Sorry, you need to enable JavaScript to visit this website.

ആകാശത്തിൽ ഒരായിരം നിമിഷങ്ങൾ

ഏഴാം കടലിനക്കരെ -2 

ഒരു ദിവസത്തിന്റെ പകുതിയിലേറെ സമയം ആകാശത്തിൽ ചെലവിടുക ഏറെ പ്രയാസകരമായ അനുഭവമാണ്. ഭൂമിയുമായി യാതൊരു ബന്ധവുമില്ലാതെ ആകാശത്തിലും ഭൂമിക്കുമിടയിൽ അതിലുപരി അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പതിനഞ്ചു മണിക്കൂർ  എവിടെയും നിർത്താതെ  വിമാനത്തിൽ പറക്കുക. രാവിന്റെയും പകലിന്റെയും സമയ വ്യത്യാസം അറിയാതെ വിമാനത്തിനകത്തെ സൂഖസൗകര്യങ്ങൾ  ആസ്വദിച്ച് ഉറങ്ങിയും ഉണർന്നും സമയത്തെ തള്ളിനീക്കുക ഇന്ന് അത്രയൊന്നും പ്രയാസകരമല്ല. പ്രത്യേകിച്ച് വിമാനങ്ങളുടെ രാജാവായ എയർബസ് 380ൽ. നാലാം തവണയാണ് ഈ വിമാനത്തിൽ ഞാൻ ദീർഘദൂര യാത്ര ചെയ്യുന്നത്. അബുദാബിയിൽ നിന്നു അമേരിക്കയിലെ ന്യൂയോർക്ക് വിമാനത്താവളത്തിലേക്കു ഏകദേശം പതിനാല് മണിക്കൂറാണ് പറക്കുന്ന ദൂരം, (6863 മൈൽ -11051 കി. മീ.) ചിലപ്പോൾ കാറ്റിന്റെ ഗതിക്കനുസരിച്ചു ചില ഏറ്റക്കുറച്ചിലുകൾ വരാറുണ്ട്, എന്റെ യാത്രയിൽ അത് പതിനഞ്ചു മണിക്കൂറും പത്ത് മിനുട്ടും  വേണ്ടിവന്നു. കൂടാതെ ഏറ്റവും തിരക്കേറിയ ന്യൂയോർക്ക് വിമാനത്താവളത്തിൽ പാർക്കിങ് ഗെയ്റ്റ് കിട്ടാൻ വീണ്ടും ഒരു ഇരുപതു മിനിറ്റുകൂടി ടാക്‌സിബേയിൽ അനുമതിക്കായി കാത്തിരുന്നു. അങ്ങനെ മൊത്തം ആയിരം മിനിറ്റുകൾ വേണ്ടിവന്നു വിമാനത്തിൽനിന്നിറങ്ങാൻ.


ലോകത്തിലെ ഏറ്റവും വലിയ ഈ വിമാനത്തിൽ  രണ്ടു നിലകളിലായി 555 മുതൽ  615 സീറ്റുകൾ  ഉൾക്കൊള്ളിച്ചിരിക്കുന്നു. നാലു എൻജിനുകളിൽ  പറക്കുന്ന ഈ കൂറ്റൻ വിമാനത്തിൽ  3,20,000 ലിറ്റർ  ഇന്ധനം നിറക്കുന്ന പത്തു ടാങ്കുകളുണ്ട്. ഏകദേശം 376 കോടി ഡോളർ വിലവരുന്ന വിമാനം 2005ലാണ് ആദ്യ പരീക്ഷണ പറക്കൽ  നടത്തിയത്. മേൽതട്ടിൽ  11ഫസ്റ്റ് ക്ലാസ്സും 70 ബിസിനസ് ക്ലാസ്സ് സീറ്റുകളും അടിത്തട്ടിൽ  470 ഇക്കോണമി സീറ്റുകളും  ക്രമീകരിച്ചതിന് പുറമേ മേൽത്തട്ടിൽ ഫസ്റ്റ്ക്ലാസിനും ബിസിനസ് ക്ലാസിനും ഇടയിൽ 20 പേർക്ക്  ഒരുമിച്ചിരിക്കാവുന്ന ആധുനിക രീതിയിലുള്ള ഒരു ബാർ കൂടിയുണ്ട്. വിമാനത്തിൽ ഫസ്റ്റ്ക്ലാസ് യാത്രക്കാർക്കായി ഒരു ഷെഫ് കൂടിയുണ്ട്, ഇഷ്ട ഭക്ഷണം അപ്പപ്പോൾ പാകം ചെയ്തു തരാൻ. മുകളിലത്തെ നിലയിലെ എല്ലാ സീറ്റുകളും ആറേ കാൽ അടി നീളത്തിൽ കിടക്കയായി മാറുന്ന വിധത്തിലാണ് രൂപകൽപന ചെയ്തത്. ആവശ്യമെങ്കിൽ  സ്വകാര്യമുറികളായി മാറ്റാവുന്നതുമാണ്.    

