Sorry, you need to enable JavaScript to visit this website.

തിരിച്ചെത്തിയ 14 പ്രവാസികളില്‍നിന്ന് 15 കോടിയുടെ സ്വര്‍ണം പിടിച്ചു, സംഭവം ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍

ജയ്പൂര്‍- യു.എ.ഇയില്‍നിന്നും സൗദി അറേബ്യയില്‍നിന്നുമായി ചാര്‍ട്ടേഡ് വിമാനത്തില്‍ ജയ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ 14 പ്രവാസികളില്‍നിന്ന് 15 കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി.
യു.എ.ഇയില്‍നിന്നെത്തിയ മൂന്നു പേരില്‍നിന്ന് നാലു കോടിയുടേയും സൗദി അറേബ്യയില്‍നിന്ന് മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ 11 പേരില്‍നിന്ന് 11 കോടിയുടേയും സ്വര്‍ണം പിടികൂടിയതായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു. മൊത്തം 32 കി.ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എമര്‍ജന്‍സി ലാംപുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണബാറുകള്‍ കടത്തിയത്.
റാസല്‍ഖൈമയില്‍നിന്നാണ് യു.എ.ഇ യാത്രക്കാര്‍ എത്തിയത്. സ്‌പൈസ് ജെറ്റിന്റെ വിമാനത്തിലാണ് ഇവര്‍ വന്നത്. 12 സ്വര്‍ണബാറുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. സ്വന്തം ജീവനക്കാരെ കൊണ്ടുപോകാന്‍ ഒരു സ്വകാര്യ കമ്പനി ഏര്‍പ്പെടുത്തിയതാണ് ഈ ചാര്‍ട്ടേഡ് വിമാനമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യാത്രക്കാരെ കാരിയര്‍മാരായി ഉപയോഗപ്പെടുത്തിയതാവാമെന്നും അവര്‍ പറഞ്ഞു. പിടിയിലായ 11 പേര്‍ റിയാദില്‍നിന്നാണ് എത്തിയത്. 22.65 കിലോഗ്രാം ഭാരമുള്ള സ്വര്‍ണബാറുകളാണ് ഇവരില്‍നിന്ന് പിടികൂടിയത്.
നേരത്തെ കേരളത്തിലെ വിമാനത്താവളങ്ങളിലും, ജോലി നഷ്ടപ്പെട്ടും മറ്റും തിരിച്ചുവരുന്ന പ്രവാസികളെ സ്വര്‍ണക്കടത്തിന് പിടിച്ചിരുന്നു. കോവിഡ് ഭീതിയില്‍ മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ കഴിയുന്ന ഇവരെ കള്ളക്കടത്തുകാര്‍ വലവീശിപ്പിടിക്കുകയാണ് ചെയ്യുന്നത്. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ പതിനായിരം രൂപ വരെയാണ് ഇവര്‍ക്ക് പ്രതിഫലം.

 

 

Latest News