വിസ്മയം തീർത്ത സംഗീത സഹോദരങ്ങൾ...

വെബ്‌സാനും ഹിലാനും
വെബ്‌സാനും ഹിലാനും അച്ഛൻ മനോജിനും അമ്മ സബ്‌നക്കുമൊപ്പം 

സംഗീതവേദികളിൽ വിസ്മയം സൃഷ്ടിച്ച് മുന്നേറുകയാണ് സഹോദരങ്ങളായ വെബ്‌സാനും ഹിലാനും. മലപ്പുറം എടക്കര സ്വദേശികളായ ഇരുവരും കീ ബോർഡിലും റിഥം പാഡിലുമാണ് വിസ്മയം തീർക്കുന്നത്. വെബ്‌സൻ കീബോഡിലും ഹിലാൻ റിഥം പാഡിലുമാണ് അവരുടെ കഴിവുകൾ പ്രകടമാക്കുന്നത്. 
ജിദ്ദയിലെ മിക്ക പരിപാടികളിലും നിറസാന്നിധ്യമായ ഇരുവരും ജിദ്ദ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളാണ്. വെബ്‌സാൻ പത്താം തരത്തിലും, ഹിലാൻ മൂന്നാം തരത്തിലും പഠിക്കുന്നു. ജിദ്ദയിലെ ഫാർമസിസ്റ്റായ നിലമ്പൂർ എടക്കര സ്വദേശി പഠിക്കപറമ്പിൽ മനോജ് ഖാൻ-സബ്‌ന മനോജ് ഖാൻ ദമ്പതികളുടെ മക്കളാണ്. 


വെബ്‌സാനെ അഞ്ചുവർഷമായി ജിദ്ദക്കാർക്ക് സുപരിചിതമാണ്. എന്നാൽ ഹിലാൻ ഈ ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയകളിലൂടെയാണ് സുപരിചിതനായത്. 
കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് എന്ന മ്യൂസിക് സംഘത്തിലെ നിറസാന്നിധ്യമാണ് വെബ്‌സാൻ. ജിദ്ദയിൽ ഏറെ കാലം ഉണ്ടായിരുന്ന ഗായകനും സാമൂഹിക പ്രവർത്തകനുമായ മഷ്ഹൂദ് തങ്ങളാണ് വെബ്‌സാനെ സംഗീത ലോകത്തേക്ക് കൊണ്ടുവന്നത്. ഇരുവരും വായിച്ച ഉണരുമീ ഗാനം പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ തന്റെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. 
 'സംഗീത സഹോദരർ, വെബ്‌സാൻ ഖാൻ, ഹിലാൻ ഖാൻ. എന്റെയൊരു പോപ്പുലർ ഗാനമാണിവർ പ്ലേ ചെയ്യുന്നത്. പാട്ടിന്റെ മെലഡിയും, കോർഡ്‌സും, ഓർക്കസ്‌ട്രേഷനും, കോറസ് പോലും, മൂന്ന് കീബോർഡ് മേൽക്കുമേൽ വെച്ച് പ്ലേ ചെയ്യുന്ന ആ പ്രാഗത്ഭ്യം എന്നെ അതിശയിപ്പിച്ചു. ജിദ്ദയിലെ പല വേദികളും ഈ കുട്ടികൾ സംഗീത സമ്പന്നമാക്കാറുണ്ട്. ഭാവുകങ്ങൾ, മക്കളേ എന്നായിരുന്നു വേണുഗോപാലിന്റെ വാക്കുകൾ. 
 വെബ്‌സാൻ അഞ്ചുവർഷമായും, ഹിലാൻ ഒരുവർഷമായും ജിദ്ദയിലെ പ്രമുഖ കലാ അധ്യാപകനായ കെ.ജെ കോയയുടെ കീഴിൽ സംഗീതം അഭ്യസിച്ചുവരികയാണ്. 
പിതാവ് മനോജ് ഖാൻ ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്. മാതാവ് ഗാനങ്ങളും എഴുതിയിട്ടുണ്ട്. മാതാവിന്റെ രണ്ട് ഗാനത്തിൽ വെബ്‌സാൻ ഓർക്കസ്ട്ര നിർവഹിച്ചിട്ടുണ്ട്. മൂന്ന്  വയസുകാരനായ ജിഹാൻ സഹോദരനാണ്.

 

Latest News