Sorry, you need to enable JavaScript to visit this website.

നിയമം നിയമത്തിന്റെ വഴിക്ക്, പോലീസും

രാജ്യത്ത് വർദ്ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്. ലോക് ഡൗൺ സമയത്ത് തൂത്തുകുടിയിൽ കടയടക്കാൻ അൽപ്പം വൈകി എന്ന കുറ്റം ചുമത്തി പിതാവിനേയും മകനേയും ലോക്കപ്പിലിട്ടു മർദ്ദിച്ചുകൊന്ന സംഭവം രാജ്യമാകെ ശ്രദ്ധിച്ചതിനെ തുടർന്നാണ് കണക്കുകൾ പുറത്തുവന്നത്. ലോക്കപ്പ് മർദ്ദനങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവാണ് തൂത്തുകുടിയിൽ മർദ്ദനത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തപ്പോൾ ജനങ്ങൾ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച ദൃശ്യങ്ങൾ.
2019 ൽ മാത്രം ഇന്ത്യയിൽ ആകെ 1,731 പേർ കസ്റ്റഡിയിൽ മരണപ്പെട്ടതായാണ്  കണക്ക്. അതായത് ദിനം പ്രതി  അഞ്ച് മരണങ്ങൾ.  പീഡനത്തിനിരയായവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച്, ഇന്ത്യയിൽ നടന്നിട്ടുള്ള പീഡനത്തെക്കുറിച്ചുള്ള 2019ലെ വാർഷിക റിപ്പോർട്ടിലാണ് 1,606 മരണങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലും 125 എണ്ണം പോലീസ് കസ്റ്റഡിയിലും സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്നത്. കേരളമടക്കം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങൾ നടക്കുന്നു.  പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട 125 കേസുകളിൽ 93 പേർ ക്രൂരമായ പീഡനത്തെ തുടർന്നാണ് മരണപ്പെട്ടത്. ചിലർ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. 
അതിക്രൂരമായ മർദ്ദനമുറകളാണ് പോലീസ് പ്രയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇരുമ്പാണിയും റോളറും തീയും മുളകുപൊടിയും വൈദ്യുതിയും ലാത്തിയും സൂചിയും ഇരുമ്പുവടിയുമെല്ലാം അതിനായി ഉപയോഗിക്കുന്നു. സിനിമകളിൽ കാണുന്ന പോലെ  കൈകാലുകൾ കെട്ടി തലകീഴായി തൂക്കിയിട്ടശേഷം അടിക്കലും  പ്ലയർ ഉപയോഗിച്ച് വിരൽ നഖങ്ങൾ പിഴുതെടുക്കലുമെല്ലാം സ്ഥിരം പരിപാടിയാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ദരിദ്രരും ദളിത്, മുസ്്‌ലിം  വിഭാഗങ്ങളിൽ പെട്ടവരുമാണെന്നത് പ്രത്യേകം പറയാതെ വയ്യ. ലോക്കപ്പ് കൊലകളുടെ രാഷ്ട്രീയവും അതിലൂടെ പുറത്തുവരുന്നു. സ്ത്രീകൾ നേരിടുന്നത് പ്രധാനമായും ലൈംഗിക അതിക്രമങ്ങൾ തന്നെ. 2019 ൽ പോലിസ് കസ്റ്റഡിയിൽ നാല് സ്ത്രീകളും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. പോലീസ് സ്‌റ്റേഷനുകളിലും ലോക്കപ്പുകളിലുമെല്ലാം ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം മിക്കയിടത്തും ഇപ്പോഴും നടപ്പായിട്ടില്ല. 
പ്രബുദ്ധമെന്നൊക്ക പറയുന്ന കേരളവും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. ഏതാനും വർഷങ്ങളായി കേരളത്തിലെ പോലീസിനെതിരായ പരാതികൾ വർദ്ധിക്കുന്നതായി പോലീസ് കംപ്ലെയൻസ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സർക്കാരിനു മുന്നിൽ ചൂണ്ടികാണിക്കാറുണ്ട്. എന്നാൽ ആത്മവീര്യത്തിന്റെ പേരിലാണ് സർക്കാർ പോലീസിനു കവചമൊരുക്കുന്നത്. രാജൻ, ഉദയകുമാർ, ഗോപി, ശ്രീജിത്, ശ്രീജിത് വരാപ്പുഴ, സനൽകുമാർ, രാജ്കുമാർ തുടങ്ങിയവരൊക്കെ പലപ്പോഴായി പോലീസിനാൽ കൊലചെയ്യപ്പെട്ടവരിൽ ചിലരാണ്. വിനായകനെപോലെ പോലീസ് അതിക്രമത്തിനു പിന്നാലെ ആത്മഹത്യ ചെയ്തവരും പിന്നീട് മരിച്ചവരുമൊക്കെ വേറെ. പ്രധാനമായും ഉദയകുമാർ വധത്തിൽ മാത്രമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത്. പോലീസ് അതിക്രമങ്ങളെ കുറിച്ച് പോലീസ് തന്നെ അന്വേഷിച്ചാൽ മറ്റെന്താണുണ്ടാകുക? ഈ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ പതിറ്റാണ്ടുകൾക്കുശേഷം വ്യാജഏറ്റുമുട്ടൽ കൊലകളും സംസ്ഥാനത്ത് നടന്നു. ദളിതുകളും ദുർബ്ബലുമായവർ തന്നെയാണ് ഇവിടേയും പീഡനങ്ങൾക്ക് ഏറ്റവും വിധേയരാകുന്നവർ. കൂടാതെ  ട്രാൻസ്ജെന്ററുകളും. ഇപ്പോഴും ഏതെങ്കിലും രാഷ്ട്രീയക്കാരുടെ സഹായമില്ലാതെ ധൈര്യം പോലെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കയറി ചെല്ലാൻ ധൈര്യമുള്ളവർ കുറവാണല്ലോ. ജനമൈത്രി എന്ന ഓമനപേരുള്ള സ്റ്റേഷനുകളും തഥൈവ.  