ദുബായ്- എല്ലാ രാഷ്ട്രങ്ങളില്‍നിന്നുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ ഒരുങ്ങുന്നു. ചൊവ്വാഴ്ച്ച നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ വിര്‍ച്വല്‍ യോഗത്തിലാണ് തൊഴില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. തങ്ങളുടെ നാടുകളില്‍നിന്നാണ് വീട്ടുജോലിക്കാര്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്.
നിലവില്‍, കെനിയയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് പരീക്ഷണമെന്നോണം നിയമം നടപ്പിലാക്കിയത്. മറ്റു വിദേശികള്‍ക്കും ഉടന്‍തന്നെ നിയമം ബാധകമാക്കുമെന്ന് മാനവവിഭവശേഷി മന്ത്രി നാസര്‍ അല്‍ഹംലി അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളില്‍നിന്ന് അക്രമസംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെ കുറിച്ച് കിഫാ അല്‍സാബിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വീട്ടു ജോലിക്കാരുടെ മനോനിലയും സ്വഭാവവും ശ്രദ്ധിക്കുമെന്നും അതിന്നാവശ്യമായ കാര്യങ്ങള്‍ ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 'സ്വഭാവ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് 13 രാഷ്ട്രങ്ങളുമായി നിലവില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ യു.എ.ഇയില്‍ ഇത്തരം കേസുകള്‍ വളരെ കുറവാണെങ്കിലും ആളുകളുടെ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്യേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ, 2014ലും 2018 ലും കുട്ടികളെ അക്രമിച്ചതിനു രണ്ട് ഗാര്‍ഹിക തൊഴിലാളികളെ ഷാര്‍ജയിലെയും അബുദാബിയിലെയും കോടതികള്‍ വധശിക്ഷക്ക് വിധിച്ചിരുന്നു.