Sorry, you need to enable JavaScript to visit this website.

ഗീതു മോഹന്‍ദാസ് എന്ന നടിയെ എനിക്ക് പേടിയില്ല-ഐഷ സുല്‍ത്താന

അങ്കമാലി-ഡബ്യു.സി.സിക്കെതിരെയും സംവിധായികയ്‌ക്കെതിരെയും കോസ്റ്റിയും  ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ ഉന്നയിച്ച ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലും സ്‌റ്റെഫിക്ക് പിന്തുണയുമായി അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താന. സ്‌റ്റെഫി പേര് വെളിപ്പെടുത്താതിരുന്ന സംവിധായിക ഗീതു മോഹന്‍ദാസ് ആണെന്നും ഐഷ സുല്‍ത്താന വെളിപ്പെടുത്തി. മൂത്തോന്‍ സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം ശരിയാക്കി കൊടുത്തത് താന്‍ ഉള്‍പ്പെടുന്ന ആളുകളാണെന്നും ഇനിയും സഹായങ്ങള്‍ ചെയ്യും, കാരണം ഞങ്ങള്‍ സ്‌നേഹിച്ചത് സിനിമയെയാണ്.അല്ലാതെ ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പ് സിനിമയില്‍ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട് അല്ലായെന്നും ഐഷ പറഞ്ഞു.
ഗീതു മോഹന്‍ദാസ് എന്ന നടിയെ തനിക്ക് പേടിക്കേണ്ട കാര്യമില്ല, അവരിലെ സംവിധായകയെ  എനിക്ക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാന്‍ ഇന്നും എതിര്‍ക്കുന്നു...ഇപ്പോ സ്‌റ്റെഫി പേര് പറയാന്‍ മടിച്ച ആളുടെ പേര് നിങ്ങള്‍ക്ക് പിടികിട്ടി കാണുമല്ലോവെന്നും ഐഷ ചോദിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സ്‌റ്റെഫി ആരോപണവുമായി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ സ്‌റ്റെഫിക്ക് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
സ്‌റ്റെഫിയുടെ പോസ്റ്റിന് താഴേ കമന്റുമായിട്ടായിരുന്നു ഐശ്വര്യയെത്തിയത്. ഇപ്പോഴെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചല്ലോ എന്ന് ഐശ്വര്യ കമന്റ് ചെയ്തു. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയെയും ഐശ്വര്യ ടാഗ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടോ എന്നും ഐശ്വര്യ ചോദിച്ചു.ഡബ്ല്യു.സി.സിക്കും സംവിധായകയ്ക്കുമെതിരെ ആരോപണവുമായി ഫേസ്ബുക്ക് വഴിയായിരുന്നു സ്‌റ്റെഫി രംഗത്ത് എത്തിയത്. ഡബ്ല്യു.സി.സി നേതൃത്വത്തിലുള്ള വനിതാ സംവിധായികയുടെ സിനിമയില്‍ പ്രവൃത്തിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ തന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും ചെയ്‌തെന്നും സ്‌റ്റെഫി ആരോപിക്കുന്നു.
താന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍, 'സ്‌റ്റെഫി' ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് 'എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നെന്നും സ്‌റ്റെഫി പറഞ്ഞു.
വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് സങ്കടകരമാണെന്ന് സ്‌റ്റെഫി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടതെന്നും സ്‌റ്റെഫി പറഞ്ഞു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

എനിക്കൊരു കാര്യം പറയണം-ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ-ഒരു രാത്രി എന്നെ സ്‌റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്.പിന്നീട് എന്നെ കുറേ വട്ടം സ്‌റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു ആ കൂട്ടിടെ ആത്മാര്‍ത്ഥത കണ്ടിട്ടാണ് ഞാന്‍ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തില്‍ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫറന്‍സും എടുത്ത് കൊടുത്തത്. 
ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെര്‍മിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകള്‍ തന്നെയാണ്, അവര്‍ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാര്‍ത്ഥത കാണിച്ച സ്‌റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവര്‍ ആ സിനിമയില്‍ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാന്‍ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു…
ഡബ്ല്യു.സി.സി യോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് ഡബ്ല്യു.സി.സിയിലെ ആ സംവിധായകയോട് ഈ കാരണത്താല്‍ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയില്‍ നിന്നുള്ള ഒരാള്‍ കൂലി ചോദിച്ചതിന്റെ പേരില്‍ ഒരു കുട്ടിയെ, അതും ഒരു പെണ്‍കുട്ടിയെ അവരുടെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിര്‍പ്പ് തോന്നിയത്.
ഇതേ സംഘടനയിലേ അംഗങ്ങള്‍ ഒരിക്കല്‍ ഇരുന്ന് പറഞ്ഞല്ലോ 'പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നില്‍ക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞ്ഞിട്ടല്ലെ ആണുങ്ങളോട് ഈ സംഘടന എതിര്‍പ്പ് കാണിച്ചത്' കൂലി ചോദിച്ചാല്‍ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങള്‍ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മില്‍ വല്ല്യ വ്യത്യസമില്ലാട്ടോ, രണ്ടും ഒന്നാണ്)
 

Latest News