Sorry, you need to enable JavaScript to visit this website.

റയലിന്റെ ബെൻസ്‌

കൊറോണക്കാലത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലീഗ് ഫുട്‌ബോൾ പുനരാരംഭിച്ചപ്പോൾ കിരീടം നിശ്ചയിക്കാൻ കെൽപുള്ള കളിക്കാരായി നോട്ടമിട്ടത് എഡൻ ഹസാഡിനെയും ലൂയിസ് സോറസിനെയുമാണ്. കരീം ബെൻസീമയുടെ പേര് അധികം പരാമർശിക്കപ്പെട്ടില്ല. ലിയണൽ മെസ്സിയെക്കുറിച്ച പ്രതീക്ഷകൾ സ്വാഭാവികമാണ്. ഏറ്റവും കായികക്ഷമതയോടെ ലോക്ഡൗൺ കഴിഞ്ഞു വരുന്ന റയൽ മഡ്രീഡ് കളിക്കാരനായി ഗാരെത് ബെയ്ൽ വാഴ്ത്തപ്പെട്ടു. 
ഹസാഡും സോറസും ശസ്ത്രക്രിയ കഴിഞ്ഞു വരുന്നവരാണ്. അവരുടെ പേര് ചർച്ചയായപ്പോൾ പോലും ബെൻസീമ അവഗണിക്കപ്പെട്ടു. മൂന്നു മാസം കളി നിർത്തിവെക്കും മുമ്പ് തന്നെ 36 കളികളിൽ 19 ഗോളടിച്ച കളിക്കാരനായിട്ടു കൂടിയാണ് ഇത്. മെസ്സി കഴിഞ്ഞാൽ ലീഗിലെ ടോപ്‌സ്‌കോററായിരുന്നു ഫ്രഞ്ചുകാരൻ. 


എന്നാൽ ലീഗ് പുനരാരംഭിച്ചപ്പോൾ മിന്നും താരമായത് ബെൻസീമയായിരുന്നു. റയലിന്റെ ആദ്യ മത്സരത്തിൽ ടോണി ക്രൂസിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ബെൻസീമയായിരുന്നു. മറ്റു രണ്ടു ഗോൾ കൂടി ബെൻസീമ ഒരുക്കി. വലൻസിയക്കെതിരായ അടുത്ത കളിയിൽ രണ്ടു ഗോളടിച്ചു. രണ്ടാമത്തേത് സെൻസേഷനൽ വോളിയായിരുന്നു, ആദ്യത്തേത് തൂവൽസ്പർശവും. ഈ സീസണിലെ മികച്ച ഗോളുകളിലൊന്നായിരുന്നു അത്. ഇതോടെ റയൽ ജഴ്‌സിയിൽ ബെൻസീമക്ക് 243 ഗോളായി. അഞ്ചാം സ്ഥാനത്ത്. ഫെറഞ്ച് പുഷ്‌കാസിനും മുകളിൽ. 
ബെൻസീമ ഇതുപോലുള്ള ഗോളുകളടിക്കുമ്പോൾ സന്തോഷമാണെന്നും അയാൾ ചിലരുടെ വായടക്കുകയാണെന്നും കോച്ച് സിനദിൻ സിദാൻ പറയുന്നു. റയൽ സൊസൈദാദിനെതിരെ വീണ്ടും ബെൻസീമ സ്‌കോർ ചെയ്തു. എസ്പാന്യോളിനെതിരെയായിരുന്നു ആ ഗോൾഡൻ ടച്ച് കണ്ടത്. പിൻകാലു കൊണ്ട് സമർഥമായി തള്ളിയ പന്ത് ബെർണാഡൊ എസ്പിനോസയുടെ കാലുകൾക്കിടയിലൂടെ കസിമീരോയെ തേടിയെത്തി. കസിമീരൊ വിജയ ഗോൾ സ്‌കോർ ചെയ്തു. ഒന്നിനു പിറകെ ഒന്നായി അഞ്ച് മിന്നുന്ന പ്രകടനങ്ങൾ. 


പതിനേഴാം വയസ്സിൽ ഫ്രാൻസിലെ ലിയോണിൽ ചേർന്നപ്പോൾ ബെൻസീമക്ക് കൂട്ടുകാർക്കു മുന്നിൽ പ്രഭാഷണം നടത്തേണ്ടിയിരുന്നു. പുതുതായി ചേരുന്നവർ അങ്ങനെ സംസാരിക്കണമെന്നത് ലിയോണിന്റെ പാരമ്പര്യമാണ്. ബെൻസീമ നാണം കുണുങ്ങി നിന്നപ്പോൾ സഹകളിക്കാർ ചിരിച്ചു. അപ്പോൾ ബെൻസീമ പറഞ്ഞു: ചിരിച്ചോളൂ, നിങ്ങളുടെ സ്ഥാനം പിടിച്ചടക്കാനാണ് ഞാൻ ഇവിടെ വന്നു നിൽക്കുന്നത്. അതിനെ ചിലർ അഹങ്കാരമായി കണ്ടു. ഇപ്പോഴും  ഫ്രാൻസിൽ പലരും ബെൻസീമയെ ആ രീതിയിലാണ് കാണുന്നത്. സഹ കളിക്കാരിലൊരാളെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ കൂട്ടുനിന്നുവെന്ന ആരോപണം 2015 മുതൽ ബെൻസീമയുടെ മുതുകിലുണ്ട്. നിരുപദ്രവകരമായി സഹതാരത്തോട് തനിക്കറിയാവുന്ന ചില കാര്യങ്ങൾ പറഞ്ഞതാണ് പ്രശ്‌നമായതെന്ന് ബെൻസീമ ആവർത്തിക്കുന്നു. എന്തായാലും അതോടെ ഫ്രാൻസ് ബെൻസീമക്കു മുന്നിൽ പടിയടച്ചു. 


റയലിലും വർഷങ്ങളോളം ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ നിഴലിലായിരുന്നു ബെൻസീമ. ഡിഫന്റർമാരെ തന്നിലേക്കാകർഷിച്ച് ക്രിസ്റ്റ്യാനോക്ക് വഴി എളുപ്പമാക്കലായിരുന്നു ജോലി. ബെൻസീമയുടെ സംഭാവനകൾ അപൂർവമായേ പരാമർശിക്കപ്പെട്ടുള്ളൂ. മികച്ച സ്‌ട്രൈക്കർമാരുടെ പട്ടികയിൽ ബെൻസീമക്ക് ഇടം കിട്ടിയതേയില്ല. റൊണാൾഡൊ ടീം വിട്ട കഴിഞ്ഞ സീസണിൽ റയലിനു വേണ്ടി തന്റെ കരിയറിലെ ഏറ്റവുമധികം ഗോളടിച്ചു ബെൻസീമ. ഈ സീസണിൽ അതിനെ കവച്ചുവെക്കുന്ന പ്രകടനമാണ്. ഹസാഡുമൊത്തുള്ള കൂട്ടുകെട്ടും തളിർക്കുകയാണ്.
എട്ടു വർഷത്തിനിടയിൽ റയൽ രണ്ടാമത്തെ ലാ ലിഗ കിരീടം നേടുകയാണെങ്കിൽ ഇത് ബെൻസീമയുടെ സീസണായി വാഴ്ത്തപ്പെടും.  

 

Latest News