Sorry, you need to enable JavaScript to visit this website.

കോവിഡ് മുക്തരില്‍ സ്ലീപ്പിങ് സിക്ക്‌നെസ് ഉണ്ടായേക്കാമെന്ന് ഗവേഷണസംഘം

വാഷിങ്ടണ്‍- കോവിഡ് വൈറസ് സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ മസ്തിഷ്‌ക ക്ഷതം ഉണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് ബാധിച്ചവരില്‍ നാഡീസംബന്ധമായി ഗുരുതരരോഗങ്ങള്‍ ഉണ്ടാകാം.യൂനിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരില്‍ തലച്ചോറില്‍ തകരാറുണ്ടാകും. 1920,1930 ലും വന്ന മഹാമാരിയ്ക്ക് സമാനമായി വിശേഷിപ്പിക്കാവുന്ന സ്ലീപ്പിങ് സിക്ക്‌നെസ് അഥവാ സ്ലീപ്പി സിക്ക്‌നെസ് എന്ന എന്‍സഫലൈറ്റിസ് ലെതാര്‍ജിക്കയുടെ ആഗോളവ്യാപനം സംഭവിച്ചിരുന്നു. 1918 ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂവുമായി ബന്ധപ്പെട്ടുണ്ടായതാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

കോവിഡിന് ശേഷം ഇതേ അവസ്ഥ ഉണ്ടാകാമെന്ന് ഗവേഷകനായ മൈക്കല്‍ സാന്റി പറയുന്നു. ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് ധാരണ ഉള്ളപ്പോഴും ഒന്നും ചെയ്യാതെ മരവിപ്പ് ബാധിച്ച അവസ്ഥയില്‍ തുടരുന്നതിനാണ് എന്‍സഫലൈറ്റിസ് ലെതാര്‍ജിക്ക എന്ന് പറയുന്നത്. ഈ അവസ്ഥ വന്നാല്‍ വിശപ്പോ ആഗ്രഹമോ പ്രതികരണമോ പ്രകടിപ്പിക്കാതെ വികാരരഹിതരായിരിക്കും. ഒരുവിധത്തിലുള്ള താല്‍പ്പര്യവും പ്രകടിപ്പിക്കാതെ ഉറക്കം തൂങ്ങിയിരിക്കുകയാണ് ചെയ്യുക. ഇതിനെ സ്ലീപ്പിങ് സിക്ക്‌നെസ് അഥവാ സ്ലീപ്പി സിക്ക്‌നെസ് എന്നാണ് വിളിക്കുന്നത്.

കോവിഡിന് ശേഷം സമാന രോഗാവസ്ഥ സംഭവിക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ശ്വസനവ്യവസ്ഥയെയാണ് പ്രാഥമികമായി ബാധിക്കുന്നതെങ്കിലും നാഡീ വൈകല്യങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ന്യൂറോ സയന്റിസ്റ്റുകള്‍ പഠനം നടത്തുന്നുണ്ട്. രോഗമുക്തി നേടുന്നവരാണ് ഈ അവസ്ഥയിലെത്തുകയെന്നത് വലിയ ഭീഷണിയുയര്‍ത്തുന്നു.
 

Latest News