ലോകാരോഗ്യ സംഘടയുടെ ഉപമേധാവിയായി ഇന്ത്യന്‍ ഡോക്ടര്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറലും ഹെല്‍ത്ത് റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയുമായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥനെ ലോകാര്യോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി നിയമിച്ചു.

യുഎന്‍ ആരോഗ്യ ഏജന്‍സിയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണിത്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ എം എസ് സ്വാമിനാഥന്റെ മകളാണ് ഡോ. സൗമ്യ. ക്ഷയരോഗത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് പേരെടുത്ത ഡോ. സൗമ്യ അറിയപ്പെട്ട ശാസ്ത്രജ്ഞയും ശിശുരോഗ വിദഗ്ധയുമാണ്.

 

മൂന്നു പതിറ്റാണ്ടു നീണ്ട ചികിത്സാ, വൈദ്യശാസ്ത്ര ഗവേഷണ അനുഭവസമ്പത്തുമായാണ് ഡോ. സൗമ്യ ലോകാരോഗ്യ സംഘടനയുടെ ഉന്നത പദവിയിലെത്തുന്നത്.  യുനിസെഫിന്റെ രാജ്യാന്തര ആരാഗ്യ പദ്ധതികളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 മുതല്‍ 2011 വരെ യുനിസെഫ്, ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, യുഎന്‍ഡിപി എന്നീ ഏജന്‍സികള്‍ ചേര്‍ന്നുള്ള ഉഷ്ണമേഖലാ രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണ പരിശീലന പദ്ധതിയുടെ കോഓര്‍ഡിനേറ്ററായും ഡോ. സൗമ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 

ആഗോള തലത്തില്‍ പൊതുജനാരോഗ്യം സംബന്ധിച്ച പദ്ധതി രൂപീകരിക്കുന്ന വിദഗ്ധ സമിതി ഉള്‍പ്പെടെ ലോകാരോഗ്യ സംഘടനയുടെ വിവിധ സമിതികളിലും അംഗമായിട്ടുണ്ട്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച് ഇന്‍ ട്യൂബര്‍കുലോസിസ് മേധാവിയായിരുന്നു.

 

Latest News