Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

ഏകാന്തതയുടെ നാനാർത്ഥങ്ങൾ 

ഇരുപതാം നൂറ്റാണ്ടിന്റെ മഹാനായ ഫോട്ടോഗ്രാഫർ എന്ന ഖ്യാതി നേടിയ യൂസഫ് കർഷ് പങ്ക് വെച്ച ഒരനുഭവമുണ്ട്. വിശ്രുതനായ പാബ്ലോ കാസൽസ് എന്ന സംഗീതജ്ഞന്റെ വ്യത്യസ്തമായ ഒരു ഫോട്ടോയെ കുറിച്ചാണത്. വർഷങ്ങൾക്ക് ശേഷം ആ ഫോട്ടോ ബോസ്റ്റണിലെ ഫൈൻ ആർട്‌സ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചപ്പോൾ എന്നും ഈ ചിത്രത്തിന് മുന്നിൽ ഒരു വയോധികൻ കുറച്ച് നേരം വന്നു നിൽക്കുമായിരുന്നു. അത് കണ്ട് കൗതുകം തോന്നിയ മ്യൂസിയം ക്യുറേറ്റർ ചോദിച്ചു: അധിക ദിവസവും ഈ ഫോട്ടോയ്ക്ക് മുന്നിൽ ഇങ്ങനെ വന്നു നിൽക്കുന്നതെന്താണ്? 
സൗമ്യമായി ആ വൃദ്ധൻ പറഞ്ഞുവത്രേ: 'പതിയെ പറയൂ ...  ഞാൻ സംഗീതം ആസ്വദിക്കുകയാണെന്ന് താങ്കൾ കാണുന്നില്ലേ! '
ലോകപ്രസിദ്ധരായ നിരവധി പേരുടെ ഫോട്ടോ പകർത്തിയ യൂസുഫ് കർഷ് ഫോട്ടോഗ്രഫിയിൽ അനുപമ സർഗ്ഗസിദ്ധി പ്രദർശിപ്പിച്ച പ്രതിഭാധനനാണ്. ആയിരത്തി തൊള്ളായിരത്തി നാൽപത്തിയൊന്ന് ഡിസംബർ മുപ്പതാം തീയതി കനേഡിയൻ പാർലമെന്റിൽ രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് പ്രഭാഷണം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ഫോട്ടോ സെഷനിൽ നീരസം തുളുമ്പുന്ന അദ്ദേഹത്തിന്റെ മുഖഭാവം പകർത്താൻ യൂസുഫ് സ്വീകരിച്ച രീതി ആരെയും അമ്പരപ്പിക്കുന്നതാണ്. പുകവലിക്കാരനായ ചർച്ചിലിന്റെ കൈയ്യിലുണ്ടായിരുന്ന സിഗാർ തട്ടി തെറുപ്പിച്ചായിരുന്നു നിമിഷാർദ്ധത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് പടർന്ന ഈർഷ്യ തന്റേടക്കാരൻ കൂടിയായ യൂസുഫ് കർഷ് ഒപ്പിയെടുത്തത്. 


ചുമരിനഭിമുഖമായിരിക്കുന്ന കാസലിന്റെ ഫോട്ടോയെ കുറിച്ച് യൂസുഫ് പിന്നീട് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. 'എന്റെ ഫോട്ടോകളിൽ ഒരാളെ പോലും അയാളുടെ പിൻഭാഗത്ത്‌നിന്ന് ഞാൻ അതിനു മുമ്പോ ശേഷമോ പകർത്തിയിട്ടില്ല. പക്ഷെ പാബ്ലോ കാസലിന്റെ വിജനമായ മുറിയിലുള്ള ആ ഇരുത്തം കലാകാരന്റെ ഏകാന്തതയെ, പ്രസിദ്ധിയുടെ ഉച്ചിയിലായിരിക്കുമ്പോഴും അദ്ദേഹം അനുഭവിച്ച രാജ്യഭ്രഷ്ടനായവന്റെ  തീവ്രമായ ഒറ്റപ്പെടലിനെ  തെല്ലൊന്നുമല്ല പ്രതിഫലിപ്പിക്കുന്നതെന്ന് എനിക്ക് ബോധ്യമായതിനാലാണങ്ങനെ ചെയ്തത്.'
ഏകാന്തത എക്കാലത്തും മനുഷ്യനെ ഏറെ പിടിച്ചുലയ്ക്കുന്ന അവസ്ഥയാണ്. എഴുത്തുകാരും കലാകാരൻമാരും ആ അവസ്ഥയെ വേണ്ടുവോളം വിഷയീഭവിപ്പിച്ചതായി കാണാം. ഖലീൽ ജിബ്രാൻ ദി വോയ്‌സ് ഓഫ് ദി മാസ്റ്റർ എന്ന കൃതിയിൽ എഴുതി: 'ഏകാന്തതയുടെ മഹാസാഗരത്തിലെ കൊച്ചു ദ്വീപാണ് ജീവിതം. അതിലെ ശിലകളാണ് ആശകൾ; വൃക്ഷങ്ങളാണ് കിനാക്കൾ. പൂക്കൾ വിജനതയും അരുവികൾ ദാഹവുമാണ്.' 


