അബുദാബി- അബുദാബി മരുഭൂമിയില്‍ കുടുങ്ങിയ 62 കാരനെ യു.എ.ഇ നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. വയോധികനായ യു.എ.ഇ പൗരനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് തിങ്കളാഴ്ചയാണ് അല്‍ഫയ്ഹയില്‍നിന്ന് ഒരു കുടുംബം സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്ററുമായി ബന്ധപ്പെട്ടത്.
അബുദാബി പോലീസിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആദ്യം സ്വദേശി കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തി. മണല്‍പ്പരപ്പില്‍ ഇദ്ദേഹത്തിന്റെ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി ഹെലികോപ്റ്ററിലേക്ക് മാറ്റുകയായിരുന്നു. ഹൃദയസംബന്ധമായും മറ്റും വിട്ടുമാറാത്ത അസുഖങ്ങളുള്ള വയോധികനെ ശൈഖ് ശഖബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്ക് തുടര്‍ചികിത്സക്കായി മാറ്റിയതായി സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീം അറിയിച്ചു.