Sorry, you need to enable JavaScript to visit this website.

185 പേർക്ക് സൗജന്യ ചാർട്ടർ വിമാനമൊരുക്കി പ്രവാസി മലയാളി

ജിജി വർഗീസ്

പത്തനംതിട്ട- കോറോണ വൈറസിന്റെ വ്യാപനത്തിലും സ്വാർഥതയും അഹങ്കാരവും നിറഞ്ഞ സമൂഹത്തിൽ നന്മയുടെ ഇത്തിരിവെട്ടം തെളിയിച്ചിരിക്കുകയാണ് കോഴഞ്ചേരി പാലം തലക്കൽ ജിജി വർഗീസ്. ജിജി തെളിച്ച വെളിച്ചത്തിൽ 185 പേരാണ് സ്വന്തം നാടിന്റെ ശ്വാസമറിഞ്ഞത്. പണം കൊണ്ട് ഒന്നും നേടാനാകില്ലന്ന് തിരിച്ചറിയുമ്പോഴും അന്യന്റെ ആവശ്യങ്ങളെ മനഃപൂർവം കണ്ടിലെന്ന് നടിക്കുന്ന മനുഷ്യർക്ക് ഇടയിൽ മാതൃകയായിരിക്കുകയാണ് ദുബായിലെ ബിസിനസുകാരനായ ഈ കോഴഞ്ചേരിക്കാരൻ.


കോവിഡിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രവാസി സമൂഹത്തിനു സ്വാന്തനമൊരുക്കി നാട്ടിലേക്കു മടങ്ങാൻ പണമില്ലാതെ കഴിഞ്ഞ 185 പ്രവാസികളുടെ മുഴുവൻ യാത്രാച്ചെലവും വഹിച്ചാണ് ജിജി വർഗീസ് ഒരു വിമാനം ചാർട്ടർ ചെയ്ത് മാതൃകയായത്. വിമാനത്തിലെ ആദ്യ ടിക്കറ്റ് മൂന്നു മാസമായി ജോലി നഷ്ട്ടപ്പെട്ടു വരുമാനം നിലച്ച ആതിര നാരായണന് നൽകി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ  വിമാന യാത്ര ഫഌഗ് ഓഫ് ചെയ്തു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ജെ ആന്റ് ജെ മാർക്കറ്റിംഗ് ഏജൻസി നടത്തുന്ന ഇടപെടലുകൾ ഏറെ അഭിനന്ദനമർഹിക്കുന്നതാണെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു. ഷാർജ മാർത്തോമ്മ ഇടവക വികാരി റവ. സിബി ടി. മാത്യൂസ്, സഹ വികാരി റവ ജോബി തോമസ് സാമുവേൽ, മിനി വർഗീസ്, രഘുമേനോൻ ദിലീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


ദുബായ് ടെർമിനൽ 2 ൽ നിന്നും 185 പ്രവാസികളുമായി പുറപ്പെട്ട ചാർട്ടേഡ് വിമാനം കൊച്ചിയിൽ ആണ് പറന്നിറങ്ങിയത്. ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനം ലഭിക്കുന്നവർ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉളളവർ, എന്നിവർക്കാണ് സൗജന്യ ചാർട്ടേഡ് വിമാനത്തിൽ മുൻഗണന നൽകിയത്.
ഏറ്റവും നിർണായകമായ സമയത്ത് അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം അമൂല്യവും അർത്ഥവത്തുമായിരിക്കും. അത് അവിസ്മരണീയമായ ഒരു കാര്യമാണ്. ആയതിനാൽ ഈ സംരംഭം നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിച്ച പ്രവാസികൾക്ക്  പ്രയോജനകാരമായി എന്ന് വിശ്വസിക്കുന്നുവെന്ന് 20 രാജ്യങ്ങളിലെ സ്റ്റേഷനറി വ്യവസായത്തിൽ പ്രമുഖ വിതരണക്കാരായ ജെ ആന്റ് ജെ മാർക്കറ്റിംഗ് ഏജൻസിയുടെ മാനേജിംഗ് ഡയറക്ടറായ ജിജി വർഗീസ് പറഞ്ഞു. കോഴഞ്ചേരി വഞ്ചിത്ര സ്വദേശിയായ ജിജി വർഗീസ്  പാലംതലക്കൽ പരേതനായ ബാബുവിന്റെ മകനാണ്. 
മിനിയാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ ജസ്റ്റിൻ ജിജി (യു.എസ്.എ), ജോയന്ന ജിജി (ദുബായ്), ജോയൽ ജിജി (യു.കെ) എന്നിവരടങ്ങിയ കുടുംബം ദുബായിലാണ് താമസിക്കുന്നത്.

 

Latest News