Sorry, you need to enable JavaScript to visit this website.

കോവിഡ്: മനോബലം പ്രതിവിധിയാണ്

ഡോ. എൻ. പ്രതാപ് കുമാർ എൻ

ആഗോള തലത്തിൽ വ്യാപിച്ച കോവിഡ്-19 മഹാമാരിയുടെ ഇന്ത്യയിലേക്കുള്ള അതിവേഗ വരവ് മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള പരമ്പരാഗത മിത്തുകളെല്ലാം തകർത്തു കളഞ്ഞു.  പൂർണ ആരോഗ്യവാന്മാരേയും ഈ മാരക വൈറസ് വൻ തോതിൽ ബാധിച്ചുവെങ്കിലും ശ്വാസ കോശസംബന്ധമായും ഹൃദയ സംബന്ധമായും രോഗമുള്ളവർക്ക് അതു പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 


മനുഷ്യ ശരീരത്തിലെ ശ്വസന വ്യവസ്ഥയിലൂടെയാണ് കോവിഡ്-19 വ്യാപകമായി പരക്കുന്നത്. വൈറസ് ബാധിച്ചവർ സാധാരണയായി പനിയും ചുമയും ശ്വാസ തടസവുമാണ് പരാതിപ്പെടാറ്. മൂക്കും തൊണ്ടയും ഉൾപ്പെടുന്ന ശ്വസനനാളിയുടെ മേൽ ഭാഗത്ത് ജലദോഷ ലക്ഷണവുമായി  വൈറസ് ഇടം പിടിക്കുന്നു. ഇതേത്തുടർന്ന് ശ്വാസ നാളിയും ശ്വാസകോശവും  ഉൾപ്പെടുന്ന കീഴ്ഭാഗത്ത് ശ്വാസതടസ്സവും ചുമയും അനുഭവപ്പെടുന്നു. ഗുരുതരാവസ്ഥയിൽ ഇത് ന്യുമോണിയ, തീവ്രമായ ശ്വാസം മുട്ട് (എ.ആർ.ഡി.എസ്)  അല്ലെങ്കിൽ അവയവങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥ എന്നിവയിലൂടെ പലപ്പോഴും മരണത്തിലേക്കു നയിക്കുന്നു.


ശ്വാസകോശ രോഗത്തിന്റെ ചരിത്രമുള്ളവരാണ് കോവിഡ്-19 ന് ഇരയാകുന്നതെന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാൽ പ്രതിരോധ ശേഷി കുറഞ്ഞ ഏതൊരാൾക്കും കൊറോണ വൈറസ്  ബാധിക്കാമെന്നും അത്   അയാളുടെ ഹൃദയത്തിന്റെ അവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും തെളിഞ്ഞിട്ടുണ്ട്.
ആദ്യം ശ്വാസകോശത്തെയാണു രോഗം ബാധിക്കുന്നതെങ്കിലും   കോവിഡ്-19 പോസിറ്റീവായവർക്ക് ഹൃദയസംബന്ധിയായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി ലോകമെങ്ങുമുള്ള ഡോക്ടർമാർ നിരീക്ഷിച്ചിട്ടുണ്ട്.   


ഹൃദയപേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന വൈറസ് ക്രമേണ രോഗിയെ ഹൃദയാഘാതത്തിലേക്കു നയിക്കുന്നു. ശ്വാസകോശാവയവങ്ങളുടെ പ്രവർത്തനം മന്ദീഭവിക്കുന്നതോടെ ഹൃദയത്തിന്റെ ജോലിഭാരം കാര്യമായി വർധിക്കുമെന്ന കാര്യം ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ ശ്രദ്ധിക്കണം. 
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും പൊതു സ്ഥലത്ത് തുപ്പുന്നതും തടയാൻ ആവശ്യപ്പെട്ടിരുന്നു.
ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്  പ്രതിരോധ നിലവാരം കുറവായതിനാൽ കോവിഡ് -19 ബാധിച്ചാൽ അപകടാവസ്ഥയിലെത്തുന്നു. സാധാരണ സാഹചര്യങ്ങളിൽ ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്യുന്നത്  കോവിഡ് -19 ന്റെ വ്യക്തമായ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ മടി വിചാരിക്കാതെ എത്രയും വേഗം ഡോക്ടറെ കാണണം. 


