Sorry, you need to enable JavaScript to visit this website.

കടൽക്കൊല കേസിൽ ഇന്ത്യ ഗൗരവത്തോടെ ഇടപെട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കടൽക്കൊല കേസിൽ ഇന്ത്യ ഗൗരവമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. ഇറ്റാലിയൻ കപ്പലിലെ നാവികർ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ നിഷ്ഠൂരമായി വെടിവച്ചുകൊന്ന കേസിൽ അർഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടൽ തുടക്കത്തിലും അന്താരാഷ്ട്ര ട്രിബ്യൂണലിലെ (ഇന്റർനാഷണൽ ട്രിബ്യൂണൽ ഓൺ ലോ ഓഫ് ദ സീ) നടപടികളിലും ഉണ്ടായില്ലെന്ന് കത്തിൽ പറഞ്ഞു. ഈ കേസിലെ പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലിൽ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഈ കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രിബ്യൂണൽ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വർദ്ധിപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയില്ല. ഇതാണ് സ്ഥിതിയെങ്കിൽ, കുറ്റവാളികൾ ഇറ്റലിയിലെ കോടതിയിൽ നീതിപൂർവ്വകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്രതലത്തിൽ ഇന്ത്യാഗവൺമെന്റ് സമ്മർദ്ദമുയർത്തണം.

പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട മറ്റു നഷ്ടങ്ങൾക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രിബ്യൂണൽ വിധിച്ചിട്ടുണ്ട് അതുകൊണ്ട് വിലപ്പെട്ട രണ്ട് ജീവൻ നഷ്ടപ്പെട്ടതിന്, ഉയർന്ന നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്രഗവൺമെന്റ് ഇടപെടണം. കൂടിയാലോചനകളിലൂടെ ഇത് സാധ്യമാകുന്നില്ലെങ്കിൽ നിശ്ചിത സമയപരിധിക്കകം (ഒരു വർഷം) ട്രിബ്യൂണലിനെ സമീപിക്കണം. കുറ്റവാളികൾ ഇന്ത്യയിലെ വിചാരണയിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഈ പ്രശ്‌നത്തിൽ മറ്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.

 

Latest News