Sorry, you need to enable JavaScript to visit this website.

വിജയത്തിലേക്ക് പത്ത് പടവുകൾ 


ഈ നൂറ്റാണ്ടിലെ മികച്ച സംരംഭകനും മോട്ടിവേറ്ററുമാണ് ജാക്മാ. സ്വന്തം ജീവിതാക്ഷരങ്ങൾ കൊണ്ട് ഏവരെയും പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും വിജയ മന്ത്രങ്ങളുടെ കലവറയാണ്. ലോകത്തെ മികച്ച ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകനായ അദ്ദേഹത്തിന്റെ ജീവചരിത്രം  ഏതൊരു സംരംഭകനും പ്രചോദനമാണ്. മനുഷ്യന്റെ ഭാവനയുടെ പരിമിതികളെ മറികടന്ന് വിജയിച്ച അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. 
ചൈനയിലെ ദരിദ്ര കുടുംബത്തിലായിരുന്നു ജാക്മായുടെ ജനനം. ടീനേജ് കാലത്ത് ടൂറിസ്റ്റുകളുടെ ഗൈഡായി, സൗജന്യ സേവനം. എന്തിനെന്നല്ലേ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ.
ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുള്ള ഏക മാർഗം വിദ്യാഭ്യാസമാണെന്ന് അവനറിയാമായിരുന്നു. വിവിധ കോളേജുകളിലേക്ക് അപേക്ഷ അയച്ചു. എല്ലാവരും തള്ളിക്കളഞ്ഞു. 10 തവണയാണ് ഹാർവാർഡിലേക്ക് അപേക്ഷിച്ചത്. 10 തവണയും റിജക്ഷൻ. അന്ന് മനസ്സിൽ കുറിച്ചു, ഇവിടെ ഒരു നാൾ ഞാൻ പഠിപ്പിക്കും.
30 ജോലികൾക്ക് അപേക്ഷിച്ചു, ആരും ജോലിക്കെടുത്തില്ല. അയാൾക്ക് മികവില്ലെന്നായിരുന്നു അവർ പറഞ്ഞത്. ചൈനയിൽ കെ.എഫ്.സി തുടങ്ങിയപ്പോൾ അവിടെയും ജാക്മാ അപേക്ഷ കൊടുത്തു. മൊത്തം 24 അപേക്ഷകരാണുണ്ടായിരുന്നത്. ഇരുപത്തിമൂന്ന്  പേർക്കും ജോലി കിട്ടി. അദ്ദേഹത്തിന് മാത്രം കിട്ടിയില്ല.


പരാജയങ്ങളിലും പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസമാണ് ഒരു എൻട്രപ്രണറുടെ വിജയത്തിന്റെ ആണിക്കല്ലെന്ന് അദ്ദേഹം പ്രാവർത്തികമായി തെളിയിച്ചു. 
ജീവിതത്തിന്റെ ഉയരങ്ങൾ താണ്ടാൻ അതികഠിനമായി പരിശ്രമിച്ച ജാക്മാക്ക് ബിസിനസ് ഒരു സ്വപ്‌നമായിരുന്നു. മനസ്സിൽ തോന്നിയ ആശയങ്ങൾ സുഹൃത്തുക്കളോടും അടുപ്പക്കാരോടും പങ്കുവെക്കുമ്പോൾ പലരും മണ്ടത്തരം എന്നു പോലും പരിഹസിച്ചു. 1994 ൽ ഇന്റർനെറ്റിനെക്കുറിച്ച് അറിഞ്ഞ ജാക്മാ അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ യു.എസിലെത്തി. അവിടെ ചൈനയിൽ നിന്നുളള ഉൽപന്നങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞ ജാക്മാക്ക് നിരാശപ്പെടേണ്ടി വന്നു. ചൈനയിൽ നിന്നുളള ഉൽപന്നങ്ങളുടെ വിവരങ്ങൾ ഒന്നും വെബ്‌സൈറ്റുകളിൽ ലഭ്യമായിരുന്നില്ല. നാട്ടിലെത്തിയ ജാക്മാ ഈ ഉൽപന്നങ്ങൾ ഇന്റർനെറ്റിൽ പരിചയപ്പെടുത്തുന്നതിനായി സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ വെബ്‌സൈറ്റ് ആരംഭിച്ചു. അവിടെ നിന്നാണ് ഓൺലൈൻ മേഖലയിലെ ജാക്മായുടെ ആദ്യ ചുവടുവെപ്പ്.
പിന്നീട് 1999 ൽ ആലിബാബ ഗ്രൂപ്പ് സ്ഥാപിച്ചു. കേവലം പതിനെട്ടു പേരുമായാണ് കമ്പനി തുടങ്ങിയത്. ചൈനയിലെ എൻട്രപ്രണേഴ്‌സിനും കയറ്റുമതി ബിസിനസ് ചെയ്യുന്നവർക്കും അവരുടെ ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന് വേദിയൊരുക്കുന്ന വെബ്‌സൈറ്റ് ആയിരുന്നു തുടക്കം. 2016 ൽ ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായി.
വിജയം നേടണമെങ്കിൽ പത്ത് നിയമങ്ങൾ പാലിക്കണമെന്നാണ്  ജാക്മാ പറയുന്നത്. 