അതു പോലെ, ചെറിയ ശാരീരിക വ്യായാമത്തിൽ തന്നെ ക്ഷീണം അനുഭവപ്പെട്ടാലും ഡോക്ടറെ കാണുന്നത് വിവേകപൂർവമായിരിക്കും. നിത്യവും വ്യായാമം ചെയ്യുന്നവർ നിശ്ചിത ഇടവേളകളിൽ  ഡോക്ടറുടെ മാർഗനിർദ്ദേശം സ്വീകരിക്കുന്നത് ഗുണകരമാണ്. ആളുകൾ പതിവായി ചെയ്യുന്ന വ്യായാമം മാറ്റിവെക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ ഇല്ല. എന്നും വ്യായാമം ചെയ്യുന്ന ശീലമുള്ളവർ അതു തുടർന്നു കൊണ്ടു പോവുക തന്നെയാണു വേണ്ടത്. എന്നാൽ വ്യായാമം ചെയ്യുന്നവർ സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. വൈറസ് ബാധ ഏൽക്കാതിരിക്കാനും വ്യാപനം തടഞ്ഞു നിർത്താനും ഇതു സഹായിക്കും. 


യഥാർത്ഥ വൈറസിനേക്കാൾ വൈറസ് ബാധയേൽക്കുമോ എന്ന ഭയമാണ് ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരെ  കൂടുതൽ വേട്ടയാടുന്നത്. ഹൃദ്രോഗ ചരിത്രമുള്ളവർക്ക് വലിയ മാനസിക സംഘർഷം ഇതു സൃഷ്ടിച്ചേക്കും. തൽഫലമായുണ്ടാകുന്ന സമ്മർദ്ദം  രക്തസമ്മർദ്ദം വർധിപ്പിക്കാനും ഹൃദ്രോഗികൾക്ക് ഹൃദയാഘാതമുണ്ടാക്കാനുമുള്ള സാധ്യത വർധിപ്പിക്കും. 
കോവിഡ്-19 ന്റെ അനന്തരഫലങ്ങളെക്കുറിച്ചാലോചിക്കുന്നതിനു പകരം ഹൃദ്രോഗികൾ കർമ്മ നിരതമായ ജീവിതം നയിക്കുകയാണു വേണ്ടത്. ഇതുവരെ സമ്മർദ്ദത്തിൽനിന്നു മോചിപ്പിക്കാനും രോഗം കാരണമുള്ള ഉൽക്കണ്ഠ ഇല്ലാതാക്കാനും സഹായിക്കുക മാത്രമല്ല വൈറസ് ജനിപ്പിക്കുന്ന പ്രതിസന്ധിയും അനിശ്ചിതത്വവും നേരിടുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനും സഹായിക്കും.
ഹൃദ്രോഗികൾ മനോബലം വർധിപ്പിക്കേണ്ടതുണ്ട്.  വൈറസിന്റെ ആഘാതം ഫലപ്രദമായി നേരിടുന്നതിന് മാനസിക മാന്ദ്യത്തിൽ നിന്ന്  സ്വയം വീണ്ടെടുക്കാനുള്ള കഴിവ് അവർ ആർജ്ജിക്കണം. കോവിഡ്-19 രോഗികളിൽ യുവാക്കളുമായി താരതമ്യം ചെയ്യുമ്പോൾ അപകട സാധ്യത കൂടുതലുള്ളത് പ്രായം കൂടിയവർക്കാണ്. യുവാക്കളായ കോവിഡ് രോഗികൾക്കിടയിൽ മരണ നിരക്ക്  2.5 ശതമാനം ആയിരിക്കുമ്പോൾ മുതിർന്ന രോഗികളിൽ ഇത് 5 ശതമാനമാണ്.


