Sorry, you need to enable JavaScript to visit this website.

സുഖം പ്രാപിച്ച ഒരാള്‍ക്ക് വീണ്ടും കോവിഡ് വരുമോ?

ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച ഒരാളെ വീണ്ടും വൈറസ് പിടികൂടുമോ എന്നു കണ്ടെത്താനുള്ള പഠനവുമായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍. അസുഖം ഭേദമായവരെ ഉപയോഗപ്പെടുത്തിയുള്ള പഠനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) വിദഗ്ധ സമിതിയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

കോവിഡ് ഭേദമായവരെ സന്നദ്ധ പ്രവര്‍ത്തകരായി ഉപയോഗിക്കാനും ഇതുവഴി സാധിക്കും. തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും ചില ജില്ലകളിലാണ് ഈ പരീക്ഷണം ഉടന്‍ ആരംഭിക്കുക.  ഐ.സി.എം.ആര്‍ വിദഗ്ധ സംഘം മുന്നോട്ടുവെച്ച നിര്‍ദേശത്തോട് ഇരു സംസ്ഥാനങ്ങളും  താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിജയം അനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലും പഠനം നടത്തും.

തുടക്കത്തില്‍, തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും ഐസൊലേഷന്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുമുള്ള കൊറോണ വൈറസ് രോഗികളെ കേന്ദ്രീകരിച്ചാണ് പഠനം ആരംഭിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ചവരില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ എത്രകാലം നീണ്ടുനില്‍ക്കുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും വൈറസ് ബാധിതരില്‍ ടി-സെല്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.  കോവിഡ് പ്രതിരോധത്തില്‍ ഇത് വളരെ നല്ല സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

രോഗബാധിതരില്‍ ആന്റിബോഡി അളവ് കുറഞ്ഞാലും ഭാവിയില്‍ വൈറസ് ആക്രമണം ഉണ്ടായാല്‍  മെമ്മറി സെല്ലുകളായ ടി-സെല്ലുകള്‍ വഴി ദീര്‍ഘകാലം സംരക്ഷണം ലഭിക്കുമെന്ന് ചൂണ്ടിക്കണിക്കപ്പെടുന്നു. എന്നാല്‍ ഇതുവഴി പ്രതിരോധശേഷി പൂര്‍ണമായും ഉറപ്പായി എന്നു പറയാന്‍ സാധ്യമല്ലെന്ന്  ഐ.സി.എം.ആറിന് കീഴിലുള്ള കോവിഡ് 19 വിദഗ്ധ സമിതി അംഗം വ്യക്തമാക്കി.

കോവിഡ് ബാധിക്കുന്നവര്‍ക്ക്  രോഗത്തിനെതിരെ ദീര്‍ഘകാല പരിരക്ഷ ലഭിക്കുമെന്ന കാര്യത്തില്‍  ഇപ്പോള്‍ ചില ധാരണകളുണ്ടെന്നും അത് ഉപയോഗപ്പെടുത്തി പഠനം മുന്നോട്ടു കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആന്റിബോഡികളുടെ അഭാവത്തിലും എല്ലാ രോഗികളിലും ശക്തിപ്പെടുന്ന ടി- സെല്‍ വഴിയുള്ള പ്രതിരോധശേഷി നിലനില്‍ക്കുമെന്ന് 200 ലധികം രോഗികളില്‍ പഠനം നടത്തിയ സ്വീഡനിലെ കരോലിന്‍സ്‌ക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

ലക്ഷണങ്ങള്‍ കാണിക്കാതെ കോവിഡ് സ്ഥിരീകരിച്ചവരെ അപേക്ഷിച്ച് കോവിഡ് ഗുരുതരമായി ബാധിച്ചവരില്‍ കൂടുതല്‍ ടി-സെല്‍ പ്രതിരോധ ശേഷി കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനു പുറമെ, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുടുംബാംഗങ്ങളിലും മേയ് മാസത്തില്‍ രക്തം ദാനം ചെയ്ത 30 ശതമാനം പേരിലും ടി-സെല്‍ പ്രതിരോധ ശേഷി വര്‍ധിച്ചതാായി കണ്ടെത്തി.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഐസൊലേഷന്‍, ക്വാറന്റൈന്‍  കേന്ദ്രങ്ങളില്‍ വേണ്ടത്ര മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്താന്‍ പാടുപെടുകയാണ്. നഴ്‌സുമാര്‍ പോലും പലപ്പോഴും രോഗബാധിതരുമായും രോഗം സംശയിക്കപ്പെടുന്നവരുമായും അടുത്തിടപെടന്‍ മടിക്കുകയാണെന്ന് ഐ.സി.എം.ആര്‍ വിദഗ്ധ സമിതി അംഗം പറയുന്നു.

ആവശ്യമായ സ്ഥലങ്ങളില്‍ മനുഷ്യ വിഭവ ശേഷിയുടെ കുറവ് പരിഹരിക്കുക, വീണ്ടെടുക്കപ്പെട്ട രോഗികളില്‍ രോഗപ്രതിരോധ പ്രതികരണ സ്വഭാവം കണ്ടെത്തുക എന്നിങ്ങനെ ഇരട്ട ലക്ഷ്യങ്ങളാണ് പുതിയ പഠനത്തിനു പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.  

 

Latest News