വലിയ കുളിമുറികളും മുകൾ തട്ടിലുണ്ട്. പതിനാല് മുതൽ പതിനെട്ടു മണിക്കൂർ  വരെ നോൺസ്‌റ്റോപ്പ് ആയി യാത്ര ചെയ്യുമ്പോൾ  യാതൊരുവിധ   ക്ഷീണവും യാത്രികർക്കില്ലാതിരിക്കാൻ മൂഡ് ലൈറ്റ് സംവിധാനവും, ഇന്റർനെറ്റ് കണക്ഷനും 28  ഇഞ്ച് സ്‌ക്രീനും ഓരോ സീറ്റിലും ഘടിപ്പിച്ചിരിക്കുന്നു.  പതിനഞ്ചു നീണ്ട മണിക്കൂറുകൾ  അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ കടന്നുപോയത് ഒരു വിസ്മയം പോലെ തോന്നുന്നു. 800 യാത്രക്കാർക്കിരിക്കാവുന്ന  പുതിയ എയർബസ് പണിപ്പുരയിൽ ഒരുങ്ങിവരുന്നുണ്ട്. 2021ൽ പുതിയ  സാങ്കേതിക മികവുകളോടെ ആകാശത്തിലേക്കു പറത്താനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ വിമാന ഉൽപാദനം  വലിയ പ്രതിസന്ധി നേരിടേണ്ടിവരും. പല എയർലൈനുകളും അവരുടെ ഓർഡർ തൽക്കാലം റദ്ദു ചെയ്തിരിക്കുകയാണ്.  
 
വീടുകളുടെഅമേരിക്കൻ മാതൃക
ന്യൂയോർക്കിൽ  നിന്നും നേരെ വിമാന മാർഗം മകൾ  ഫസീഹ താമസിക്കുന്ന നോർത്ത് കരോലിന എന്ന സ്‌റ്റേറ്റിലേക്കാണ്  യാത്ര തിരിച്ചത്. 
ഷാർലെറ്റ് എയർപോർട്ടിൽ   വിമാനമിറങ്ങുമ്പോൾ  അവിടെ മകളും ഭർത്താവും കാത്തുനിൽപ്പുണ്ട്.  രാത്രി ഏറെ വൈകി എത്തിയിട്ടും എയർപോർട്ടിൽ നല്ല  തിരക്കായിരുന്നു. ആഭ്യന്തര വിമാനങ്ങൾ  അധികവും രാത്രിയിലാണ്. രാത്രിയാത്രക്ക് പകലിനെക്കാൾ വിലക്കുറവാണ്. 'നൈറ്റ് ഫെയർ’ എല്ലാ വിമാന കമ്പനികളും ഓഫർ ചെയ്യുന്നു. വിജനമായ റോഡിലൂടെ ഒരു മരുഭൂമിയിലെന്ന പോലെയുള്ള യാത്ര.  തണുപ്പും മഴയും മഞ്ഞും കൂടികലർന്ന  കാലാവസ്ഥ. ഈ വർഷം അമേരിക്കയിൽ തണുപ്പ് പതിവിലും കൂടുതലാണെന്ന് മകൾ പറഞ്ഞു. കുറച്ചു ദിവസം മുമ്പ്  ശൈത്യത്തോടൊപ്പം കനത്ത മഞ്ഞു വീഴ്ചയും ഉണ്ടായിരുന്നു. നിരത്തിലെ മഞ്ഞു നീക്കാൻ പ്രത്യേക മഞ്ഞുവാരി വാഹനങ്ങൾ  തന്നെയുണ്ട്. അതിസുന്ദരമാണ് മകളുടെ വീട്. രണ്ടു നിലയിൽ പണിത വീടിന്റെ അകം ഇളം ചൂടിൽ പുറത്തെ  കഠിനമായ തണുപ്പകറ്റി. തികച്ചും ഒരു അമേരിക്കൻ മോഡൽ  വീടാണ് അവർ  പണിതത്. എല്ലാ ആധുനിക സംവിധാനങ്ങളും വീട്ടിനകത്ത്  ഒരുക്കിയിരുന്നു. ഇവിടങ്ങളിൽ യാന്ത്രിക ജീവിതമാണ്.

