കോവിഡ് മരുന്ന് പ്രസ്താവന തിരുത്തി; നാണംകെട്ട് കേന്ദ്ര സര്‍ക്കാര്‍

 കോവിഡ് മരുന്ന് 2021 നകം ലഭ്യമാകാന്‍ സാധ്യതയില്ലെന്ന പ്രസ്താവനയാണ് തിരുത്തിയത്

ന്യൂദല്‍ഹി- കോവിഡ് ചികിത്സക്കുള്ള മരുന്ന് 2021 ന് മുമ്പ് ലഭ്യമാകാന്‍ സാധ്യതയില്ലെന്ന സ്വന്തം പ്രസ്താവന ശാസ്ത്ര, സാങ്കേതിക മന്ത്രാലയം നിമിഷങ്ങള്‍ക്കകം തിരുത്തി. സ്വാതന്ത്ര്യ ദിനത്തില്‍ കോവിഡ് മരുന്ന് പുറത്തിറക്കുമെന്ന ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്‍) പ്രസ്താവന വിവാദമായിരിക്കെയാണ് പുതിയ സംഭവവികാസം.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് ഉടന്‍ തന്നെ എഡിറ്റുചെയ്യുകയായിരുന്നു. 2021 ന് മുമ്പ് ബഹുജന ഉപയോഗത്തിനായി ഒരു വാക്‌സിന്‍ തയാറാകാന്‍ സാധ്യതയില്ല എന്ന ഭാഗമാണ് നീക്കം ചെയ്തത്.
ആഗോള മത്സരത്തില്‍ തദ്ദേശീയ ഇന്ത്യന്‍ കോവിഡ് 19 വാക്‌സിനുകളെക്കുറിച്ച് ഡോ. ടി.വി. വെങ്കടേശ്വരന്റെ പ്രസ്താവനയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നത്.
140 വാക്‌സിനുകളില്‍ ഇന്ത്യയുടെ കോവാക്‌സിന്‍, സൈക്കോവ്-ഡി എന്നിവയുള്‍പ്പെടെ 11 മരുന്നുകള്‍ ലോകമെമ്പാടുമായി മനുഷ്യരില്‍ പരീക്ഷിക്കുകയാണെങ്കിലും ഇവയൊന്നും 2021 ന് മുമ്പ് ബഹുജന ഉപയോഗത്തിന് തയാറാകില്ലെന്നായിരുന്നു ആദ്യത്തെ പ്രസ്താവന.  
മാറ്റം വരുത്തിയ പുതിയ പ്രസ്താവനയില്‍ മുമ്പുണ്ടായിരുന്ന ഖണ്ഡികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല.
ഓഗസ്റ്റ് 15 നകം ലോകത്തെ ആദ്യത്തെ കോവിഡ് 19 വാക്‌സിന്‍ തദ്ദേശീയമായി വികസിപ്പിച്ച് പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായി ഐ.സി.എം.ആര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്ലിനിക്കല്‍ ട്രയല്‍ അനുമതി വേഗത്തില്‍ നേടിയെടുക്കാന്‍ തെരഞ്ഞെടുത്ത മെഡിക്കല്‍ സ്ഥാപനങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മരുന്ന് പരീക്ഷണത്തിന് ഇത്തരമൊരു സമയപരിധി യുക്തിസഹമല്ലെന്ന വാദവുമായി വിദഗ്ധര്‍ രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വലിയ പ്രഖ്യാപനം നടത്താനുള്ള തിടുക്കമാണ് കാണിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ പ്രസ്താവനകള്‍ നല്‍കി.
ഭരത് ബയോടെക്, ഐ.സി.എം.ആര്‍ എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ വേഗത്തില്‍ തന്നെ പരീക്ഷിക്കുമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് വാക്‌സിന്‍ അതിവേഗം വികസിപ്പിക്കാനും ഓഗസ്റ്റ് 15 നകം പൊതുജന ഉപയോഗത്തിനായി ലഭ്യമാക്കാനുമുള്ള നീക്കം ആരോഗ്യ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹമാരിക്ക് അതിവേഗത്തില്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള നീക്കം ഉയര്‍ത്തുന്ന ധാര്‍മിക, സുരക്ഷാ ആശങ്കകളാണ് ചര്‍ച്ചയായിരിക്കുന്നത്.

 

Latest News