1. മറ്റുള്ളവരുടെ പരാജയങ്ങളിൽ നിന്നും പഠിക്കുക. 
2. വലിപ്പത്തിലല്ല, ഗുണനിലവാരത്തിൽ ശ്രദ്ധിക്കുക.
3. ഏത് മേഖലയിലും ആദ്യത്തേതാവുക. ഏറ്റവും മികച്ചതാവാൻ കാത്തുനിൽക്കേണ്ടതില്ല. 
4. ഭാവിക്ക് വേണ്ടി തയാറാവുക. 
5. എതിരാളികളെ ആദരിക്കുക.
6. വെല്ലുവിളികളെ അവസരങ്ങളായി കാണുക.
7. സ്വന്തത്തിലും സ്വന്തം ഉൽപന്നങ്ങളിലും വിശ്വസിക്കുക.
8. കഴിവുള്ള ജീവനക്കാരാൽ കമ്പനിയെ ധന്യമാക്കുക. 
9. ആരോഗ്യത്തോടെ ജീവിക്കുക.
10. ബിസിനസിനോടൊപ്പം വിനോദത്തിനും സമയം കണ്ടെത്തുക. 
വിജയ മന്ത്രങ്ങളെക്കുറിച്ച്  ലോക സാമ്പത്തിക ഫോറമുൾപ്പെടെയുള്ള വിവിധ വേദികളിലായി ജാക്മാ പങ്കുവെച്ച ആശയങ്ങളും ഇവിടെ പ്രസക്തമാകുമെന്നു കരുതുന്നു. 
1. പരാജയങ്ങൾ ശീലമാക്കുക. പരാജയങ്ങൾക്കപ്പുറം കാത്തിരിക്കുന്നത് തിളക്കമാർന്ന വിജയമാണ്. 
2. സ്വപ്‌നങ്ങൾ തിളക്കം മങ്ങാതെ നിലനിലർത്തുക. പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. 
3. ഓരോ കമ്പനിക്കും സവിശേഷമായ സംസ്‌കാരം വേണം. പരസ്പര ബഹുമാനം, സ്‌നേഹം, സഹകരണം എന്നിവയാകണം സംസ്‌കാരത്തിന്റെ അടിസ്ഥാനം. 
4. സ്വന്തത്തെക്കുറിച്ച നല്ല ധാരണ വേണം. പരിഹാസങ്ങളെ പുഛിച്ച് തളളുക
5. ചുറ്റുപാടിൽ നിന്നും നിരന്തരം പ്രചോദനമുൾക്കൊള്ളുക.
6. സദാ ജാഗരൂകരായിരിക്കുക. എന്തു കാര്യവും ശ്രദ്ധയോടെ അംഗീകരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുക.
7. സ്ഥാപനത്തിന്റെ പേര് പ്രധാനമാണ്. അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കാവുന്ന പേര് തെരഞ്ഞെടുക്കുക. 
8. ബിസിനസിൽ ഉപഭോക്താവാണ് രാജാവ്. ജീവനക്കാർ രണ്ടാമതും ഓഹരി ഉടമകളും ചെയർമാനും മൂന്നും നാലും സ്ഥാനമാണുള്ളത്. 
9. ഉപഭോക്താക്കളുടെ പരാതികൾ അവഗണിക്കാതിരിക്കുക. ഒരു പക്ഷേ പരാതികൾ പുതിയ ബിസിനസ് സാധ്യതകളിലേക്ക് വഴി തുറക്കും. 
നിങ്ങൾ വിജയിച്ചവരുടെ ചരിത്രമല്ല വായിക്കേണ്ടത്. അത് നിങ്ങൾക്ക് കുറെ സന്ദേശങ്ങൾ മാത്രമേ നൽകൂ. പരാജയപ്പെട്ടവരുടെ ചരിത്രം വായിക്കുക. അത് നിങ്ങൾക്ക് വിജയിക്കാനാവശ്യമായ ഐഡിയകൾ നൽകുമെന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ അഭിപ്രായവും ഇതോടു ചേർത്തു വായിക്കാം.  
വിഷയത്തിന്റെ ചില വശങ്ങളിലേക്ക് വെളിച്ചം വീശുന്ന ചില ചിന്തകൾ മാത്രമാണ് ഇവിടെ പങ്കുവെച്ചത്. പഠനത്തിലും കരിയറിലുമൊക്കെ നല്ല മനസ്സോടെ മുന്നേറാനും ജീവിത വിജയം സാക്ഷാൽക്കരിക്കുവാനും സാധ്യമായവ പിന്തുടരുക.       

Latest News