കോട്ടയം- യു.എ.ഇയിലെ വിമാനത്താവള ആന്റിബോഡി പരിശോധനയിൽ രോഗമില്ലെന്ന് കണ്ട നാലു പേർക്ക് നാട്ടിലെ പരിശോധനയിൽ കോവിഡ്. ഇതിൽ അബുദാബിയിലെ ചികിത്സയിൽ കോവിഡ് മുക്തനായ ഒരാളും ഉൾപ്പെടുന്നു.
ഇന്നലെ ആകെ 14 പേർക്കാണ് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏട്ടു പേർ ഗൾഫ് രാജ്യങ്ങളിൽനിന്നും ആറു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. മൂന്നു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
അബുദാബിയിൽനിന്ന് ജൂൺ 30 ന് എത്തി കളമശ്ശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നതാണ് ചങ്ങനാശ്ശേരി സ്വദേശിയും (19) ഈരാറ്റുപേട്ട സ്വദേശിയും (30). ഇതിൽ ഈരാറ്റുപേട്ട സ്വദേശി അബുദാബിയിൽ രോഗം സ്ഥിരീകരിച്ചശേഷം ചികിത്സയിൽ രോഗമുക്തനായാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കു മുമ്പ് അബുദാബിയിൽ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം ഇരുവരുടെയും നെഗറ്റീവായിരുന്നു. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയ ആന്റിബോഡി പരിശോധനാഫലം പോസിറ്റീവായതിനെത്തുടർന്ന് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാർജയിൽനിന്ന് ജൂൺ 30 ന് എത്തി കളമശ്ശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശിയുടെ (39) ഗൾഫിലെ വിമാത്താവള പരിശോധാ ഫലം നെഗറ്റീവായിരുന്നു. യു.എ.ഇയിൽനിന്ന് ജൂൺ 30 ന് എത്തി കോതമംഗലത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കാട്ടാമ്പാക്ക് സ്വദേശിക്ക് (27) റാസൽഖൈമ വിമാനത്താവളത്തിൽ നടത്തിയ ആന്റിബോഡി പരിശോധന നെഗറ്റീവായിരുന്നു.
ഷാർജയിൽനിന്ന് ജൂൺ 20 ന് എത്തി ഹോം ക്വാറന്റൈൻ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിക്ക് (50) രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 114 ആയി.
ജില്ലയിൽ 16 പേർ രോഗമുക്തരായി. ഇതിൽ മഹാരാഷ്ട്രയിൽനിന്നെത്തി രോഗം സ്ഥിരീകരിച്ച യുവതിയും നാലു വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ: കുവൈത്തിൽനിന്ന് ജൂൺ 19 ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശിനി (58), പൂനെയിൽനിന്ന് മെയ് 24 ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശി (31), അഹമ്മദാബാദിൽനിന്ന് ജൂൺ 18 നെത്തി അയർക്കുന്നത്തെ വീട്ടിൽ കഴിഞ്ഞിരുന്ന ഝാർഖണ്ഡ് സ്വദേശിനി (25), തമിഴ്‌നാട്ടിൽനിന്ന് ജൂൺ 23 ന് എത്തി നീലിമംഗലത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മരങ്ങാട്ടുപിള്ളി സ്വദേശി (26), മുംബൈയിൽനിന്ന് ജൂൺ ആറിന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി (62), ദൽഹിയിൽനിന്ന് പിതാവിനൊപ്പം ജൂൺ 19 ന് എത്തി ഹോം ക്വാറന്റൈനിലായിരുന്ന കാരാപ്പുഴ സ്വദേശിയായ ആൺകുട്ടി (3), ദൽഹിയിൽനിന്ന് ജൂൺ 22 ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (54), ഒമാനിൽനിന്ന് ജൂൺ 25 ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി (62), മംഗലാപുരത്തുനിന്ന് ജൂൺ 28 ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തിരുവാർപ്പ് സ്വദേശി (40).