70 വയസുള്ള രോഗികൾക്കിടയിൽ മരണ നിരക്ക് 8 ശതമാനവും അതിനു മുകളിലുമാണ്. 80 വയസിനു മുകളിലുള്ളവർക്കിടയിൽ മരണ നിരക്ക് 80 ശതമാനവും അതിനു  മുകളിലുമാണ്. എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഹൃദയ സംബന്ധമായ രോഗമുള്ളവരിൽ മരണ നിരക്ക് 10.5 ശതമാനം മാത്രം. 
ശരാശരി ആരോഗ്യമുള്ള ഒരാൾക്കും ഹൃദയ സംബന്ധമായ രോഗമുള്ള ആൾക്കും അരോഗമായ ജീവിതം നയിക്കുന്നതിന് ഉറക്കം സുപ്രധാനമായ ഘടകമാണ്. വിട്ടുവീഴ്ചയില്ലാത്തവിധം മതിയായ ഉറക്കം ലഭിക്കേണ്ടത് ആവശ്യമാണ്. ഉറക്കക്കുറവു മൂലം ഉണ്ടാകുന്ന ഉദാസീനതയും അശ്രദ്ധയും കോവിഡ്-19 ന്റെ ലക്ഷണങ്ങളായി കണക്കാക്കാൻ കഴിയില്ല.  ആവശ്യത്തിനു ഉറക്കം ലഭിക്കാതെ വരുന്നത് ഒരാളെ  അനാവശ്യമായ ഉൽക്കണ്ഠകളിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കും. ഒഴിവാക്കാവുന്നതാണിത്. ഹൃദയ സംബന്ധമായ രോഗമുള്ളവർ മതിയായ  ഉറക്കം ലഭിക്കുന്നു എന്നുറപ്പു വരുത്തണം.


കോവിഡ്-19 മഹാമാരിയുടെ സമൂഹ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അവർ കർശനമായി പാലിക്കേണ്ടതാണ്. താഴ്ന്ന പ്രതിരോധ നിലവാരമുള്ളവരായതിനാൽ വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ളവരാണു തങ്ങളെന്ന് ഹൃദ്രോഗികൾ മനസിലാക്കേണ്ടതുണ്ട്.  അതിനാൽ സാമൂഹ്യമായ ഇടപെടലുകളും കുടുംബ സംഗമങ്ങളുമെല്ലാം അവർ പൂർണമായി ഒഴിവാക്കണം. 


ചിലയിനം ഭക്ഷണ പദാർത്ഥങ്ങളോ പഴവർഗങ്ങളോ കഴിക്കുന്നതിലൂടെ കൊറോണ വൈറസിനെതിരെ ഒരാളുടെ പ്രതിരോധ ശേഷി വർധിക്കുമെന്നതിന് ശാസ്ത്രീയമായ യാതൊരടിത്തറയുമില്ല. എന്തും വിളിച്ചുപറയാൻ മടിയില്ലാത്ത ചില കേന്ദ്രങ്ങളിൽനിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച്  ഒരാളുടെ ഭക്ഷണ ശീലം മാറ്റുന്നതിൽ ഒരു യുക്തിയുമില്ല. എന്തായാലും ഒരാളുടെ ദൈനംദിന ഭക്ഷണശീലങ്ങൾ മാറ്റുന്നതിനു മുമ്പായി ശരിയായ മാർഗ നിർദ്ദേശത്തിന് ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും.  ഹൃദ്രോഗികൾ അവരുടെ ഭക്ഷണക്രമം കർശനമായി പാലിക്കുന്നതാണു നല്ലത്.

(മെഡിട്രീന  ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാണ് ലേഖകൻ) 

Latest News