തെരുവിൽ അലയുന്ന ജീവികൾക്ക് സംരക്ഷണമൊരുക്കി അബുദാബി

സെൻട്രൽ അബുദാബി പാർക്കിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പിടികൂടുന്ന തദ്‌വീർ പ്രവർത്തകർ. 

അബുദാബി- തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ച, നായ തുടങ്ങിയ ജീവികൾക്ക് സുരക്ഷിത ജീവിതം നൽകാനൊരുങ്ങി അബുദാബി അധികൃതർ. കോവിഡ് 19 നിമിത്തം ജനം വീട്ടിലിരിക്കാൻ നിർബന്ധിതരായതോടെയാണ് തെരുവിൽ അലയുന്ന മൃഗങ്ങളെ വളർത്തു മൃഗങ്ങളാക്കാനുള്ള സംരംഭം ഊർജിതമാക്കിയത്. 
ആദ്യ ഘട്ടമെന്ന നിലയിൽ ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിലായി 40,000 മൃഗങ്ങളെയാണ് അധികൃതർ തെരുവിൽ നിന്നു പിടിച്ചത്. മൃഗങ്ങളെ തെരുവിൽ അലയാൻ വിടാതിരിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. 
നേരത്തേ, 2007 ൽ വെയ്സ്റ്റ് മാനേജ്‌മെന്റ് അതോറിറ്റി (തദ്‌വീർ) യുടെ നേതൃത്വത്തിൽ പൂച്ചകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാൻ ടി.എൻ.ആർ എന്ന പേരിൽ ആഗോളതലത്തിൽ അംഗീകൃതമായ ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. കാട്ടുപൂച്ചകളെ അവയുടെ ആവാസങ്ങളിൽ നിന്ന് കെണിവെച്ച് പിടിച്ച് ഗർഭാശയം നീക്കുകയോ നപുംസകമാക്കുകയോ ചെയ്ത് തിരിച്ച് അവിടേക്കുതന്നെ വിടുകയായിരുന്നു ഈ പദ്ധതിയെന്ന് തദ്‌വീറിലെ പെസ്റ്റ് കൺട്രോൾ വിഭാഗം മേധാവി മുഹമ്മദ് അൽനഖ്ബി പറഞ്ഞു. ഇതുവഴി പൂച്ചകളുടെ വർധനവ് ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. എന്നാൽ ഇത്തരം മൃഗങ്ങൾ മാത്രമല്ല, വലിച്ചെറിയപ്പെട്ട വളർത്തുമൃഗങ്ങൾ അടക്കം തെരുവിന്റെ ആവാസ വ്യവസ്ഥയോട് ചേരാത്ത മൃഗങ്ങളെയും പരിഗണിക്കാനാണ് പുതിയ നീക്കം. അലഞ്ഞുതിരിയുന്ന നായകളെയും പൂച്ചകളെയും പിടിക്കുന്ന രീതി തദ്‌വീർ വളണ്ടിയർമാർ ഒരു സംഘം മാധ്യമപ്രവർത്തകർക്ക് ഖാലിദിയ്യ ഫാമിലി പാർക്കിൽവെച്ച് കാണിച്ചുകൊടുത്തു. പുല്ലുകളും ചെടികൾക്കുമിടയിൽ ഭക്ഷണം അടങ്ങിയ കൂട് സ്ഥാപിക്കും. മൃഗങ്ങൾ ഭക്ഷണം കഴിക്കാൻ കൂട്ടിൽ കയറിയാലുടൻ വാതിൽ താനെ അടയും. മുമ്പ് കൂട്ടിൽ കയറുകയും വന്ധ്യംകരണത്തിന് വിധേയമാക്കിയതിന്റെ അടയാളമായി ചെവിയിൽ വി-ഷെയ്പ്പ് കണ്ടാലുടൻ ഇവയെ വിട്ടയക്കും. അല്ലാത്തപക്ഷം പൂച്ചകളെ എ.സി വാനിലേക്ക് കയറ്റി അബുദാബിയിലെ ഫാൽക്കൺ ആശുപത്രിയിലേക്ക് മാറ്റും. പ്രത്യുൽപാദന ശേഷി ഇല്ലാതാക്കിയതിന് ശേഷം മറ്റു സ്ഥലങ്ങളിൽ പൂച്ചകളുടെ എണ്ണം വർധിക്കാതിരിക്കുന്നതിന് പിടിച്ച സ്ഥലത്തുതന്നെ ഇവയെ തിരിച്ചെത്തിക്കുകയാണ് തദ്‌വീർ പ്രവർത്തകർ ചെയ്യുന്നത്. തുടക്കത്തിൽ ഒരു ദിവസം 70 പൂച്ചകളെവരെ തങ്ങൾക്ക് പിടിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ 15 നും 30 നുമിടയിൽ വിളികളാണ് വരുന്നതെന്ന് അൽനഖ്ബി പറഞ്ഞു. 


ഫാൽക്കൺ ആശുപത്രിയിലെ ഡോ. മാർഗിറ്റ് മുള്ളർ തെരുവിൽനിന്ന് ലഭിച്ച പൂച്ചയുമായി. 

കൂടാതെ, ഫാൽക്കൺ ആശുപത്രിയിൽ എത്തിക്കുന്ന നായക്കോ പൂച്ചക്കോ ഏതെങ്കിലും ചിപ്പുണ്ടെങ്കിൽ യഥാർഥ ഉടമസ്ഥന് കൈമാറുകയാണ് മെഡിക്കൽ സംഘം ചെയ്യുക. ഇപ്രകാരം നിരവധി പേർക്കാണ് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ തിരികെ ലഭിച്ചത്. 2011 മുതൽ അര ലക്ഷത്തിലേറെ മൃഗങ്ങളെ വന്ധ്യംകരണത്തിന് വിധേയമാക്കി അഭയം നൽകിയതായി ഫാൽക്കൺ ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മാർഗിറ്റ് മുള്ളർ സാക്ഷ്യപ്പെടുത്തുന്നു. 
ഇതിനിടെ പൂച്ചകളും നായകളുമായി 5000 ൽഅധികം മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ആശുപത്രിയെ സമീപിച്ച് ജനങ്ങൾ ഏറ്റെടുത്തതായും അവർ പറഞ്ഞു. കോവിഡ് 19 പശ്ചാതലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ മൃഗങ്ങളെ ഏറ്റെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധവുണ്ടായിട്ടുണ്ടെന്നും ഡോ. മുള്ളർ വ്യക്തമാക്കി.

Tags

Latest News