വിരൽതുമ്പിൽ എല്ലാം  പ്രവർത്തിക്കുന്നു. വീട്ടിൽ ആവശ്യമായ എല്ലാ സാധനങ്ങളും ഓൺലൈനിൽ വാങ്ങാം. ഇവിടെ എല്ലാവരും തിരക്കിലാണ് പ്രത്യേകിച്ച് ഭാര്യയും ഭർത്താവും  ജോലി ചെയ്യുന്ന വീടുകളിൽ. കൂട്ടുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള സൗഹൃദം പതിവുപോലെ വാട്ട്‌സ്അപ്പും സ്‌കൈപ്പിലുമായി നടക്കുന്നു. കണ്ടുമുട്ടലുകൾ  വളരെ ചുരുക്കം. ഒത്തുചേരൽ ഏതെങ്കിലും വിശേഷ ദിവസങ്ങളിൽ മാത്രം. കിഴക്കൻ അമേരിക്കൻ  ഭാഗങ്ങളിൽ  അത്രയധികം തണുപ്പില്ല. അവിടേക്ക് ഒരു യാത്ര തരപ്പെടുത്തിയാലോ എന്നായി മകൾ. 
പുതുമയുള്ള സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകാമെന്നായി.  ലോകത്തിൽ ആദ്യമായി വിമാനം ഉണ്ടാക്കിയ ഒരു ഗ്രാമത്തിലേക്ക്.  ആകാശയാത്രക്ക് തുടക്കം കുറിച്ച 'റൈറ്റ് ബ്രദേഴ്‌സിന്റെ' ജന്മനാട്ടിലേക്കായിരുന്നു ആ യാത്ര. നൂറ്റിപതിനെട്ടു വർഷങ്ങൾക്ക് മുമ്പാണ്  റൈറ്റ് ബ്രദേഴ്‌സ്  ലോക ചരിത്രത്തെ മാറ്റിമറിച്ച കണ്ടുപിടുത്തം നടത്തിയത്. ഇന്ന് നാം കാണുന്ന ആകാശയാത്രയെ മാറ്റിമറിച്ചത് ഈ രണ്ടു സഹോദരന്മാരായിരുന്നു  എന്ന യാഥാർഥ്യം നേരിൽ കണ്ടു മനസ്സിലാക്കാനും അവരുടെ ജന്മനാട്ടിലൂടെ ഇത്തിരി നേരം കറങ്ങാനും കഴിഞ്ഞു. റൈറ്റ് ബ്രദേഴ്‌സിന്റെ ഓർമകൾ  ഉറങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ 'ഏവിയേഷൻ മ്യൂസിയംകാണാനായതും നേട്ടമാണ്.


ഏവിയേഷൻ മ്യൂസിയത്തിൽ  ഒരുപാട് കാണാനും അറിയാനുമുണ്ട്.  പ്രത്യേകിച്ചു ഏവിയേഷൻ വിദ്യാർത്ഥികൾക്ക്. ഇന്നത്തെ തലമുറക്കും, വരാനിരിക്കുന്ന തലമുറക്കും റൈറ്റ് സഹോദരന്മാരുടെ പരീക്ഷണ ജീവിതത്തിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്. (തുടരും)

Latest News