ദല്‍ഹി കലാപത്തിനു കാരണം പൗരത്വം നഷ്ടപ്പെടുമെന്ന ഭയമെന്ന് കുറ്റപത്രത്തില്‍ ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ ബേക്കറി  ജോലിക്കാരനായ ദില്‍ബാര്‍ നേഗിയെ കൊലപ്പെടുത്തിയത് പൗരത്വം നഷ്ടമാകുമെന്ന് ഭയപ്പെട്ടവരാണെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.  പ്രതികളായ 12 പേരും പൗരത്വം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതെന്നും ദല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിക്കു പുറമെ, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ മുഹമ്മദ് ഷാനവാസ് എന്ന ഷാനു, മുഹമ്മദ് ഫൈസല്‍, ആസാദ്, അശ്‌റഫ് അലി, റാഷിദ്, മോനു, ഷാരൂഖ്, മുഹമ്മദ് ശുഐബ്, പര്‍വേസ്, മുഹമ്മദ് താഹിര്‍, സല്‍മാന്‍, സോനു സൈഫി എന്നിവര്‍ പൊതുപ്രസ്താവന നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.  രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ പൗരത്വം നഷ്ടപ്പെടുമെന്ന് സുഹൃത്തുക്കള്‍ തങ്ങളോട് പറഞ്ഞിരുന്നുവെന്നാണ് മൊഴിയിലുള്ളതെന്നും പോലീസ് വെളിപ്പെടുത്തി.

ഫെബ്രുവരി 24,25 തീയതികളില്‍ ദല്‍ഹി ശിവ് വിഹാറില്‍ കലാപം ഉണ്ടായപ്പോള്‍ 20 കാരനായ ദില്‍ബാര്‍ നേഗി ബേക്കറിയിയുടെ രണ്ടാംനിലയില്‍ കുടുങ്ങിയതായിരുന്നു.  26 നാണ് ഇയാളുടെ കരിഞ്ഞ മൃതദേഹം കടയില്‍ നിന്ന് കണ്ടെടുത്തത്. ഇയാളെ ജീവനോടെ ചുട്ടുകൊന്നതാണെന്നും മുസ്‌ലിംകളുടെ ശക്തി കാണിക്കാന്‍ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

 

Latest News