Sorry, you need to enable JavaScript to visit this website.

ജീവിത വിജയത്തിന് ആസൂത്രണം 

വിജയമന്ത്രങ്ങൾ-3 

ജീവിതത്തിലെ ഏറ്റവും മികച്ച  6 ഡോക്ടർമാരായി സ്റ്റീവ് ജോബ്‌സ് പരിചയപ്പെടുത്തുന്ന സൂര്യ പ്രകാശം (സൺലൈറ്റ് ) വിശ്രമം (റെസ്റ്റ് ) വ്യായാമം (എക്‌സർസൈസ്) ഭക്ഷണം (ഡയറ്റ്) ആത്മവിശ്വാസം (കോൺഫിഡൻസ്) സുഹൃത്തുക്കൾ (ഫ്രന്റ്‌സ്) എന്നിവയിൽ ചിലതെങ്കിലും ഹൽ എൽറോദിന്റെ മിറാക്കിൾ മോണിംഗ് ആശയങ്ങളുടെ പൂരണമാണ്. 
ആസൂത്രണമാണ് ജീവിത വിജയത്തിനാവശ്യമായ മറ്റൊരു പ്രധാന ഗുണം. ആസൂത്രണം ചെയ്യുവാൻ പരാജയപ്പെടുകയെന്നത് പരാജയപ്പെടുവാൻ ആസൂത്രണം ചെയ്യുന്നതുപോലെയാണെന്നാണ് ഇംഗഌഷുകാർ പറയാറുള്ളത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും നാം ആസൂത്രണം ചെയ്യുന്നതുപോലെ നടക്കണമെന്നില്ല. എങ്കിലും നമുക്കൊരു പ്ലാനും പദ്ധതിയും ആവശ്യമാണ്. ചില ഘട്ടങ്ങളിൽ ഒന്നിലധികം പദ്ധതികളുമാകാം. പ്ലാൻ എ നടക്കാതിരുന്നാൽ പ്ലാൻ ബി പരീക്ഷിക്കാം. ഏത്് അവസ്ഥയിലും ദിശാബോധമായും വഴികാട്ടിയായും നമ്മുടെ പ്ലാനുകൾ വേണം.
പ്രമുഖ അമേരിക്കൻ വ്യവസായിയും ഫോർഡ് കോർപറേഷൻ ചെയർമാനുമായിരുന്ന ഹെൻട്രി ഫോർഡിന്റെ  പ്രശസ്തമായ ഒരു വാചകമുണ്ട്. തെറ്റുകണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം പരിഹാരം കണ്ടെത്തുക. പരാതിപ്പെടുവാൻ ആർക്കും സാധിക്കും.  വിജയകരമായ മുന്നേറ്റത്തിന് ജീവിത സമീപനവും നിലപാടുകളും എങ്ങനെയായിരിക്കണമെന്നാണ് ഈ വാചകം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. 
മനോഭാവം അതാണ് എല്ലാം എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ  ജെഫ് കെല്ലർ തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും ചുട്ടെടുത്ത കുറേ പാഠങ്ങൾ പങ്കുവെക്കുന്നുണ്ട്.  പരാതികളും പരിഭവങ്ങളുമായി കഴിയുന്നതിന് പകരം സമയവും സാഹചര്യവും കണക്കിലെടുത്ത് ഉയർന്നുപ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്യുമ്പോൾ ജീവിതം മനോഹരമാക്കുന്നതിൽ മനോഭാവത്തിന്റെ പ്രാധാന്യമാണ് അദ്ദേഹം  അടയാളപ്പെടുത്തുന്നത്. 
നമ്മുടെ മനോഭാവമാണ് എല്ലാ കാര്യങ്ങളും നിർണ്ണയിക്കുന്നത്. നിഷേധാത്മകമായ മനോഭാവം നമ്മുടെ ജീവിതത്തെ പരാജയത്തിലേക്ക് തള്ളിവിടുന്നു. എന്തിനും ഏതിനും നിഷേധാത്മകമായ മനോഭാവം വെച്ചുപുലർത്തുന്നവരെ നാം എന്നും കണ്ടുമുട്ടാറുണ്ട്. ലോകത്തെ മുഴുവൻ അവർ പുച്ഛിക്കുകയും എല്ലാത്തിനെയും പഴിക്കുകയും നിരാശയോടെ പെരുമാറുകയും ഒന്നും ഒരുകാലത്തും ശരിയാകില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യും. ഇത് അവരുടെ ജീവിതം മുഴുവൻ ദുഷ്‌കരമാക്കുകയും മറ്റുള്ളവരുടെ പോസിറ്റീവ് എനർജിയെ നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത്തരക്കാരെ എങ്ങനെ തുറന്നമനസ്സോടെ പ്രസന്നമായ ചിന്തകളോടെ കാര്യങ്ങളെ സമീപിക്കുകയും ഫലവത്തായി ചെയ്തുതീർക്കുകയും ചെയ്യാം എന്ന് പറഞ്ഞുതരുന്ന കൃതിയാണിത്. 
