Sorry, you need to enable JavaScript to visit this website.

ചൈനയുടെ പേരു പറയാൻ മോഡിക്ക് മടി -ഉവൈസി

ഹൈദരാബാദ് - ലഡാക്ക് സന്ദർശന വേളയിൽ നടത്തിയ പ്രസംഗത്തിൽ ചൈനയുടെ പേര് പറഞ്ഞ് വിമർശിക്കാൻ മടി കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ,ഐ.എം.ഐ.എം) പ്രസിഡന്റ് അസദുദ്ദീൻ ഉവൈസിയുടെ വിമർശം.
പരിക്കേറ്റവർ ഉൾപ്പെട നമ്മുടെ സൈനികരെ സന്ദർശിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ച ഉവൈസി ഇതിലൂടെ അവരുടെ മനോവീര്യം വർധിക്കുമെന്ന് ട്വിറ്ററിൽ പറഞ്ഞു. 
രാജ്യത്ത് ആരും പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ഹിന്ദിയിൽ പറയുന്ന ഒരു വിഡിയോ ക്ലിപ്പും അദ്ദേഹം പങ്കുവെച്ചു. ഇതിനെ പമ്പര വിഡ്ഢിത്തമെന്നാണ് ഉവൈസി വിശേഷിപ്പിച്ചത്.
തക്ക മറുപടി നൽകുമെന്ന് മോഡി പറയുന്നു. എന്നാൽ ആർക്കാണ്? ചൈനയുടെ പേര് പറയാൻ എന്തിനാണ് ഇത്രയും മടി? ലേയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം ശത്രുക്കൾ നമ്മുടെ രാജ്യത്ത് പ്രവേശിച്ചുവെന്നാണ് തെളിയിക്കുന്നതെന്നും ഉവൈസി കൂട്ടിച്ചേർത്തു.


സമ്പൂർണ യുദ്ധം ആരംഭിച്ചാൽ 12 ദിവസം പിടിച്ചുനിൽക്കാൻ രാജ്യത്തിന് സാധിക്കുമെന്ന് മോഡിക്ക് ഉറപ്പുണ്ടോയെന്ന് പ്രധാനമന്ത്രിയെ ചൗക്കിദാർ എന്ന് അഭിസംബോധന ചെയ്ത് മറ്റൊരു ട്വീറ്റിൽ ഉവൈസി ചോദിച്ചു. നിലവിലെ ആയുധ ശേഖരവുമായി 12 ദിവസം മാത്രമേ നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയുമോയെന്നും 
പാർലമെന്റ് ഉടൻ വിളിച്ചുചേർക്കാൻ സാധ്യതയില്ലാത്തതിനാലാണ് പ്രതിപക്ഷം കേന്ദ്രത്തിൽ നിന്ന് മറുപടി തേടുന്നതെന്നും ഉവൈസി പറഞ്ഞു. 
ഗാൽവാൻ, ഹോട്ട് സ്പ്രിംഗ്‌സ്, പാങ്കോംഗ് ത്സോ, ഡെപ്‌സാംഗ് എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഗുരുതരമാണ്. ഇതിനാലാണ് പാർലമെന്റ് ഉടൻ വിളിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടത്. ഇന്ത്യൻ പ്രദേശത്തെ അധിനിവേശം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയാറാകണമെന്ന് മജ്‌ലിസെ ഇത്തിഹാദ് നേതാവ് ആവശ്യപ്പെട്ടു. 
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മോഡി അപ്രതീക്ഷിത ലഡാക്ക് സന്ദർശനം നടത്തിയത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്ത്, കരസേനാധിപൻ ജനറൽ മനോജ് മുകുന്ദ് നരവാനെ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

 

Latest News