Sorry, you need to enable JavaScript to visit this website.

മനസ്സുകളിൽ നോവ് പടർത്തി ഹൃദയാഞ്ജലി

കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിച്ച ഹൃദയാഞ്ജലിയിൽ നിന്ന് 

ദോഹ- കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട മലയാളികളെക്കുറിച്ചുള്ള അനുസ്മരണ പരിപാടി ഹൃദയാഞ്ജലി സമാപിച്ചു. കോവിഡ് പ്രതിസന്ധി സമയത്ത് പ്രവാസികളോടുള്ള കേന്ദ്ര, കേരള സർക്കാറുകളുടെ അവഗണനകൾക്കെതിരെ കൾച്ചറൽ ഫോറം ഖത്തറിന്റെ ഞങ്ങളും കൂടിയാണ് കേരളം എന്ന കാമ്പയിന്റെ ഭാഗമായാണ് ഹൃദയാഞ്ജലി സംഘടിപ്പിച്ചത്. കൾച്ചറൽ ഫോറം ഫേസ്ബുക് പേജ് വഴി നടന്ന ലൈവ് പരിപാടിയിൽ  അടൂർ പ്രകാശ് എം പി, എൻ കെ പ്രേമചന്ദ്രൻ എം പി, ഉബൈദുല്ല എം എൽ എ, പ്രവാസി ബന്ധു വെൽഫെയർ ഫോറം ചെയർമാൻ കെ.വി ഷംസുദ്ദീൻ, മീഡിയ വൺ ഗൾഫ് ബ്യൂറോ ചീഫ് എം സി എ നാസർ, വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ,  മാധ്യമ പ്രവർത്തകനും സോഷ്യൽ ആക്ടിവിസ്റ്റുമായ റെജിമോൻ കുട്ടപ്പൻ, കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമ്മേൽ,  പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്ര, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ,  വെൽഫയർ പാർട്ടി വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് പ്രസിഡന്റ് ജബീന ഇർഷാദ്, കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ എന്നിവർ സംസാരിച്ചു.


ആരുടേയും ഔദാര്യമല്ല തേടുന്നത്, പ്രവാസികളുടെ  അവകാശമാണ് അവർക്ക് വകവെച്ച് കൊടുക്കേണ്ടതെന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു. മരണപ്പെട്ട പ്രവാസികളിൽ ഭൂരിഭാഗം പേരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവരാണ്. അവരുടെ മരണത്തോട് കൂടി അനാഥമായിപ്പോയ കുടുംബങ്ങൾക്ക്  സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നും കുടുംബത്തിന്റെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നും ഇനിയും ഇത്തരം പാവപ്പെട്ട സാധാരണക്കാരായ പ്രവാസികളെ മരണത്തിന് വിട്ടുകൊടുക്കുന്ന സമീപനം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലെന്നുമുള്ള ആവശ്യങ്ങൾ പ്രഭാഷണങ്ങളിൽ ഉന്നയിക്കപ്പെട്ടു.


നബീല ഹക്കീം ഗാനവും സുബൈർ കോർപുള്ളി, ഹാരിസ് എടവന എന്നിവർ കവിതകളും ആലപിച്ചു. ഉസ്മാൻ മാരാത്ത് രചനയും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വ ചിത്രം പെട്ടിയുടെ ചിത്രീകരണവും നടന്നു. നജീബ് വടകര, വസന്തൻ പൊന്നാനി, തുടങ്ങിയവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
ജസീം ലക്കി, സാലിം വേളം തുടങ്ങിയവർ സാങ്കേതിക സഹായങ്ങൾ നൽകി. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ.

 

 

Latest News