പ്രതീക്ഷാനിർഭരമാണ് നമ്മുടെയെല്ലാവരുടേയും ജീവിതം. എന്തൊക്കെ സംഭവിച്ചാലും നല്ലൊരു നാളെയെ ഏറെ പ്രതീക്ഷയോടെയാണ് നാമെല്ലാവരും കാത്തിരിക്കുന്നത്. വാസ്തവത്തിൽ ജീവിതത്തിലെ നിറമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ജീവിത നൗകയെ മുന്നോട്ടുനയിക്കുന്നത് തന്നെ. ഇരുളടഞ്ഞ വഴിക്കപ്പുറവും പ്രത്യാശയുടെ വെള്ളിവെളിച്ചമാണ് ഓരോരുത്തരും കിനാവുകാണുന്നത്. ഇതിന് പോസിറ്റീവ് ചിന്തയും ക്രിയാത്മകമായ മനോഭാവവും അത്യാവശ്യമാണ്.   
ജീവിതത്തിൽ നമുക്കു നേരിടേണ്ടിവരുന്ന പല സാഹചര്യങ്ങളെയും പലപ്പോഴും നമുക്കു മാറ്റാൻ കഴിയണമെന്നില്ല.  എന്നാൽ അവയോടുള്ള നമ്മുടെ സമീപനത്തെയും മനോഭാവത്തെയും മാറ്റുന്നതിലൂടെ ജീവിതം സജീവവും സക്രിയവുമായി മാറ്റുവാൻ നമുക്ക് കഴിയുമെന്ന് നാം തിരിച്ചറിയുക.  ജീവിത സാഹചര്യങ്ങളും സംഭവങ്ങളും വ്യക്തിത്വങ്ങളും നമ്മുടെ ആഗ്രഹപ്രകാരമോ നമ്മുടെ നിയന്ത്രണത്തിലോ ആയിരിക്കണമെന്ന് നമുക്ക്് ഉറപ്പിക്കാനാവില്ല. എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നുവെന്നതും  നമ്മുടെ സമീപനവും മനോഭാവവും എപ്രകാരമായിരിക്കണമെന്നതും നമ്മൾ മാത്രം നിശ്ചയിക്കേണ്ടതാണ്. മനോഭാവത്തെ ശരിയായ രീതിയിൽ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും കഴിവും നമ്മുടെ കരങ്ങളിലാണ്.
'നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണകേന്ദ്രം' എന്നാണ് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനായ നോർമൻ കസിൻസ്  പറയുന്നത്. നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തിൽക്കൂടിയാണ് നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തെ നിങ്ങൾ നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയം വൃത്തിയാക്കി തിളക്കമുള്ളതാക്കിവയ്ക്കുക എന്നാണ് ജോർജ്ജ് ബർണാഡ് ഷാ ഇവ്വിഷയകമായി പറഞ്ഞുവെച്ചത്. 
മോശമായ മനോഭാവം പഞ്ചറായ ടയർ പോലെയാണ്. അത് ജീവിതത്തിന്റെ ഉയരങ്ങളിലെത്തുവാൻ നമ്മെ സഹായിക്കില്ല. നമ്മുടെ മനോഭാവമാണ് നമ്മുടെ ഉയർച്ച നിശ്ചയിക്കുന്നതെന്ന് നാം തിരിച്ചറിയുക. നല്ല ചിന്തകളും അന്വേഷണങ്ങളുമാണ് നമ്മുടെ മനോഭാവത്തെ രൂപപ്പെടുത്തേണ്ടത്. ശുഭാപ്തി വിശ്വാസവും ക്രിയാത്മക ചിന്തകളും മനോഭാവത്തെ ധന്യമാക്കുമ്പോൾ ജീവിത പരിസരങ്ങളിൽ വിജയത്തിളക്കമുണ്ടാകാതിരിക്കാനാവില്ല. 
മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ ജീവിത സാഹചര്യങ്ങളെ നോക്കി കാണുകയും നൻമ പ്രസരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മനഃസ്ഥിതിയിലും വ്യവസ്ഥിതിയിലുമൊക്കെ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടാവുക. നല്ലതു വിതച്ചാൽ തീർച്ചയായും നല്ലത് കൊയ്യാനാകും.  വിജയമന്ത്രങ്ങളെ ശരിയാംവണ്ണം ഉൾക്കൊണ്ട് അവ പ്രയോഗവൽക്കരിക്കുവാനുള്ള ആത്മാർഥ ശ്രമങ്ങളാണ് നമ്മിൽ നിന്നും ലോകം ആഗ്രഹിക്കുന്നത്. അവസരത്തിന്റെ തേട്ടത്തിനനുസരിച്ച് നാം ഉയർന്ന് പ്രവർത്തിക്കുവാൻ തയ്യാറാകുമെങ്കിൽ നാം ജയിക്കാനായ് ജനിച്ചവരാകും. അസാധ്യമായി ഒന്നുമില്ലെന്നും പരിശ്രമങ്ങളിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താനാവുകയുള്ളൂവെന്നുമുള്ള തിരിച്ചറിവാണ് ഏറ്റവും പ്രധാനം.  (തുടരും)


 

Latest News