ജിസാൻ- 'ജല ജിസാൻ' ചാർട്ടർ ചെയ്ത വിമാനം ജിസാനിൽ നിന്നുള്ള 175 പ്രവാസി മലയാളികളെയുമായി ഇന്നലെ ഉച്ചക്ക് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നു. ജിസാനിൽ നിന്ന് പ്രത്യേക ബസുകളിൽപ്രവാസികളെ ജിദ്ദയിലെത്തിച്ചാണ് സ്‌പൈസ് ജെറ്റിന്റെ എസ്.ജി 9500 വിമാനത്തിൽ യാത്രയാക്കിയത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് അവസരം ലഭിക്കാത്ത രോഗികളും ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരും വിവിധ പ്രശ്‌നങ്ങൾ നേരിടുന്നവരുമടക്കം അടിയന്തരമായി നാട്ടിൽ പോകേണ്ട ജിസാനിലെ പ്രവാസികളായിരുന്നു 'ജല'യുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരെല്ലാം. എട്ടോളം കൈകുഞ്ഞുങ്ങളും പത്ത് ഗർഭിണികളും സന്ദർശക വിസയിലെത്തിയ വയോവൃദ്ധരും അടിയന്തര ചികിത്സ തേടുന്ന രോഗികളും മാസങ്ങളായിതൊഴിലും വരുമാനവുമില്ലാതെ മാനസികമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്നവരുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. സാമ്പത്തികപ്രയാസം മൂലം ടിക്കറ്റെടുക്കാൻ കഴിയാതിരുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റും നൽകിയിരുന്നു.
വന്ദേ ഭാരത് മിഷൻ വിമാന സർവീസുകളിൽ ജിസാനിലെ പ്രവാസികൾക്ക് കാര്യമായി അവസരം ലഭിക്കാത്തതും വിമാനങ്ങൾ പുറപ്പെടുന്ന ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ ആയിരത്തഞ്ഞൂറോളം കിലോമീറ്ററുകൾ അകലെയുള്ള ജിസാനിൽ നിന്നുള്ളവർക്ക് എത്തിപ്പെടാൻ കഴിയാത്തതുമായ സാഹചര്യത്തിലാണ് പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമേകാൻ 'ജല' ചർട്ടേഡ് വിമാന സർവീസൊരുക്കാൻ മുന്നിട്ടിറങ്ങിയത്. ജൂൺ അവസാന വാരം ജിസാനിൽ നിന്നും അബഹയിൽ നിന്നുംകൊച്ചിയിലേക്ക് നേരിട്ട് ഫ്‌ളൈദുബയ് ചർട്ടേഡ് വിമാനങ്ങൾക്ക്' ജല ശ്രമം നടത്തിയിരുന്നു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഇന്ത്യൻ എംബസിയുടെയും അനുമതി ് ലഭിച്ചിരുന്നെങ്കിലും ഇന്ത്യിലേക്കുള്ള അന്താരാഷ്ട്ര ചാർട്ടേഡ് വിമാന സർവീസുകൾ ഇന്ത്യൻ സൗദി വിമാന കമ്പനികൾക്ക് മാത്രാമായി സൗദി വ്യോമയാന അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്തിമ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീടാണ് സ്‌പൈസ് ജെറ്റിന്റെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ളഈ ചർട്ടേഡ് വിമാന സർവീസിന് അനുമതി ലഭിച്ചത്. ജിസാനിലെ മൈ ടിക്കറ്റ് ട്രാവൽസാണ് ചർട്ടേഡ് വിമാന സർവീസിന്റെ ട്രാവൽ പർട്ട്‌നേഴ്‌സ്.
പ്രത്യേക ബസുകളിൽ ജിസാനിൽ നിന്ന് ജിദ്ദയിലേക്ക് പ്രവാസികളെ എത്തിക്കുന്നതിനും അവർക്ക് താമസ ഭക്ഷണ സൗകര്യങ്ങളൊരുക്കുന്നതിനും സഹായങ്ങൾക്കുമായി'ജല' രക്ഷാധികാരിഡോ.മുബാറക്ക് സാനി, ശ്രീധരൻ ഉള്ളാട്ടിൽ, അന്തുഷ, ഷാജു ഗോപാലൻ, അലി മഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ യാത്രാ സംഘത്തെ അനുഗമിച്ച് സേവനവുമൊരുക്കുകയും ജിദ്ദ വിമാനത്താവളത്തിലെത്തിച്ച് യാത്രയയക്കുകയും ചെയ്തു. ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷിബു തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ ജിസാനിൽ നിന്നുള്ള പ്രവാസികൾക്ക് സഹായമെത്തിക്കുന്നതിനായി നവോദയയുടെ പ്രവർത്തകരുമെത്തിയിരുന്നു. നാട്ടിലേക്ക് തിരിച്ച പ്രവാസികൾക്ക് ജിസാനിൽ നൽകിയ യാത്രയയപ്പിന് ജല കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വെന്നിയൂർ ദേവൻ, എം.കെ.ഓമനക്കുട്ടൻ, റസൽ കരുനാഗപ്പള്ളി, സണ്ണി ഓതറ, മുഹമ്മദ് ഇല്യാസ്, ജേക്കബ് ചാക്കോ, സന്ദീപ്, തോമസ് കുട്ടി എന്നിവർ നേതൃത്വം നൽകി.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും കോവിഡ് പ്രൊട്ടോക്കോളും കർശനമായി പാലിച്ചാണ് 'ജല' ചാർട്ടേഡ് വിമാനസർവീസ് ഒരുക്കിയതെന്ന് ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ പറഞ്ഞു. ചാർട്ടേഡ് വിമാന സർവീസുകൾ സാധാരണ പ്രവാസികൾക്ക് താങ്ങാൻ കഴിയില്ലെന്നും വിവിധ പ്രശ്‌നങ്ങൾ മൂലം അടിയന്തരമായി നാട്ടിൽ പോകേണ്ട ജിസാനിലെ പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജല ആവശ്യപ്പെട്ടു. എമിഗ്രേഷൻ സൗകര്യമുള്ള അന്താരാഷട്ര വിമാനത്താവളമായ ജിസാനിൽ നിന്ന് നേരിട്ട് വന്ദേ ഭാരത് സർവീസുകൾ ആരംഭിക്കണമെന്നും അതിനായി ജിസാനിലെ പ്രവാസി സംഘടനകളുടെ ഐക്യവേദിയായ ജിസാൻ പ്രവാസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കരിനും കേരള മുഖ്യമന്ത്രിക്കും നിവേദനം നൽകിയതായും ലോകകേരള സഭ സംഗം ഡോ.മുബാറക്ക് സാനി പറഞ്ഞു.






