Sorry, you need to enable JavaScript to visit this website.

ഇവിടെ നിർത്തില്ല...

ചോ: ലിവർപൂൾ 30 വർഷത്തിനു ശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായതോടെ ബിൽ ഷാങ്ക്‌ലി, കെന്നി ദാൽഗ്‌ലിഷ് തുടങ്ങിയ മഹാരഥന്മാരുമായാണ് താങ്കൾ താരതമ്യം ചെയ്യപ്പെടുത്തപ്പെടുന്നത്. ക്ലബ് ഗ്രൗണ്ടിനു പുറത്ത് താങ്കളുടെ പ്രതിമ ഉയരുമോ? സ്റ്റീവൻ ജെറാഡ് അത് ആവശ്യപ്പെട്ടു കഴിഞ്ഞു.

ഉ: ഞാൻ ഒരിക്കലും ഈ മഹാരഥന്മാരുമായുള്ള താരതമ്യത്തിന് മുതിരില്ല. ഇത് വലിയ നേട്ടം തന്നെയാണ്. എന്നാൽ അത് സാധ്യമായത് മുൻഗാമികൾ ചെയ്ത കഠിനാധ്വാനത്തിന്റെ കൂടി ഫലമായാണ്. എന്റെ താൽപര്യം പ്രതിമയിലല്ല. ഭാവിയിലും ആധിപത്യം തുടരുന്ന ടീമായി ലിവർപൂളിനെ വളർത്തിയെടുക്കുന്നതിലാണ്. ഷാങ്ക്‌ലിക്കും പയ്‌സ്‌ലിക്കും ഇവിടെ പ്രതിമയുണ്ടായത് അവരുടെ മരണ ശേഷമല്ലേ? എനിക്ക് 30-40 വർഷം കൂടി ജീവിക്കണം. എന്തായാലും എന്റെ ജീവിതകാലത്ത് ഞാൻ പ്രതിമ ആഗ്രഹിക്കുന്നില്ല. 

ചോ: ഒരേ സമയം ലിവർപൂളിനെ ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ചാമ്പ്യന്മാരാക്കിയിരിക്കുകയാണ് താങ്കൾ. മുമ്പ് രണ്ടു കോച്ചുമാർക്ക് മാത്രമേ ഇതു സാധിച്ചിട്ടുള്ളൂ. ബോബ് പയ്‌സ്‌ലിക്കും ജോ ഫാഗനും. ദാൽഗ്‌ലിഷിനും ഷാങ്ക്‌ലിക്കും പോലും കഴിഞ്ഞിട്ടില്ല. മാത്രമല്ല താങ്കളുടെ കീഴിൽ ലിവർപൂൾ ലോക ക്ലബ് ചാമ്പ്യന്മാരുമാണ്. 

ഉ: സത്യത്തിൽ ഞാൻ അമ്പരന്നു പോവുകയാണ്. എന്തുകൊണ്ട് കെന്നി ദാൽഗ്‌ലിഷിന് സാധിച്ചിട്ടില്ലെന്നതിൽ. എന്നാൽ ബിൽ ഷാങ്ക്‌ലിക്ക് സാധിച്ചിട്ടില്ലെന്നറിയുന്നത് ശരിക്കും ഞെട്ടലാണ്. പക്ഷെ അതിലൊന്നും കാര്യമില്ല. ഒരു ക്ലബ്ബിനെ കെട്ടിപ്പടുത്തവരാണ് അവർ. അവരുമായി എന്നെ ആരും താരതമ്യം ചെയ്യില്ല. രണ്ടാം ഡിവിഷനിൽ നിന്നാണ് ബിൽ ടീമിനെ ഏറ്റെടുത്തത്. ബോബ് അവിടെ നിന്ന് മുന്നോട്ടുപോയി ടീമിന് നേട്ടങ്ങളുണ്ടാക്കി. കെന്നി ഈ ടീമിന് കളിച്ച താരമാണ്. പ്ലയർ മാനേജറും മാനേജറുമായി. കോച്ചെന്ന നിലയിൽ അവിശ്വസനീയ നേട്ടങ്ങളുണ്ടാക്കി. അവരുമായൊന്നും താരതമ്യമേയില്ല. 

