പ്രചരിപ്പിച്ചിരുന്നതായും നേരിട്ടോ അല്ലാതെയോ വിധ്വംസക പ്രവര്ത്തനങ്ങള് നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പ്രസിഡന്സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു. ഇത്തരം പ്രവൃത്തികളില് നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്നും കുറ്റവാളികള് ശിക്ഷിക്കപ്പെടുമെന്നും രാജ്യ രക്ഷയെ അപകടത്തില് പെടുത്താന് അനുവദിക്കില്ലെന്നും വക്താവ് വ്യക്തമാക്കി.
സൈബര് കുറ്റകൃത്യ നിരോധന നിയമപ്രകാരം അഞ്ചു വര്ഷം തടവോ 30 ലക്ഷം റിയാല് പിഴയോ അല്ലെങ്കില് രണ്ടുമൊന്നിച്ചോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സൈബര് സംവിധാനങ്ങള് വഴി രാജ്യരക്ഷയെ ബാധിക്കുന്നതോ മതത്തെയോ പൊതു നന്മയെയോ ബാധിക്കുന്ന തരത്തിലുള്ളതോ ആയ പ്രവൃത്തികള് നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള് ഈ കുറ്റകൃത്യങ്ങളുടെ പരിധിയില് വരും.






