വിദേശരാജ്യങ്ങൾക്ക് പ്രവാസികളെ സ്വീകരിക്കാൻ തടസമില്ലെങ്കിൽ വിസ നിയന്ത്രണം എന്തിനെന്നു ഹൈക്കോടതി

കൊച്ചി- നാട്ടിൽ അവധിക്ക് വന്ന പ്രവാസികൾക്ക്  ജോലിചെയ്യുന്ന  രാജ്യങ്ങളിലെക്ക്  തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തിൽ കൂടുതൽ വിസാ കാലാവധി നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ നയത്തിനെതിരെ ദൽഹി കെ.എം.സി.സി നൽകിയ കൊടുത്ത ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാറിനോട്  നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങൾക്ക് പ്രവാസികളെ സ്വീകരിക്കാൻ തടസമില്ലെങ്കിൽ കേന്ദ്രസർക്കാർ വിസ നിയന്ത്രണം കൊണ്ടു വന്നത് എന്തിനെന്നു വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിസ കാലവധിക്ക് മുമ്പ് വിദേശ രാജ്യങ്ങളിൽ എത്തിയാൽ അതാത് രാജ്യങ്ങൾ പ്രവാസികളെ സ്വീകരിക്കുമെന്നും അതിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയന്ത്രണം മൂലം വിസയുള്ളവർക്ക് പോലും തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന്  കെ.എം.സി.സിക്ക് വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാൻ  വാദിച്ചു. ജൂലൈ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

ജൂൺ ഒന്നിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചട്ടമാണ് വിദേശത്ത് ജോലിക്കായി പോകുന്നവർക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും വിസാകാലാവധി ഉണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നത്. അതേസമയം ജോലിയിതര പഠന, പരിശീലന ആവശ്യങ്ങൾക്കായി പോവുന്നവർക്ക് ഒരു മാസത്തെ വിസയിൽ യാത്ര അനുവദിക്കുന്നതായും ചട്ടം പറയുന്നു.

വിസാ കാലാധി തീർന്നാലും തൊഴിലാളികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാൻ അനുമതി കൊടുത്ത് കൊണ്ട് ഗൾഫ് രാജ്യങ്ങൾ അടക്കം വിവിധ വിദേശ രാഷ്ട്രങ്ങൾ സന്നദ്ധത അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നതെന്ന് ദൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം മുഖേന ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടു.

മാർച്ച് അവസാനം പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെ തുടർന്ന് അവധിക്കായും മറ്റും നാട്ടിൽ എത്തി ഇവിടെ തുടരേണ്ടി വന്നവരും കോവിഡ് 19 കാരണമായി പ്രത്യേക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിലെത്തിയവരുമായ  ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്.

ഈ വിഷയത്തിൽ ദൽഹി കെ.എം.സി.സി നിരവധി നിവേദനങ്ങൾ അധികാരികൾക്ക് അയച്ചിട്ടും അനുകൂല നിലപാട് ഇല്ലാത്തത് കാരണമാണ് കോടതിയെ സമീപിക്കുന്നത്.

 

Latest News