ചോ: പ്രധാന ലക്ഷ്യം നേടിക്കഴിഞ്ഞു, ഇനിയെന്താണ്?

ഉ: ഞങ്ങൾ ഇവിടെ നിർത്താൻ പോവുന്നില്ല. ഞങ്ങൾ ഒരു ദൗത്യത്തിന്റെ മധ്യത്തിലെത്തിയിട്ടേയുള്ളൂ. എന്തെങ്കിലും നേടിയെന്നു കരുതിയാൽ പിന്നെ പോക്ക് താഴേക്കായിരിക്കും. 
 
ചോ: പ്രീമിയർ ലീഗ് കിരീടം നേടുന്ന ആദ്യ ജർമൻകോച്ചാണ് താങ്കൾ?

ഉ: നാലര വർഷമായി ഞാൻ ഇവിടെ. ജർമനിയിൽ നിന്ന് വരുമ്പോൾ ജോലി പൂർത്തിയാക്കുക എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഈ ക്ലബ്ബിനെയും ഈ നഗരത്തെയും ഞാൻ സ്‌നേഹിക്കുന്നു. ലിവർപൂൾ സ്വദേശികൾ ജീവിതത്തെ സ്‌നേഹിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. അവർക്ക് അവരുടേതായ രീതിയുണ്ട്. ഞാനും വരുന്നത് ലിവർപൂൾ പോലൊരു പ്രദേശത്തു നിന്നാണ്. എന്റെ സംസാരശൈലിയും ശക്തവും വിചിത്രവുമാണ്.  ഇത്ര വലിയ നേട്ടം എനിക്ക് കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ല. വളരെ പ്രയാസപ്പെട്ടാണ് ഇതു സാധിച്ചത്. അത് കളിക്കാരുടെ കഠിനാധ്വാനം മൂലമാണ്. അവരുടെ അഭിലാഷമായിരുന്നു ഇത്. ക്ലബ്ബിന്റെ ആത്മാഭിലാഷമാണ് അത്. അത്യസാധാരണമായ സ്ഥിരതയോടെയാണ് അവർ കളിച്ചത്. ഞങ്ങൾ ഇനിയും എല്ലാം ജയിക്കണമെന്നില്ല. പക്ഷെ മെച്ചപ്പെട്ടു കൊണ്ടിരിക്കും. ഞങ്ങൾക്ക് ലോകോത്തര കളിക്കാരുണ്ട്. മറ്റു ക്ലബ്ബുകൾക്കുമുണ്ട്. എന്നാൽ വിജയിക്കാൻ നിശ്ചയദാർഢ്യം വേണം. ഈ ആശയം ഉൾക്കൊള്ളാനും ഏറ്റെടുക്കാനുമുള്ള സ്വഭാവദാർഢ്യം വേണം. വിനയത്തോടെ വിജയത്തെ സ്വീകരിക്കാൻ കഴിഞ്ഞാൽ കൂടുതൽ നേട്ടങ്ങൾ വരും. 

ചോ: ചെൽസിയോട് മാഞ്ചസ്റ്റർ സിറ്റി തോറ്റതോടെയാണ് ലിവർപൂളിന് കിരീടമുറച്ചത്. എന്ത് വികാരത്തോടെയാണ് ആ മത്സരം കണ്ടത്?

ഉ: ഫൈനൽ വിസിലിന് 10 സെക്കന്റ് മുമ്പ് കുടുംബത്തെ ഞാൻ വിളിച്ചു. ഐ ലവ് യൂ എന്നു ഞാൻ പറഞ്ഞു, അവരും തിരിച്ചു പറഞ്ഞു. ഒരുമിച്ചാവാൻ സാധിക്കാത്തതിൽ സങ്കടം രേഖപ്പെടുത്തി. എന്നിട്ട് ഫോൺ ഞാൻ മേശയിൽ വെച്ചു. അടുത്ത സെക്കന്റിൽ വലിയ ആഘോഷം ഇവിടെ നടക്കാൻ പോവുകയാണ്, കണ്ടോളൂ എന്ന് ഞാൻ പറഞ്ഞു. 

Latest News