കണ്ണൂർ- കണ്ണൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ഈ മാസം എട്ടിനു നടക്കും. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി.സീനത്തിനെ തെരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗമാണ് ഏകകണ്ഠമായി സീനത്തിനെ തെരഞ്ഞെടുത്തത്.
തുടർച്ചയായി ഒരേ വാർഡിൽനിന്ന് 15 വർഷം കണ്ണൂർ നഗരസഭ കൗൺസിലറായും കോർപറേഷൻ രൂപീകരണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റായ കസാനക്കോട്ടയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്. കണ്ണൂർ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായും, കോർപറേഷൻ നഗരാസൂത്രണ സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരിം ചേലേരി, കെ.എം. ഷാജി എം.എൽ.എ, വി.പി. വമ്പൻ, എസ്. മുഹമ്മദ്, പി.വി. സെനുദ്ദീൻ, ടി.എ. തങ്ങൾ, കെ.വി. മുഹമ്മദാലി, കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ റഹിം തുടങ്ങിയവർ സംബന്ധിച്ചു.






