കാസർകോട് - കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺസമയത്ത് അതിർത്തിയിൽ കർണാടകമൺകൂനകൾ തീർത്ത്പാത അടച്ചതിനെ വിമർശിച്ചവരാണ് നമ്മൾ.എന്നാൽ ഇപ്പോഴിതാ ആ വഴിപിന്തുടർന്ന് കേരളവും അതിർത്തിയിലെ റോഡുകൾ മണ്ണിട്ടടച്ചിരിക്കുന്നു. ഇതിന്റെദുരിതം പേറുന്നത് അതിർത്തിയിലെ ജനങ്ങളും.
കാസർകോട് ജില്ലയിലെ ദേശീയപാതയിൽ തലപ്പാടി ഒഴിച്ച് കാസർകോട് ജില്ല കർണാടകയുമായിപങ്കിടുന്ന അതിർത്തിയിലെ 29 റോഡുകൾ ജില്ലാ ഭരണകൂടത്തിന്റെനിർദേശത്തെ തുടർന്ന് മണ്ണിട്ട് അടച്ചു. മഞ്ചേശ്വരത്ത് 20, ആദൂരിൽ നാല്, ബദിയടുക്കയിൽ മൂന്ന്, രാജപുരത്ത് രണ്ട് റോഡുകളും പോലീസിന്റെ നേതൃത്വത്തിൽ മണ്ണിട്ടടച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്. അതേസമയം, കർണാടകയിൽ നിന്ന് ജില്ലയിലേക്ക് വരുന്നവർആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മിഞ്ചപദവ്, ഈശ്വരമംഗല തുടങ്ങിയ പ്രദേശങ്ങളിലൂടെ അനധികൃതമായി അതിർത്തി കടന്നുവരുന്നതായിശ്രദ്ധയിൽപെട്ടതിനാൽ അതിർത്തി പ്രദേശങ്ങളിൽ കർശന പോലീസ് നീരീക്ഷണം ഏർപ്പെടുത്താൻ ജില്ലാതല കോവിഡ്കോർ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ആളുകൾ പാസില്ലാതെ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഈ നടപടിയെന്നാണ് പോലീസ് പറയുന്നത്.
അതിർത്തിയിൽ രോഗവ്യാപനമോ, കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത സംഭവമോ ഇല്ലെന്ന്ഗ്രാമവാസികൾ പറയുന്നു. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് പാസ് ഉപയോഗിച്ച് ഇരു ഭാഗങ്ങളിലേക്ക് പോകാൻ സംവിധാനമുണ്ടെന്നാണ് അധികൃതർ പറയുന്നത്. വാഹനങ്ങൾ പോകുന്നത് പാസ് ഉപയോഗിച്ചായിരിക്കണം. തലപ്പാടി വഴി മാത്രമാണ്ജില്ലയിലേക്ക് പ്രവേശനം. നാട്ടുകാർക്ക് നടന്നു പോകുന്നതിന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും കലക്ടർ പറയുന്നു. ദക്ഷിണ കന്നഡയിൽ വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് റോഡ് യാത്രകൾ നിയന്ത്രിക്കുന്നത്. കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ കേരളത്തിലും പ്രത്യേകിച്ച് അതിർത്തി ജില്ലയായ കാസർകോട്ടും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചപ്പോൾ കർണാടകം റോഡ് മണ്ണിട്ടച്ചതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കാസർകോട്ടേക്ക് തലപ്പാടി ചെക്പോസ്റ്റ് വഴി കടന്നുവരാൻ മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂ. പലരും മറ്റ് അതിർത്തി റോഡുകളിലൂടെ അനധികൃതമായി കടന്നുവരുന്നുണ്ട്. ഇത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പോലീസ് നിരീക്ഷണം ബലപ്പെടുത്തും.
ഫോറസ്റ്റ് വകുപ്പിലെ ഓഫീസർമാരെജാൽസൂർ, തലപ്പാടി, പാണത്തൂർ അതിർത്തികളിൽ പോലീസുകാരുടെ കൂടെഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബു പറഞ്ഞു. കേരളം പ്രത്യേകമായി അതിർത്തിയിലെ റോഡ് അടച്ചിട്ടില്ല. കർണാടക അടച്ച സ്ഥലത്ത് നിലവിലുള്ള മൺകൂനയാണ് അതിർത്തിയിലുള്ളത്. അവിടെ മണ്ണിട്ട് അടച്ചിട്ടുണ്ട്. അറിയപ്പെടാത്തധാരാളം ആളുകൾ ജില്ലയിലേക്ക് പ്രവേശിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനാൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് -കാസർകോട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.