Sorry, you need to enable JavaScript to visit this website.

ചൈനയ്ക്ക് മുന്നേ കോവിഡ് ലോകത്ത് ഉണ്ടായിരുന്നു: ഓക്‌സ്ഫഡ് വിദഗ്ധന്‍

ലണ്ടന്‍- ലോകത്ത് ഭീതിവിതച്ച് പടര്‍ന്ന് പിടിക്കുന്ന കോവിഡ് ചൈനയില്‍ പൊട്ടിപ്പുറപ്പെടുമുമ്പുതന്നെ ലോകമെമ്പാടും നിലവിലുണ്ടായിരുന്നുവെന്ന് ഓക്‌സ്ഫഡിലെ വിദഗ്ധന്‍. ഓക്‌സ്ഫഡിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിനിലെ സീനിയര്‍ അസോസിയേറ്റ് ട്യൂട്ടറും, ന്യൂകാസില്‍  സര്‍വ്വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറുമായ ടോം ജെഫേഴ്‌സണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വൈറസ് മഹാമാരിയായി പടരുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.
'വൈറസ് ഇവിടെ ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്, ഇവിടെ എന്നുപറഞ്ഞാല്‍ എല്ലായിടത്തും. നിഷ്‌ക്രിയമായിരുന്ന ഒരു വൈറസ് ചില പാരിസ്ഥിതിക കാരണങ്ങളെ തുടര്‍ന്ന് സജീവമായതായിരിക്കാം നാം ഇപ്പോള്‍ കാണുന്നത്. ഫാക്ക്‌ലന്‍ഡ് ദ്വീപുകളില്‍ ഫെബ്രുവരി ആദ്യം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. എവിടെ നിന്നാണ് അത് വന്നത്? ദക്ഷിണ ജോര്‍ജിയയില്‍ നിന്ന് ബ്യൂണസ് ഐറിസിലേക്ക് യാത്ര തിരിച്ച ഒരു കപ്പലില്‍ എല്ലാ യാത്രക്കാരേയും സ്‌ക്രീന്‍ ചെയ്ത ശേഷമാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ യാത്ര ആരംഭിച്ച് എട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് എവിടെയായിരുന്നു?'
ഇതുപോലുള്ള വിചിത്രമായ സംഭവങ്ങള്‍ സ്പാനിഷ് ഫഌവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും ടോം പറഞ്ഞു. 1918ല്‍ പടിഞ്ഞാറന്‍ സമോവയിലെ ജനസംഖ്യയുടെ 30 ശതമാനം ആളുകളാണ് സ്പാനിഷ് ഫഌ ബാധിച്ച് മരിച്ചത്. അവര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
'ഈ ഏജന്റുകള്‍ എവിടെ നിന്നും വരുന്നുമില്ല പോകുന്നുമില്ല. അവ എല്ലായ്‌പ്പോഴും ഇവിടെയുണ്ട്. എന്തോ ഒന്ന് അവയെ ജ്വലിപ്പിക്കുകയാണ്. ഒന്നുകില്‍ അത് ജനസാന്ദ്രതായാകാം, അല്ലെങ്കില്‍ പാരിസ്ഥിതിക സാഹചര്യങ്ങളാകാം. അതാണ് നാം അന്വേഷിക്കേണ്ടത്.' ടോം അഭിപ്രായപ്പെട്ടു.
ചൈനയില്‍ കോവിഡ് വൈറസ് കണ്ടെത്തുന്നതിന് ഒമ്പതുമാസങ്ങള്‍ക്ക് മുമ്പ് 2019 മാര്‍ച്ചില്‍ ശേഖരിച്ച ബാഴ്‌സലോണയിലെ മലിനജലത്തിന്റെ സാമ്പിളില്‍ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. മിലാനില്‍ നിന്നും ട്യൂറിനില്‍ നിന്നുമുള്ള മലിനജലത്തില്‍ 2019 ഡിസംബര്‍ 18 ന് വൈറസിന് സമാനമായത് കണ്ടെത്തിയതായി ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
 

Latest News