ലോക്കപ്പ് മർദ്ദനവും പീഡനവും സർക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവുപല്ലവി തന്നെയാണ് സർക്കാർ പറയുന്നത്. അതേ വാദത്തിൽ ഭീകരനിയമങ്ങളും കർക്കശമാക്കുന്നു. എന്തിനേറെ, അറസ്റ്റ് ചെയ്യുമ്പോൾ പോലും നിലവിലെ ചട്ടങ്ങൾ പാലിക്കുന്നില്ല. 
അതിനിടെ വർദ്ധിച്ചു വരുന്ന പോലീസ് അതിക്രമ പരാതികളും നിയമ പരിജ്ഞാനം ഇല്ലാത്തവർ പോലീസ് സ്റ്റേഷനുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച്  പോലീസ് സ്റ്റേഷനുകളിൽ അഡ്വക്കേറ്റുമാരുടെ സേവനം ലഭ്യമാക്കാൻ ലീഗൽ സർവ്വീസ് അതോറിട്ടി തീരുമാനം സ്വാഗതാർഹമാണ്.  അതനുസരിച്ച് പോലീസ് സ്റ്റേഷനിലേക്ക് കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും ചോദ്യം ചെയ്യാനോ, അറസ്റ്റ് ചെയ്യാനോ വിളിപ്പിക്കുന്നുവെങ്കിൽ നിയമ പരിജ്ഞാനമുള്ള വക്കീലിന്റെ സേവനം ലഭ്യമാകുകയും അതുവഴി സാധാരണക്കാർക്ക് ഭയമില്ലാതെ ഇനി പോലീസ് സ്റ്റേഷനുകളിലേക്ക് കയറി ചെല്ലാനും സാധിക്കുമെന്നാണ് അതോറിട്ടി അവകാശപ്പെടുന്നത്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു സേവനം നൽകുന്നത്. ഇതനുസരിച്ച് ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ട വ്യക്തിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകൻ വിലയിരുത്തും. ആരോപിക്കപ്പെടുന്ന കുറ്റവും ചോദ്യം ചെയ്യലിനായി വ്യക്തിയെ വിളിച്ചു  വിശദീകരിച്ചു നൽകും. എല്ലാ നിയമോപദേശവും സഹായവും നൽകും.  യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായാൽ അഭിഭാഷകൻ ഇടപെടുകയും പോലീസിനെ നിയമ വശങ്ങൾ വിശദീകരിച്ച് ഉപദേശം നൽകും. ചോദ്യം ചെയ്യലിനായി സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്കോ അവരുടെ താമസ സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്തേക്കോ വിളിച്ചിട്ടില്ലെന്ന് ഉറപ്പാക്കും. ഒരു കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കിൽ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം നൽകിയിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന്  ആവശ്യമായ നടപടികൾ കൈക്കൊള്ളും.  ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം നേടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. അറസ്റ്റു ചെയ്യപ്പെട്ടയാളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അതിനു വേണ്ടിയുള്ള നടപടികൾ അഭിഭാഷകൻ കൈക്കൊള്ളും.  അതാത് ദിവസത്തെ പ്രവർത്തനങ്ങൾ അന്ന് തന്നെ ഡിസ്ട്രിക്ട് ജഡ്ജി ചെയർമാൻ ആയിട്ടുള്ള ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മുമ്പാകെ അഭിഭാഷകൻ ബോധിപ്പിക്കും. സ്വാഗതാർഹമാണ് ഈ തീരുമാനമെങ്കിലും നിയമം നടപ്പാക്കാൻ ബാധ്യസ്ഥരായ പോലീസ് നിയമം ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള തീരുമാനത്തിനു കാരണം എന്നതാണ് പ്രധാനം. അതിനാണ് അറുതി വരുത്തേണ്ടത്. തീർച്ചയായും നിയമം നിയമത്തിന്റെ വഴിക്കു പോകണം. അതിൽ സർക്കാർ ഇടപെടരുത്. എന്നാൽ പോലീസ് നിയമത്തിന്റെ വഴിക്കുപോയില്ലെങ്കിൽ ഇടപെടാൻ ജനാധിപത്യ സർക്കാരുകൾ ബാധ്യസ്ഥരാണ്. 


 

Latest News