ബ്രോക്കൺ വിംഗ്‌സ് എന്ന നോവലിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: ഏകാന്തതയ്ക്ക് നനുത്ത പട്ടു കൈകളാണ്. പക്ഷെ അതിന്റെ ദൃഢമായ വിരലുകളാൽ അത് ഹൃദയത്തെ വരിഞ്ഞു മുറുക്കി വല്ലാതെ നോവിക്കും. 
മനുഷ്യന്റെ ദൗർബല്യങ്ങളെ നോക്കി പുഞ്ചിരി പൊഴിക്കുകയും ഇടയ്ക്ക് വിസ്മയകരമാംവണ്ണം പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഗബ്രിയേൽ ഗാർസിയ  മാർക്വിസ് രചിച്ച,  അഞ്ച് കോടിയിലധികം കോപ്പികൾ ലോകത്ത് ഇതിനകം വിറ്റഴിഞ്ഞ ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന മനോഹരമായ നോവലിന്റെ പ്രസിദ്ധിക്കു പിന്നിൽ നോവലിസ്റ്റ് ഉപയോഗിച്ച പേരിന്റെ സ്വാധീനം ചെറുതായിരിക്കാനിടയില്ല. 


വൈക്കം മുഹമ്മദ് ബഷീറിലൂടെ ഗദ്യകവിതയായ് പിറന്ന് പിന്നീട് പി.ഭാസ്‌ക്കരൻ മാഷുടെ സർഗപരിചരണത്തിലൂടെ പാട്ട് രൂപം പൂണ്ട് എം.എസ് ബാബുരാജ് സംഗീതം നൽകി കമുകറ പാടിയ ഏകാന്തതയുടെ അപാരതീരത്തെ കുറിച്ചുള്ള ആ മനോഹര ഗാനം ആസ്വദിച്ച് തെല്ലിടയെങ്കിലും ജീവിതയാത്രയെക്കുറിച്ച് ഗാഢമായി ആലോചിക്കാത്തവർ മലയാളികളിൽ വിരളമായിരിക്കും.
ആദിമ ഭീകര വനവീഥികളിൽ, നിലാവിൽ മയങ്ങിയ മരുഭൂമികളിൽ നൂറ്റാണ്ടുകളുടെ ഗോപുര മണികൾ വീണു തകർന്നൊരു തെരുവീഥികളിൽ അനു നിമിഷം തളം കെട്ടുന്ന ഏകാന്തതയുടെ വൈവിധ്യങ്ങൾ അനുഭവിക്കുന്നവർ പ്രവാസ ലോകത്ത് ധാരാളമുണ്ടെന്ന് പറയുന്നത്  പ്രത്യേകിച്ചും ഇക്കാലത്ത് അതിശയോക്തിയല്ല. 
നാമെപ്പോഴും കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകളെയും കവിതകളെയുമെല്ലാം സൂക്ഷ്മമായി പരിശോധിച്ചാൽ തനിച്ചായി പോവുന്നതിന്റെ നീറ്റലും സുഖവും വിരഹവും നിസ്സഹായതയും അവയിൽ തെളിഞ്ഞ് വരുന്നത് കാണാം. ആരൊക്കെ കൂട്ടിനുണ്ടെങ്കിലും ജനിയിലും മൃതിയിലും നമോരോരുത്തരും തനിച്ചായിരിക്കുമെന്ന യാഥാർത്ഥ്യം  വേദങ്ങൾ നിരന്തരം ഉണർത്തുന്നതിന്റെ പൊരുൾ എന്നിട്ടുമെന്തേ ചിലർക്ക് ഉൾവെളിച്ചം പകരാത്തത്!


പരിധി കവിഞ്ഞ ഏകാന്തത മനുഷ്യരെ മാനസികമായും ശാരീരികമായും ഏറെ പരിക്ഷീണിതരാക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ക്രമാതീതമായി അകന്ന് നിൽക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ആത്മ സംഘർഷത്തെ തിരിച്ചറിയാതെ പോവരുത്. ഊണിലും ഉറക്കിലും താളപ്പിഴകൾ സംഭവിക്കാനും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും അമിത ഉൽക്കണ്ഠയും ഒറ്റപ്പെടലിന്റെ ഉല്ലാസരഹിതമായ രാപകലുകളും ഇടയാക്കിയേക്കും. നല്ല സൗഹൃദങ്ങളും മികച്ച വായനയും പതിവായ വ്യായാമവും കലർപ്പറ്റ ഈശ്വര ചിന്തയും എപ്പോഴും കൂട്ടിനുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.