പബ്ജി കളിച്ച് മാതാപിതാക്കളുടെ ബാങ്കില്‍ നിന്ന് 16 ലക്ഷം ധൂര്‍ത്തടിച്ച് കൗമാരക്കാരന്‍

ചണ്ഡീഗഡ്-കൗമാരക്കാര്‍ക്കിടയില്‍ വന്‍ പ്രചാരം നേടിയ വീഡിയോ ഗെയിമാണ് പബ്ജി. കുട്ടികളിലെ പബ്ജി ആസക്തിയെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പബ്ജി കളിച്ച് പതിനാറ് ലക്ഷം രൂപ ചെലവഴിച്ച കൗമാരക്കാനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. പഞ്ചാബില്‍ പതിനേഴുകാരനാണ് പബ്ജി കളിച്ച് ഇത്രയും വലിയ തുക കളഞ്ഞത്.തന്റെ മാതാവിന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു മകന്‍ പബ്ജി കളിച്ചിരുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വിനിയോഗിച്ചു കഴിഞ്ഞ ശേഷം വരുന്ന മെസേജുകളെല്ലാം കുട്ടി ഡിലീറ്റ് ചെയ്തിരുന്നു. ഒരു മാസം കൊണ്ടാണ് ഇത്രയുംതുക പബ്ജിക്കായി ട്രാന്‍സ്ഫര്‍ ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പിതാവ്.

അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ക്കും കുട്ടിയുടെ പഠനത്തിനും വേണ്ടി മാറ്റിവെച്ച പണമാണ് ഇത്തരത്തില്‍ ധൂര്‍ത്ത് അടിച്ചതെന്ന് പോലിസ് പറഞ്ഞു.ഓണ്‍ലൈന്‍ പഠനത്തിനായി കൗമാരക്കാരന്‍ അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുകയാണെന്നാണ് മാതാപിതാക്കള്‍ ധരിച്ചിരുന്നത്. എന്നാല്‍ മകന്റെ അമിതമായ ആസക്തി കുറയ്ക്കാനും പണത്തിന്റെ വില മനസിലാക്കാനും വേണ്ടി പിതാവ് മകനെ പഠനത്തിനൊപ്പം തന്നെ ഒരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പില്‍ ജോലിയ്ക്കും അയച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചത്. അപ്പോഴാണ് പണം ബാങ്കില്‍ നിന്ന് നഷ്ടമായത് മനസിലായത്. പിന്നീട് പോലിസ് അന്വേഷിച്ചപ്പോഴാണ് മകന്‍ തന്നെയാണ് പണം ചെലവിട്ടതെന്ന് തിരിച്ചറിഞ്ഞത്. തന്റെ മകന്റെ ഭാവിയ്ക്കായി കരുതിയ പണമാണ് അവന്‍ ധൂര്‍ത്തടിച്ചതെന്നും പണത്തിന്റെ വില മനസിലാക്കാന്‍ മോട്ടോര്‍ സൈക്കിള്‍ റിപ്പയറിങ് കടയില്‍ ജോലിക്ക് താന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പിതാവ് പറയുന്നു.
 

Latest News