Sorry, you need to enable JavaScript to visit this website.

കോവിഡിന് പിന്നാലെ ചൈനയില്‍ പ്ലേഗും, ലോകമെങ്ങും കടുത്ത ആശങ്ക 

ബെയ്ജിംഗ്- ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. 14ാം നൂറ്റാണ്ടില്‍ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. ചൈനയിലെ സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ബായന്നൂര്‍ സിറ്റിയിലെ ആശുപത്രിയിലാണ് പ്ലേഗ് സംശയിക്കുന്ന രോഗികളുള്ളത്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ കേസ് കഴിഞ്ഞ ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 15 വയസുകാരനിലാണ്. നായയെ ഉപയോഗിച്ച് വേട്ടയാടി പിടിച്ച വന്യജീവിയെ ഇയാള്‍ കഴിച്ചിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗം സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ പ്രദേശത്ത് ലെവല്‍ മൂന്ന് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രകാരം വന്യമൃഗങ്ങളെ വേട്ടയാടുന്നതും അവയെ ഭക്ഷണമായി ഉപയോഗിക്കുന്നതിനും വിലക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് അധികൃതരെ അറിയിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണങ്ങള്‍ ഈ വര്‍ഷം അവസാനം വരെ ഉണ്ടാകുമെന്നാണ് വിവരം.
മൃഗങ്ങളില്‍ കാണപ്പെടുന്ന ചെള്ളുകളില്‍ നിന്നാണ് ബ്യുബോണിക് പ്ലേഗ് പടരുന്നത്. കൃത്യമായി പാകം ചെയ്യാത്ത രോഗബാധയുള്ള ജീവിയുടെ മാംസം കഴിക്കുന്നവരിലും രോഗം വരാന്‍ സാധ്യതയുണ്ട്. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കോശവ്യവസ്ഥയെ ആണ് ബാക്ടീരിയ ആക്രമിക്കുന്നത്. നിലവില്‍ ഇതിന് വാക്‌സിനുകള്‍ ലഭ്യമല്ല. എന്നാല്‍ സ്‌റ്റെപ്‌റ്റോമൈസിന്‍, ജെന്റാമൈസിന്‍, ഡോക്‌സിസൈക്ലിന്‍ എന്നീ ആന്റിബയോട്ടിക്കുകള്‍ രോഗം ബാധിച്ചവരില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ 30 മുതല്‍ 90 ശതമാനം വരെ ആളുകള്‍ മരിക്കാന്‍ കാരണമാകും. ചികിത്സ ലഭ്യമാക്കിയാല്‍ മരണ നിരക്ക് 10 ശതമാനമായി കുറയ്ക്കാനാകും. എന്നാല്‍ രോഗം ബാധിച്ച് ചികിത്സിക്കപ്പെട്ടില്ലെങ്കില്‍ 10 ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
14ാം നൂറ്റാണ്ടില്‍ ഉണ്ടായ രേഖപ്പെടുത്തവയില്‍ വെച്ചേറ്റവും ഭീകരമായ മഹാമാരിയായ 'കറുത്ത മരണം' ഈ പ്ലേഗ് ബാധയെ തുടര്‍ന്നാണ് പടര്‍ന്ന് പിടിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലായി അഞ്ച് കോടിയോളം ആളുകള്‍ പ്ലേഗ് ബാധമൂലം അന്ന് മരിച്ചിരുന്നു. 19ാം നൂറ്റാണ്ടില്‍ ഈ രോഗം മടങ്ങിവന്നു. ചൈനയിലും ഇന്ത്യയിലുമായി 1.2 കോടി ആളുകള്‍ പ്ലേഗ് ബാധിച്ച് മരിച്ചു.
പല രാജ്യങ്ങളിലും പ്ലേഗ് പല കാലങ്ങളില്‍ തലപൊക്കിയിട്ടുണ്ട്. 2017ല്‍ മഡഗാസ്‌കറില്‍ 300 പേരില്‍ രോഗം ബാധിച്ചു. അതില്‍ 30 പേര്‍ മരിച്ചു. 2019ല്‍ ഇന്നര്‍ മംഗോളിയയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഉത്തര മധ്യ ഏഷ്യയില്‍ കാണപ്പെടുന്ന മാര്‍മത്ത് എന്ന അണ്ണാന്‍ വിഭാഗത്തില്‍ പെടുന്ന ജീവിയുടെ മാംസം കഴിച്ചവരിലാണ് രോഗം ബാധിച്ചത്. അന്ന് രോഗം ബാധിച്ച രണ്ടുപേരും മരിച്ചിരുന്നു. ഇതേ ജീവിയുടെ മാംസം കഴിച്ചവരിലാണ് ഇപ്പോള്‍ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

Latest News