Sorry, you need to enable JavaScript to visit this website.

കോവിഡ് മരുന്നിനുള്ള തിടുക്കം മോഡിക്ക് പ്രഖ്യാപനം നടത്താനെന്ന് വിമര്‍ശം

മുംബൈ- ഓഗസ്റ്റ് 15 നകം കൊറോണ വൈറസ് വാക്‌സിന്‍ പുറത്തിറക്കാനുള്ള ഐ.സി.എം.ആറിന്റെ പദ്ധതി പ്രധാനമന്ത്രി മോഡിക്ക് ചെങ്കോട്ടയില്‍നിന്ന് വലിയ പ്രഖ്യാപനം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോവിഡ് മരുന്നിന്റെ തിടുക്കത്തിനു പിന്നലെ ലക്ഷ്യത്തെ ചോദ്യം ചെയ്തു. മരുന്ന് വികസിപ്പിച്ചാല്‍ തന്നെ അതിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഓഗ്‌സറ്റ് 15 നകം പൂര്‍ത്തിയാക്കാനാവില്ല.
ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോവിഡ് മരുന്ന് കണ്ടുപിടിക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണ്ടിവരുമെന്ന് ആഗോള വിദഗ്ധര്‍ പറയുമ്പോഴാണ് യാഥാര്‍ഥ്യബോധമില്ലാതെ  ഓഗസ്റ്റ് 15 എന്ന സമയപരിധി ഐ.സി.എം.ആര്‍ നല്‍കിയിരിക്കുന്നതെന്ന് ചവാന്‍ ട്വീറ്റ് ചെയ്തു.
ചെങ്കോട്ടയില്‍ നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രധാന പ്രഖ്യാപനം നടത്താന്‍ വേണ്ടിയാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ധിറുതി കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി തയാറാകണമെന്ന് ചവാന്‍ ആവശ്യപ്പെട്ടു.
ധൃതിപിടിച്ച് കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനുള്ള നീക്കം മോഡിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനത്തിന് വേണ്ടി മാത്രമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ഉത്തരവ് ഇടുന്നതിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ സംബന്ധിച്ച്  ഗുരുതരമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച തെളിവുകള്‍ വിലയിരുത്താതെ വാക്‌സിന്‍ പുറത്തിറക്കുന്ന തീയതി എങ്ങനെ ഐ.സി.എം.ആറിന് തീരുമാനിക്കാന്‍ സാധിക്കും.

പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപനം നടത്തുന്നതിനു വേണ്ടി ഐ.സി.എം.ആര്‍ കോവിഡ് വാക്‌സിന്‍ വേഗത്തില്‍ ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വിവിധ ട്വീറ്റുകളിലായി യെച്ചൂരി കുറ്റപ്പെടുത്തി. ആഗസ്റ്റ് 15ന് കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനുള്ള കഠിന ശ്രമത്തിലാണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞിരുന്നു. കോവിഡ് വാക്‌സില്‍ നിര്‍ദ്ദിഷ്ട സമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അത് ഗൗരവമായി കാണുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Latest News