തൊഴിലാളികള്‍ക്ക് മാസ്‌ക് നിര്‍മിച്ച ബാലികക്ക് ആദരം

തൊഴിലാളികള്‍ക്ക് മാസ്‌ക് നിര്‍മിച്ച് വിതരണം ചെയ്ത എട്ടുവയസ്സുകാരി ഹിസ്സ അല്‍യാസിക്ക് പി.സി.എല്‍.എ അധികൃതര്‍ സമ്മാനം നല്‍കുന്നു.

ദുബായ്- നിര്‍ധനരായ തൊഴിലാളികള്‍ക്ക് തുണികൊണ്ട് ഫെയ്‌സ് മാസ്‌ക് നിര്‍മിച്ചു നല്‍കിയ കൊച്ചുബാലികയെ ദുബായ് ലേബര്‍ അഫയേഴ്‌സ് പെര്‍മനന്റ് കമ്മിറ്റി (പി.സി.എല്‍.എ) ആദരിച്ചു. ആര്‍ദ്രതയുടെ പര്യായമായി മാറിയസെക്കന്റ് ഗ്രേഡ് വിദ്യാര്‍ഥി ഹിസ്സ അബ്ദുല്ല അല്‍യാസി എന്ന എട്ടു വയസ്സുകാരി എമിറാത്തി ബാലികയാണ് ബഹുമതിക്ക് അര്‍ഹയായത്.
ലോക്ക്ഡൗണ്‍ സമയത്ത് ഹിസ്സ തൊഴിലാളികള്‍ക്ക് മാസ്‌ക് നിര്‍മിച്ച് വിതരണം ചെയ്യുന്നതിന്റെ വീഡിയോ അവളുടെ  പിതാവാണ് സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ട
പി.സി.എല്‍.എ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ഹിസ്സയെയും പിതാവ് അബ്ദുല്ല ഹസന്‍ അല്‍യാസിയെയും വിളിക്കുകയായിരുന്നു.
ഈ സംരംഭത്തിന് മുതിര്‍ന്ന ഹിസ്സയെയും പിതാവ് അബ്ദുല്ല അല്‍യാസിയെയും മേജര്‍ ജനറല്‍ ബിന്‍ സുറൂര്‍ അഭിനന്ദിച്ചു. കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ കുട്ടിയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത മാതാപിതാക്കള്‍ പ്രശംസയര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ ഒരു മത്സരത്തില്‍നിന്നാണ് മകള്‍ക്ക് ഈ ആശയം ലഭിച്ചതെന്ന് അബ്ദുല്ല അല്‍യാസി സൂചിപ്പിച്ചു. ഭാവിയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ ഹിസ്സയെ പി.സി.എല്‍.എ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

 

 

 

Latest News