Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ ക്വാറന്റൈൻ വിഷയമാക്കിയുള്ള ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു

കൊടിയത്തൂർ ഷോർട്ട് ഫിലിമിന്റെ യൂട്യൂബ് റിലീസിംഗ് ജില്ലാ കലക്ടർ സാംബശിവറാവു നിർവഹിക്കുന്നു.

കോഴിക്കോട്- പ്രവാസികളുടെ ക്വാറന്റൈൻ വിഷയമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസും ആരോഗ്യ വകുപ്പും കൈകോർത്ത് തയറാക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 
കോവിഡ് വ്യാപനത്തെ തുടർന്ന് നാടണയുന്ന പ്രവാസികളെ മാറ്റി നിർത്തുന്നതിനെതിരെ ശക്തമായ ബോധവൽക്കരണമാണ് ഷോർട് ഫിലിമിലൂടെ നടത്തുന്നത്. 
ഒരു പ്രവാസി സ്വന്തം വീട്ടിലേക്ക് കൊറന്റൈനിൽ കഴിയാൻ വരുന്നു എന്നറിയുന്ന നാട്ടുകാരും അയൽവാസികളും അവിടെ ബഹളമുണ്ടാക്കുന്നു. പ്രശ്‌നങ്ങൾ അറിഞ്ഞ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ബഹളമുണ്ടാക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതാണ് ഇതിവൃത്തം.


5 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് കൊടിയത്തൂർ വില്ലേജ് ഓഫീസർ എൻ. ശിവശങ്കരനാണ്. വ്യവസായിയും പ്രവാസിയുമായ റസാഖ് കൊടിയത്തൂരാണ് നിർമാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല, മെഡിക്കൽ ഓഫീസർ ഡോ. എൻ മനുലാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജ ടോം, ഗ്രാമപഞ്ചായത്തംഗം സാറ ടീച്ചർ, പൊതുജന സേവാകേന്ദ്രം ജീവനക്കാരി ധന്യ ഷാനു, വില്ലേജ് ഓഫീസ് ജീവനാക്കാർ, പ്രദേശവാസികളായ ജസാ, ശിഹാൻ ഖാലിദ് എന്നീ കുട്ടികൾ തുടങ്ങിയവരാണ് ഷോർട്ട് ഫിലിമിൽ വേഷമിട്ടത്. വീഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കവും പ്രവീൺ മുക്കവുമാണ് ഛായാഗ്രഹണം. 


എഡിറ്റിംഗ് നിർവഹിച്ചത് ഹബീബിയും നിജിൻ നവാസുമാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് വിനോദ് നിസരിയാണ്. 
ഷോർട് ഫിലിമിന്റെ യൂട്യൂബ് റിലീസ് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ സാംബശിവറാവു നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല, മെഡിക്കൽ ഓഫീസർ ഡോ. എൻ മനുലാൽ, വില്ലേജ് ഓഫീസർ എൻ. ശിവശങ്കരൻ, റസാഖ് കൊടിയത്തൂർ, നാസർ കൊളായി, റഫീഖ് തോട്ടുമുക്കം എന്നിവർ പങ്കെടുത്തു. 
ഓൺലൈൻ റിലീസ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ തിരുവനന്തപുരത്ത് നിർവഹിച്ചു.  വ്യത്യസ്തമായ കൂടിച്ചേരലുകൾ കൊണ്ട് ശ്രദ്ധേയമാണ് 'ക്വാറന്റയിൻ @ കൊടിയത്തൂർ' എന്ന ഷോർട്ട് ഫിലിം.

 


 

Latest News