ഡോലാരെ ഡോലാരെ; ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

മുംബൈ- പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി.  72 കാരിയായ സരോജ് ഖാനെ ജൂണ്‍ 20 നാണ് മുംബൈയിലെ ഗുരുനാനക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സമുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ നടത്തിയ നിര്‍ബന്ധിത കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.

വെള്ളി പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സരോജ് ഖാന്റെ അനന്തരവന്‍ മനീഷ് ജഗ്വാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ സരോജ് ഖാനാണ് ഹിന്ദി സിനിമയിലെ അവിസ്മരണീയമായ പല ഗാനങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ ഒരുക്കിയത്.  സഞ്ജയ് ലീല ബന്‍സാലിയുടെ ദേവ്ദാസ് സിനിമയിലെ ഡോലാരെ ഡോലാരെ,  മാധുരി ദീക്ഷിത് നായികയായ തേസാബിലെ ഏക് ദോ തീന്‍, യെ ഇഷ്‌ക് ഹെ, ചോളി കേ പീച്ചേ ക്യാഹെ, ഹംകെ ആജ് കല്‍ എന്നിയുള്‍പ്പെടെ സരോജ് ഖാന്‍ നൃത്തസംവിധാനം നിര്‍വഹിച്ച രണ്ടായിരത്തിലധികം ഗാനങ്ങളുണ്ട്.  
ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് തുടങ്ങിയ സിനിമകളിലെ നൃത്തസംവിധാനത്തിന് ആയിരുന്നു സരോജ് ഖാന്‍ ദേശീയ പുരസ്‌കാരം നേടിയത്.

 

Latest News