Sorry, you need to enable JavaScript to visit this website.

ഇന്ത്യാ-ചൈന സേനാ പിന്മാറ്റത്തിന് പിന്നിൽ ഡോവലിന്റെ ഇടപെടൽ

ന്യൂദൽഹി- ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് പൂർണമായുള്ള സൈനിക പിൻമാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയായത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യിയും നടത്തിയ ചർച്ചയാണ് സേനാ പിൻമാറ്റത്തിന് കാരണമായത്. ഇരുപക്ഷവും സമവായത്തിലെത്തി സംഘർഷമുണ്ടായ പ്രദേശത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടതായി നില നിർത്താൻ ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വീഡിയോ കോൾ വഴി രണ്ട് മണിക്കൂറോളം നേരം നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. യഥാർഥ നിയന്ത്രണ രേഖയെ മാനിക്കുമെന്നും ഏകപക്ഷീയമായ അതിർത്തി ലംഘനങ്ങൾ ഇനി ഉണ്ടാകില്ലെന്നും ഞായറാഴ്ച നടന്ന ചർച്ചയിൽ ധാരണയായെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലഡാക്കിലെ നിമുവിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു.
പ്രത്യേക പ്രതിനിധികളെന്ന നിലയിൽ അജിത് ഡോവലും വാംഗ്‌യിയും വീണ്ടും വിഷയം ചർച്ച ചെയ്യും. സൈനീക തലത്തിൽ ഇരു രാജ്യങ്ങളുടെ കോർപ്‌സ് കമാൻഡർമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ ആദ്യ ഫലമായി ഇന്നലെ ഗൽവാൻ താഴ്‌വരയിൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ആർമി ഒരു കിലോമീറ്ററോളം പിൻവാങ്ങിയിരുന്നു. ഇന്ത്യൻ സേനയും തർക്ക സ്ഥലത്ത്‌നിന്ന് പിൻവാങ്ങി. കഴിഞ്ഞ ജൂൺ പതിനഞ്ചിന് 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഘർഷത്തിനിടയാക്കിയ സ്ഥലത്ത് നിന്നും സേന പിൻമാറി. ചൈനീസ് സേന പിൻമാറിയതായി ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാനും വ്യക്തമാക്കി. മൂന്നാംഘട്ട സൈനീകതല ചർച്ചയുടെ ഫലമായിട്ടാണ് ഇരുസേനകളും പിൻവാങ്ങിയതെന്നും ഷാവോ ലിജിയാൻ വ്യക്തമാക്കി. തർക്ക സ്ഥലങ്ങളിലെ താത്കാലിക നിർമാണ പ്രവർത്തനങ്ങളും ഇരു വിഭാഗവും ഒഴിവാക്കിയിട്ടുണ്ട്.
ഗൽവാൻ താഴ്‌വരയിലെ പോയിന്റ് 14,  പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17, ഗോഗ്ര മേഖലകളിൽ നിന്നാണ് ചൈനയുടെ സൈന്യം പിൻമാറിയത്. സംഘർഷം ഉണ്ടായ പെട്രോൾ പോയിന്റ് 14ലെ താത്കാലിക കൂടാരങ്ങളും ചൈന നീക്കം ചെയ്തു. ചൈനയുടെ പിൻമാറ്റത്തിന്റെ ആദ്യ പടി മാത്രമാണിത്. ഇത് യഥാർഥ പിൻമാറ്റമാണോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ടെന്നാണ് സൈനിക വൃത്തങ്ങൾ പ്രതികരിച്ചത്.
ജൂൺ 30ന് നടന്ന സൈനിക തല ചർച്ചയിലെ ധാരണ പ്രകാരമാണ് പിൻമാറ്റം നടന്നത്. എന്നാൽ യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് എത്ര മാത്രം അകലം പിന്നോട്ട് പോകണം എന്നത് സംബന്ധിച്ച് ധാരണയുണ്ടോ എന്നു വ്യക്തമല്ല. പാംഗോംഗ് തടാകത്തിലെ നിർമാണങ്ങളും ചൈന നീക്കം ചെയ്യുമെന്നാണ് വിവരം. എന്നാൽ, ഇതു സംബന്ധിച്ച് ഇതുവരെ ഇത് നീക്കം ചെയ്തതായി വിവരമില്ല. നിലവിൽ പാംഗോംഗ് തടാകത്തിലെ ഫിംഗർ നാലിൽ ചൈന ബങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്. ഫിംഗർ പോയിന്റ് നാലിനും എട്ടിനും ഇടയിൽ അവർക്ക് നിരീക്ഷണ പോസ്റ്റുകളും ഉണ്ട്. എന്നാൽ, ഫിംഗർ പോയിന്റ് എട്ട് യഥാർഥ നിയന്ത്രണ രേഖയുടെ ഭാഗമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്.
ജൂൺ 22ന് എടുത്ത ഉപഗ്രഹ ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതനുസരിച്ച് യഥാർഥ നിയന്ത്രണ രേഖ കടന്ന് ചൈന വൻ ആയുധ വിന്യാസവും നിർമാണ പ്രവർത്തനങ്ങളും നടത്തി എന്നാണ്. ഗൽവാൻ താഴ്‌വരയിൽ 423 മീറ്റർ ഇന്ത്യൻ ഭാഗത്തേക്ക് ചൈന കടന്നു കയറിയതായും ചിത്രത്തിൽ നിന്നും വ്യക്തമാകുന്നു. മേയിൽ നടന്ന സംഘർഷത്തിന് ശേഷം ഇന്ത്യൻ സൈന്യത്തിന് പെട്രോളിംഗ് നിഷേധിച്ച പാംഗോംഗ് തടാക മേഖലയിൽ ചൈന നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതയാണ് പ്ലാനറ്റ് ലാബ്‌സിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്.

 

Latest News