Sorry, you need to enable JavaScript to visit this website.

രണ്ടരക്കോടി ജനങ്ങളെ  ഡിജിറ്റൽ വിദഗ്ധരാക്കുമെന്ന് മൈക്രോസോഫ്റ്റ്

  • സൗജന്യ ഡിജിറ്റൽ പഠനത്തിനായി രണ്ട് കോടി ഡോളർ ഗ്രാന്റ്

 

കോവിഡ് വൈറസ് സൃഷ്ടിച്ച പുതിയ ലോകത്ത് എല്ലാമേഖലകളിലും ഡിജറ്റൽ നൈപുണ്യം അനിവാര്യമായി തീർന്നിരിക്കെ സഹായ വാഗ്ദാനവുമായി സാങ്കേതിക ലോകത്തെ ഭീമൻ മൈക്രോസോഫ്റ്റ്. നേരത്തെ കണക്കുകൂട്ടിയതിനേക്കാളും ഭയപ്പെട്ടിരുന്നതിനേക്കാളും വലിയ തോതിലാണ് കൊറോണ വൈറസ് തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ സാഹചര്യം തീർത്തും ഭയാനകമാണെന്നും യു.എൻ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് ആഗോളതലത്തിൽ  തൊഴിൽ മണിക്കൂറുകൾ 14 ശതമാനം കുറഞ്ഞുവെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) ഏറ്റവും പുതിയ പഠനം. ഇത് 400 ദശലക്ഷം മുഴുവൻ സമയ ജോലികൾക്ക് തുല്യമാണ്.
കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കയാണെന്നും തൊഴിൽ പ്രതിസന്ധി രൂക്ഷമാവുകയാണെന്നും ഐ.എൽ.ഒ മേധാവി ഗൈ റൈഡർ പറഞ്ഞു. ഇതുപോലൊരു സാഹചര്യം ഇതിനുമുമ്പ് അഭിമുഖീകരിച്ചിട്ടില്ലെന്നും വികസ്വര രാജ്യങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

ലോക വ്യാപകമായി രണ്ടരക്കോടി ജനങ്ങൾക്ക് ഡിജിറ്റൽ നൈപുണ്യം നേടാൻ സൗജന്യ സംവിധാനമൊരുക്കുമെന്നും വർഷാവസാനത്തോടെ ഇതു സാധ്യമാക്കുമെന്നും കമ്പനി അറിയിച്ചു. 
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് രണ്ട് കോടി ഡോളർ ഗ്രാന്റായി നൽകുകയാണ് പദ്ധതി. ഡെവലപ്പർമാരുടെ വേദിയായ ഗിറ്റ്ഹബ് വഴിയും കരിയർ അധിഷ്ഠിത സോഷ്യൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ വഴിയും വിഭവങ്ങൾ ലഭ്യമാക്കുമെന്നും യു.എസ് സാങ്കേതിക കമ്പനിയായ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്  ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.
കൊറോണ കാരണം ആഗോള തലത്തിൽതന്നെ സമ്പദ്ഘടനകൾ തകരുകയും തൊഴിലില്ലായ്മ വർധിക്കുകയും ചെയ്യുമ്പോൾ സുരക്ഷിതവും വിജയകരവുമായ സാമ്പത്തിക വീണ്ടെടുപ്പിന് ആവശ്യമായ പ്രധാന ഘടകങ്ങളിലൊന്ന് പുതിയ ജോലികൾക്ക് ആവശ്യമായ ഡിജിറ്റൽ നൈപുണ്യും നേടുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് പറഞ്ഞു. പുതിയ സംരംഭത്തിലൂടെ ഇതിനായുള്ള വഴി തുറക്കുകയാണ്. ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം ബാധിച്ചിരിക്കുന്ന കുറഞ്ഞ വരുമാനമുള്ളവരും സ്ത്രീകളുമടക്കമുള്ളവർ പരിഗണിക്കപ്പെടണം. തൊഴിൽ നഷ്ടം വലിയ ഭീഷണിയായി നേരിടുന്നവർക്ക് ഡിജിറ്റൽ ശേഷയിലേക്ക് മാറാൻ സഹായകമാകുന്ന പരിപാടികളാണ് യഥാർഥത്തിലുള്ള വീണ്ടെടുപ്പിന് അനിവാര്യമായിരിക്കുന്നത്. വർണ വിവേചനം നിലനിൽക്കുന്ന അമേരിക്കയിലെ വിവിധ സമൂഹങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കാണ് പ്രഖ്യാപിച്ച രണ്ടര കോടി ഡോളറിന്റെ നാലിലൊരു ഭാഗം നൽകുക. ഈ സംരംഭം ഞങ്ങളുടെ കമ്പനിയുടെ എല്ലാ ഭാഗങ്ങളേയും യോജിപ്പിക്കുമെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് സ്മിത്ത് പറഞ്ഞു. ഡാറ്റയിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ സമഗ്ര സാങ്കേതിക സംരംഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest News