Sorry, you need to enable JavaScript to visit this website.

അട്ടിമറിക്കപ്പെടുന്ന പരിസ്ഥിതി നിയമങ്ങൾ

കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയിൽ ജനങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് പരിസ്ഥിതി ആഘാത നിർണയ പ്രക്രിയയിൽ വെള്ളം ചേർക്കാൻ മോഡി സർക്കാർ നീക്കം നടത്തുന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ട് പ്രസിദ്ധീകരിച്ച കരട് പരിസ്ഥിതി ആഘാത നിർണയ വിജ്ഞാപനത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് കൂടുതൽ സമയം നൽകണമെന്ന ആവശ്യമാണ് വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ കാരണം പോലും വ്യക്തമാക്കാതെ നിരാകരിച്ചിരിക്കുന്നത്.


2006 ലെ പരിസ്ഥിതി ആഘാത നിർണയ വിജ്ഞാപനത്തിൽ അക്ഷരാർത്ഥത്തിൽ വെള്ളം ചേർക്കുന്ന ഭേദഗതി ചെയ്ത കരട് മാർച്ച് 23 നാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് തയാറാക്കിയത്. അത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഏപ്രിൽ 11 ന് പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് ജൂൺ 10 ന് അവസാനിക്കുന്ന 60 ദിവസത്തെ കാലാവധിയാണ് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ അനുവദിച്ചത്. പരിസ്ഥിതി ആഘാത നിർണയ സംബന്ധിയായ പൊതുജനങ്ങളുടെ വാദം കേൾക്കുന്നതിൽ നിന്നും ചില വ്യവസായങ്ങൾക്ക് വിജ്ഞാപനം ഇളവ് അനുവദിക്കുന്നു. 
പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് വർഷത്തിൽ രണ്ടു തവണ അനുവർത്തന റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ പുതിയ കരട് വിജ്ഞാപനത്തിൽ ഒന്നാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഖനന പ്രവൃത്തികൾക്ക് ദീർഘകാല അനുമതി നൽകുന്ന വിവാദ വ്യവസ്ഥയാണ് കരട് വിജ്ഞാപനത്തിലെ മറ്റൊരിനം.


ഈ ഇളവുകൾ സ്വാഭാവികമായും പരിസ്ഥിതി വിദഗ്ധർ, പ്രവർത്തകർ, സാമാന്യ ജനങ്ങൾ എന്നിവരിൽ നിന്നും വ്യാപക എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. കരട് വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച ഏപ്രിൽ 11 മുതൽ 23 വരെയുള്ള പന്ത്രണ്ട് ദിവസങ്ങൾക്കിടയിൽ 4000 ത്തിലധികം പ്രതികരണങ്ങൾ ജോയന്റ് സെക്രട്ടറി തലത്തിൽ ലഭിച്ചതായി വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തിൽ പൊതുജനാഭിപ്രായം ആരായുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവും പ്രതികരണങ്ങൾ ഉയർത്തിയിരുന്നു. വ്യാപകമായ അഭിപ്രായം മാനിച്ച് പൊതുജനാഭിപ്രായം അറിയിക്കാൻ 180 ദിവസം സമയം അനുവദിക്കണമെന്ന ജോയന്റ് സെക്രട്ടറിയുടെ ശുപാർശ നിരാകരിക്കപ്പെട്ടെങ്കിലും അത് 120 ദിവസമായി പരിമിതപ്പെടുത്തി ഓഗസ്റ്റ് 10 വരെ അനുവദിക്കാൻ പരിസ്ഥിതി സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും സന്നദ്ധരായി. ഉദ്യോഗസ്ഥ തലത്തിൽ എത്തിച്ചേർന്ന ആ സമവായമാണ് യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെ മന്ത്രി പ്രകാശ് ജാവദേക്കർ ഏകപക്ഷീയമായി ജൂൺ 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നത്. മന്ത്രിയുടെ തീരുമാനം പരിസ്ഥിതി പ്രവർത്തകരിലും പരിസ്ഥിതി ആഘാതത്തിന് ഇരകളായി മാറുന്ന ഉൽക്കണ്ഠാകുലരായ ജനങ്ങളിലും വ്യാപക പ്രതിഷേധത്തിനും രോഷത്തിനും കാരണമായിട്ടുണ്ട്. ശക്തമായ നിയമങ്ങളും അവ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉതകുന്ന പൊതുജനാഭിപ്രായവും നിരന്തരവും ജാഗ്രതാപൂർണവുമായ നിരീക്ഷണവും കൂടാതെ പരിസ്ഥിതി സംരക്ഷണം അസാധ്യമാകുന്ന ഗുരുതര സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനിൽക്കുന്നത്.


പരിസ്ഥിതിക്കും ജൈവ വൈവിധ്യത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചയും തൽഫലമായി പ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ഭീഷണ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും അനിഷേധ്യങ്ങളായ ജീവിത യാഥാർത്ഥ്യങ്ങളായിരിക്കുന്നു. അതുകൊണ്ടു തന്നെ ജനങ്ങളുടെ ഉൽക്കണ്ഠകൾക്കും അഭിപ്രായങ്ങൾക്കും അർഹമായ പരിഗണന കൂടിയേ തീരൂ. പൊതുജനാഭിപ്രായത്തിന് അവസരം നിഷേധിക്കുന്ന ജാവദേക്കറുടെ തീരുമാനം ഒറ്റപ്പെട്ടതോ യാദൃഛികമോ ആണെന്ന് കരുതാനാവില്ല. പ്രകൃതിക്കും പരിസ്ഥിതിക്കും ജൈവ വൈവിധ്യത്തിനും അതിനെ ആശ്രയിച്ചു നിലനിൽക്കുന്ന സാധാരണ മനുഷ്യരുടെ ആരോഗ്യത്തിനും സുരക്ഷക്കും ജീവനും വില കൽപിക്കാത്ത കോർപറേറ്റ് കുത്തകകൾക്കും അവരുടെ ലാഭ താൽപര്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ഭരണകൂടമാണ് ജാവദേക്കർ ഉൾപ്പെട്ട മോഡി ഭരണകൂടം. 
പരിസ്ഥിതി മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ പ്രകൃതിവിഭവങ്ങൾ കൊള്ള ചെയ്യാനും വ്യവസായ ശൃംഖലകൾ പണിതുയർത്താനും ഒത്താശ ചെയ്യുക എന്നത് തങ്ങളുടെ ഭരണകൂട ഉത്തരവാദിത്തമായി അവർ കാണുന്നു. അത്തരം ജനവിരുദ്ധ നയങ്ങൾ വ്യാപകമായ എതിർപ്പും സംഘടിത പ്രതിഷേധവും ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും. 

Latest News